ആലപ്പുഴ: ചേർത്തലയിൽ പള്ളിപ്പുറം സ്വദേശിനിയുടെ കാണാതായ നവജാത ശിശുവിനെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നതായി പൊലീസ്.
സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പള്ളിപ്പുറം സ്വദേശിനിയുടെ കുഞ്ഞിനെ കാണാനില്ലെന്ന് ആശാ വർക്കറാണ് ചേർത്തല പൊലീസിൽ പരാതിപ്പെട്ടത്.
ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിനെ പ്രസവിച്ച യുവതി, ശനിയാഴ്ച കുഞ്ഞുമായി വീട്ടിലേക്കു പോയിരുന്നു. ആശാ പ്രവർത്തകർ വീട്ടിൽ ചെന്നപ്പോഴാണു കുഞ്ഞിനെ കാണാനില്ലെന്നു പുറത്തറിഞ്ഞത്.
ചോദിച്ചപ്പോൾ തൃപ്പൂണിത്തുറയിലെ മക്കളില്ലാത്ത ദമ്പതികൾക്കു നൽകിയെന്നായിരുന്നു യുവതിയുടെ മറുപടി. പിന്നീട് ആശാപ്രവർത്തകർ അറിയിച്ചതു പ്രകാരം പൊലീസ് കേസെടുത്തു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കൊലപ്പെടുത്തിയെന്ന നിഗമനത്തിൽ എത്തിയത്. കുട്ടിയെ കൊന്ന് കുഴിച്ചുമൂടിയതായി യുവതി പൊലീസിന് മൊഴി നൽകിയയെന്നാണ് സൂചന.
യുവതിയുടെ സുഹൃത്തിനെ കുറിച്ചുള്ള വിവരവും പൊലീസിന് ലഭിക്കുന്നത് യുവതിയിൽ നിന്നാണ്. പല്ലുവേലി സ്കൂളിന് സമീപത്തുള്ള സുഹൃത്തിന്റെ വീടിനടുത്തായി കുഞ്ഞിനെ കുഴിച്ചുമൂടിയതായാണ് വിവരം.
കഴിഞ്ഞ മാസം 25ന് ആണു യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 26നു ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. 30നു ഡിസ്ചാർജ് ചെയ്തെങ്കിലും പണമില്ലാത്തതിനാൽ അന്നു പോയില്ല. പിന്നീട് 31നാണ് ആശുപത്രി വിട്ടത്.
യുവതി പ്രസവത്തിനായി ആശുപത്രിയിൽ കഴിഞ്ഞപ്പോൾ ഭർത്താവ് അവിടെ പോയിരുന്നില്ലെന്നും പരിചരിക്കാൻ മറ്റൊരാളെയാണ് നിർത്തിയിരുന്നതെന്നും വിവരമുണ്ട്.
യുവതിക്കു മറ്റു രണ്ടു മക്കളുണ്ട്. ഒരു കുട്ടിയെക്കൂടി വളർത്താനുള്ള സാമ്പത്തിക ശേഷിയില്ലെന്നു യുവതി പറഞ്ഞതായി ആശാപ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.