മലയിൻകീഴ്: കണ്ണശ സ്കൂളിലെ കുട്ടികൾ പെട്ടിയിലിടുന്ന ഒരു രൂപ, ജീവിതം വഴിമുട്ടിയവർക്കു വേണ്ടിയാണ്. ചെറു തുള്ളികൾ ചേർന്നു നന്മയുടെ കടലാകുന്ന മാജിക് പേയാട് കണ്ണശ മിഷൻ ഹൈസ്കൂളിലെ ക്ലാസ് മുറികളിൽ രൂപപ്പെടുന്നു.
കുട്ടികളുടെ നന്മ 1000 രൂപയുടെ പ്രതിമാസ പെൻഷനായി 14 പേരുടെ വീട്ടിലെത്തുന്നു. ഒപ്പം, 2 വയോജന കേന്ദ്രങ്ങൾക്കും ഇവരുടെ കൈത്താങ്ങ് എത്തുന്നു.
സ്വമനസ്സാലെയാണ് വിദ്യാർഥികൾ രൂപ നിക്ഷേപിക്കുന്നത്. പിറന്നാൾ ഉൾപ്പെടെ വിശേഷ ദിനങ്ങളിൽ കഴിയുമെങ്കിൽ അധ്യാപകരുടെ അനുമതിയോടെ കൂടുതൽ തുക നിക്ഷേപിക്കാം. ആകെ 44 പെട്ടികളിൽ വീഴുന്ന തുക കുട്ടികൾ തന്നെ എണ്ണി തിട്ടപ്പെടുത്തും.
വാർധക്യത്തിൽ ഒറ്റപ്പെട്ടവർ, രോഗ ബാധിതരായി കിടപ്പിലായവർ, ദാരിദ്ര്യം അലട്ടുന്നവർ എന്നിങ്ങനെ മലയിൻകീഴ്, വിളപ്പിൽ, വിളവൂർക്കൽ പഞ്ചായത്തുകളിലായി പഞ്ചായത്തംഗങ്ങളുടെ സഹായത്തോടെ കണ്ടെത്തിയ 14 പേരിലേക്കാണ് ഈ തുക പെൻഷനായി എത്തുന്നത്.
കുട്ടികളും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രതിനിധികളും ചേർന്നു വീട്ടിലെത്തി അർഹരാണെന്നു നേരിട്ട് ഉറപ്പാക്കിയവർക്കു മാത്രമേ പെൻഷൻ നൽകുന്നുള്ളൂ.
എല്ലാ മാസവും 5 നു മുൻപ് സ്കൂളിൽ നിന്നു നേരിട്ട് തുക ഇവർക്ക് എത്തിച്ചു നൽകും. കിടപ്പു രോഗികൾക്കു ബന്ധുക്കൾ മുഖേന തുക നൽകും.
8 വർഷം മുൻപാണ് ‘നന്മ’ എന്ന പേരിൽ പദ്ധതി തുടങ്ങിയത്. തുടക്കത്തിൽ ഇരുപതോളം പേർക്ക് 500 രൂപ വീതമാണ് നൽകിയിരുന്നത്.
ചിലർ മരിച്ചതോടെ നിലവിലുള്ളവർക്ക് തുക വർധിപ്പിച്ചു നൽകുകയായിരുന്നു. സ്കൂളിൽ ആകെ 1507 വിദ്യാർഥികളുണ്ട്.
കോവിഡ് കാലത്തും ഈ നന്മ തുടരാൻ മാനേജ്മെന്റ് ശ്രദ്ധിച്ചിരുന്നു. ചില മാസങ്ങളിൽ തുക തികയാതെ വന്നാൽ മാനേജ്മെന്റ് സഹായിക്കും.
"മറ്റുള്ളവരുടെ സങ്കടം തന്റേതു കൂടിയെന്ന് കരുതുന്ന തലമുറയെ വാർത്തെടുക്കുകയെന്ന വലിയ ലക്ഷ്യമാണ് ‘നന്മ’ പദ്ധതി തുടങ്ങാൻ പ്രേരണയായത് ".
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.