കൊച്ചി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ പ്രതികരണവുമായി അതിജീവിത.
‘ജീവിതം ഒരു ബൂമറാങ് ആണ്. നിങ്ങൾ എന്താണോ ചെയ്യുന്നത് അത് നിങ്ങൾക്ക് തിരിച്ചു കിട്ടും’ എന്നാണ് സിദ്ദിഖിനെതിരെ പരാതി നൽകിയ അതിജീവിത ഫെയ്സ്ബുക്കിൽ കുറിച്ചത്. സിദ്ദിഖിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് പ്രതികരണം.
രഹസ്യ വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിലൂടെ പുറത്തുവന്നതിൽ അതൃപ്തിയുണ്ടെന്നും ഡിജിറ്റൽ തെളിവുകളടക്കം നശിപ്പിക്കാൻ ശ്രമമുണ്ടെന്നും അവർ പ്രതികരിച്ചു. സാക്ഷികളെ സ്വാധീനിക്കാനും ശ്രമം നടക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെ അറസ്റ്റ് ചെയ്യാൻ കൊച്ചി പൊലീസിന് ക്രൈംബ്രാഞ്ച് മേധാവി നിർദേശം നൽകി. സുപ്രീം കോടതിയുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.
സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. ഇതോടെ തിരച്ചിൽ ഊർജിതമാക്കി. കൊച്ചിയിലെ രണ്ടു വീട്ടിലും സിദ്ദിഖ് ഇല്ലെന്നാണ് വിവരം. സിദ്ദിഖ് താമസിക്കാൻ ഇടയുള്ള ബന്ധുവീടുകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് തിരച്ചിൽ തുടരുകയാണ്. നടന്റെ മൊബൈൽ ഫോണുകളും സ്വിച്ച് ഓഫാണ്.
സിദ്ദിഖിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. 2016ൽ പീഡിപ്പിച്ചതായാണ് യുവനടി വെളിപ്പെടുത്തിയത്. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകൾ അനുസരിച്ചാണ് കേസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.