ന്യൂഡൽഹി: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വ പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഒളിമ്പിക്സ് ഗുസ്തി താരം വിനേഷ് ഫോഗട്ട്.
ജുലാന മണ്ഡലത്തിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്ന താരം ജിന്ദ് മേഖലയിലാണ് തിരഞ്ഞെടുപ്പ് പ്രചാരണമാരംഭിച്ചത്. രാജ്യംവിടേണ്ടിവരുമെന്ന് കരുതിയപ്പോൾ കരുത്തുതന്നത് പ്രയങ്ക ഗാന്ധിയായിരുന്നുവെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു.
താൻ ഇന്ന് എന്തെങ്കിലുമായിട്ടുണ്ടെങ്കിൽ അത് ഗുസ്തിയിലൂടെയാണ്. കോൺഗ്രസിന് നന്ദി പറയുന്നു. തിരഞ്ഞെടുപ്പിൽ സീറ്റുതന്നതുകൊണ്ടുമാത്രമല്ല, ഞങ്ങൾ തെരുവിലിരുന്നപ്പോൾ പ്രിയങ്ക ഗാന്ധി ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു.
ആ സമയത്ത് രാജ്യംവിടേണ്ടിവരുമെന്നാണ് ഞങ്ങൾ കരുതിയത്. പക്ഷേ തോൽക്കരുത്, ഗുസ്തിയിലൂടെ ഉത്തരം നൽകണമെന്ന് പറഞ്ഞ് ധൈര്യം പകർന്നത് പ്രിയങ്ക ഗാന്ധിയായിരുന്നുവെന്ന് വിനേഷ് പറഞ്ഞു.
ജനങ്ങൾ വളരെ ആവേശത്തിലാണ്. അവർ സ്നേഹവും പിന്തുണയും നൽകുന്നു. അവരുടെ കണ്ണിൽ താൻ ഒരു വിജയിയാണ്. അതിലും വലുതായി മറ്റൊന്നുമില്ല, വിനേഷ് കൂട്ടിചേർത്തു.
കഴിഞ്ഞ ദിവസമാണ് ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപായി ഗുസ്തിതാരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നത്. റെയിൽവേയിൽനിന്ന് രാജിവെച്ചശേഷമാണ് ഇരുവരും കോൺഗ്രസിൽ ചേർന്നത്.
കെ.സി. വേണുഗോപാലാണ് വിനേഷ് ഫോഗട്ടിനേയും ബജ്‌രംഗ് പുനിയയേയും പാർട്ടിയിലേക്ക് സ്വീകരിച്ചത്. എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ വീട്ടിലെത്തി കണ്ട ശേഷമാണ് ഇരുവരും എ.ഐ.സി.സി. ആസ്ഥാനത്തെത്തിയത്.
ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനതിരെ പ്രതിഷേധിച്ച ഗുസ്തി താരങ്ങളോടുള്ള ബി.ജെ.പിയുടെ മനോഭാവത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു വിനേഷ് ഫോഗട്ടിന്റെ കോൺഗ്രസ് പ്രവേശനം.
തങ്ങൾ തെരുവിൽ വലിച്ചിഴയ്ക്കപ്പെട്ടപ്പോൾ ബി.ജെ.പി. ഒഴികെയുള്ള എല്ലാ പാർട്ടികളും പിന്തുണയുമായി എത്തിയെന്നും തങ്ങളുടെ വേദനയും കണ്ണുനീരും മനസിലാക്കാൻ മറ്റുപാർട്ടികൾക്ക് കഴിഞ്ഞുവെന്നും അവർ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.