ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാനുള്ള അരവിന്ദ് കേജ്‌രിവാളിന്റെ തീരുമാനത്തിനെതിരെ ബിജെപിയും കോൺഗ്രസും രംഗത്ത്.
48 മണിക്കൂറിന് ശേഷം മുഖ്യമന്ത്രി പദം രാജിവക്കാനുള്ള കേജ്‌രിവാളിന്റെ തീരുമാനത്തെയാണ് ഡൽഹിയിലെ ബിജെപി നേതാക്കൾ ചോദ്യം ചെയ്തത്.
കേജ്‌രിവാൾ തേടിയ 48 മണിക്കൂർ സമയം നിഗൂഢമാണെന്നും നിയമസഭയിൽ ഭൂരിപക്ഷമുള്ള ഒരു മുഖ്യമന്ത്രി ഇത്തരത്തിൽ ചെയ്യുന്നത് പരിഹാസ്യമാണെന്നും ബിജെപി എംപി സുധാൻഷു ത്രിവേദി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘‘രാജി പ്രസംഗത്തിന് പിന്നിലെ നിരാശ എന്താണ് എന്ന് വ്യക്തമാക്കണം. പാർട്ടിക്കുള്ളിൽ തന്നെ കേജ്‌രിവാളിനെതിരെ പോരാട്ടം നടക്കുകയാണ്.
കേജ്‌രിവാൾ പറയുന്നതിൽ സത്യമുണ്ടെങ്കിൽ, അദ്ദേഹം മന്ത്രിസഭാ യോഗം വിളിക്കണം. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് നിയമസഭ പിരിച്ചുവിടാൻ ശുപാർശ ചെയ്യണം.’’ – ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ ആവശ്യപ്പെട്ടു.
കേജ്‌രിവാളിന്റെ രാജി പ്രഖ്യാപനത്തെ രാഷ്ട്രീയ സ്റ്റണ്ട് എന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്. മുഖ്യമന്ത്രിയെന്ന നിലയിൽ തനിക്ക് അധികാരമില്ലാത്തതിനാലും സുപ്രീം കോടതിയുടെ വ്യവസ്ഥകൾക്ക് വിധേയനായതിനാലുമാണ് കേജ്‌രിവാൾ രാജിവച്ചതെന്ന് ഡൽഹി പിസിസി അധ്യക്ഷൻ ദേവേന്ദർ യാദവ് പറഞ്ഞു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഒരു സ്വാധീനവും കേജ്‌രിവാള്‍ ഉണ്ടാക്കില്ലെന്നും ജനങ്ങൾ ഇപ്പോൾ ഒരു മാറ്റം ആഗ്രഹിക്കുന്നെന്നും ദേവേന്ദർ യാദവ് പറഞ്ഞു. അതിനിടെ, കേജ്‌രിവാളിന് പകരം ആരെന്ന ചോദ്യവും പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്.
മനീഷ് സിസോദിയയെ മുഖ്യമന്ത്രിയാക്കുന്നതിന് നിയമ തടസം ഉണ്ടെന്നാണ് വിലയിരുത്തൽ. കേജ്‌രിവാളിന്റെ ഭാര്യ സുനിതയെ ആക്കുന്നതിന് ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. മന്ത്രി അതിഷിയെയോ സഞ്ജയ് സിങ്ങിനെയോ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യതയും ചില കേന്ദ്രങ്ങൾ തള്ളിക്കളയുന്നില്ല.
അടുത്ത വർഷം ഫെബ്രുവരി വരെയാണ് നിലവിലെ ഡൽഹി നിയമസഭയുടെ കാലാവധി. 70 അംഗ നിയമസഭയിൽ ആം ആദ്മി പാർട്ടിക്ക് 61 അംഗങ്ങളുടെ പിന്തുണയാണുള്ളത്.
പ്രതിപക്ഷ പാർട്ടിയായ ബിജെപിക്ക് 7 അംഗങ്ങളുമുണ്ട്. നിയമസഭയുടെ കാലാവധി അവസാനിക്കാൻ 6 മാസം ഇല്ലെന്നിരിക്കെ നിലവിലെ നിയമസഭയെ പിരിച്ചുവിടാൻ കേജ്‌രിവാൾ മുതിരില്ലെന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.