തിരുവനന്തപുരം: രണ്ടാഴ്ചയോളം തുടർന്ന മൗനവ്രതം അവസാനിപ്പിച്ച് മാധ്യമങ്ങൾക്കു മുന്നിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, നിലമ്പൂർ എം.എൽ.എ. പി.വി. അൻവർ തുറന്നുവിട്ട ആരോപണങ്ങളെ 40 മിനിട്ടു കൊണ്ടു കുഴിവെട്ടി മൂടുന്ന കാഴ്ചയാണ് ശനിയാഴ്ച തിരുവനന്തപുരത്ത് കണ്ടത്.
അൻവറിന്റെ ആരോപണങ്ങൾ ലക്ഷ്യം വെക്കുന്ന എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനും തന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കും അദ്ദേഹം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
സ്വർണക്കടത്തു കേസുകളിൽ പോലീസിന്റെ നടപടി ശരിവെക്കുന്ന കണക്കുകൾ ഉദ്ധരിച്ച് പോലീസിന്റെ മനോവീര്യം കെടുത്തി കള്ളക്കടത്തിനെതിരായി നടപടികൾ അവസാനിപ്പിക്കുന്ന പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
സ്വർണക്കടത്തിലും ഹവാല പണമിടപാടുകളിലും പോലീസ് ഇടപെടരുതെന്ന് ആഗ്രഹിക്കുന്നവരാണ് അൻവറിനു പിന്നിലെന്ന സംശയം ഉണർത്തുന്നതായി മുഖ്യമന്ത്രിയുടെ വാക്കുകൾ.
കരിപ്പുര്‍ വിമാനത്താവളം കേന്ദ്രീകരിച്ചുളള സ്വർണക്കടത്തും മലബാറിലെ ഹവാലാപണമിടപാടുകളും പോലീസ് കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ പിടികൂടിയതിന്റെ കണക്കുകൾ മുഖ്യമന്ത്രി മാധ്യമപ്രവർത്തകർക്കു മുന്നിൽവെച്ചു.
സ്വർണവും ഹവാലാപണവും പിടിച്ചതിൽ ഭൂരിഭാഗവും മലപ്പുറത്തു നിന്നായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പിടിച്ചെടുക്കുന്ന സ്വർണത്തിൽ ഒരു ഭാഗം പോലീസ് തട്ടിയെടുക്കുന്നതായുള്ള ആരോപണത്തെ അദ്ദേഹം ഖണ്ഡിച്ചു.
വസ്ത്രത്തിലും മറ്റും പൂശിയ നിലയിൽ കൊണ്ടുവരുന്ന സ്വർണം വേർതിരിച്ചെടുക്കുമ്പോൾ സ്വാഭാവികമായും തൂക്കം കുറയും.
ഈ വേർതിരിക്കൽ നടക്കുന്നത് രഹസ്യമായല്ല, നിയമപ്രകാരം ചുമതലപ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ വച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആർ.എസ്.എസ് നേതാക്കളുമായി മൂന്നു തവണ കൂടിക്കാഴ്ച നടത്തിയ അജിത് കുമാറിനെ മാറ്റി നിർത്തി അന്വേഷിക്കണമെന്ന് പ്രതിപക്ഷവും സി.പി.ഐ അടക്കമുള്ള ഘടകകക്ഷികളും ആവശ്യപ്പെടുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ആരോപണങ്ങളുടെ മേൽ ആർക്കെതിരെയും നടപടി എടുക്കാനാവില്ല, അന്വേഷണ റിപ്പോർട്ടു വന്ന ശേഷം യുക്തമായ തീരുമാനം കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
'ഒരു തരത്തിലുള്ള രാഷ്ട്രീയ ചർച്ചകൾക്കും ഒരു പോലീസുദ്യോഗസ്ഥനെയും നിയോഗിക്കുന്ന പതിവ് ഞങ്ങൾക്കില്ല.
ഏതെങ്കിലും ഉദ്യോഗസ്ഥൻ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെയോ സംഘടനാ നേതാവിനെയോ കണ്ടിട്ടുണ്ടെങ്കിൽ, അത് ഔദ്യോഗികകൃത്യ നിർവ്വഹണത്തെ ബാധിക്കുന്ന തരത്തിലുള്ള കൂടിക്കാഴ്ചയാണെങ്കിൽ നിയമത്തിനും ചട്ടങ്ങൾക്കും അനുസൃതമായ നടപടി ഉണ്ടാകും. അത് അന്വേഷണറിപ്പോർട്ട് വന്നശേഷം ഉണ്ടാകേണ്ട തീരുമാനമാണ്.'
തന്റെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരായി അൻവർ ഉയർത്തിയ ആരോപണങ്ങളെ അദ്ദേഹം പുച്ഛിച്ചുതള്ളി. 'പി.ശശി, സി.പി.എം സംസ്ഥാന സമിതി അംഗമാണ്, പാർട്ടി നിയോഗിച്ചത് പ്രകാരമാണ് തന്റെ ഓഫീസില്‍ പ്രവർത്തിക്കുന്നത്.
മാതൃകാപരമായ പ്രവർത്തനമാണ് അദ്ദേഹം നടത്തുന്നത്. ഒരു തരത്തിലുള്ള തെറ്റായ കാര്യവും അദ്ദേഹത്തിന്റെ പക്കൽ ഇല്ല. ആരു പറഞ്ഞാലും അതെല്ലാം അവജ്ഞയോടെ തള്ളിക്കളയും. ഒരു പരിശോധനയും അക്കാര്യത്തിൽ ആവശ്യമില്ല,' മുഖ്യമന്ത്രി പറഞ്ഞു.
മുൻ മലപ്പുറം എസ്.പി സുജിത്ദാസിനെതിരെ നടപടിയെടുക്കാനിടയായ സാഹചര്യം അദ്ദേഹം വിവരിച്ചു. സാധാരണ നിലയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ സംസാരിക്കാൻ പാടില്ലാത്ത നിലയിൽ സംസാരിച്ചതിനാണ് നടപടി.
തുടർന്ന് ഒരു ജനപ്രതിനിധി തന്നോട് ആരെങ്കിലും സംസാരിക്കുന്നത് റെക്കോഡ് ചെയ്യുന്നതിലെ അനൗചിത്യം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അൻവറിന്റെ പരസ്യപ്രതികരണങ്ങളിലെ ശരികേടും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദ്യ ദിവസം വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെ അൻവറിനെ ബന്ധപ്പെടാൻ മൂന്നു ദിവസവും ശ്രമിച്ചെങ്കിലും അദ്ദേഹം മാധ്യമങ്ങളെയാണ് കണ്ടത്.
ഇടതുപക്ഷ എം.എൽ.എ. എന്ന നിലയിൽ പരാതിയുണ്ടെങ്കിൽ അത് പാർട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയിൽ പെടുത്തുകയായിരുന്നു പി.വി. അൻവർ ചെയ്യേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു.
അൻവറിന് ഇടതുപക്ഷ പശ്ചാത്തലമില്ല. കോൺഗ്രസിൽ നിന്നും വന്നയാളാണെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു.
അൻവർ പരസ്യ പ്രതികരണം തുടർന്നാൽ മറുപടി പറയാൻ നിർബന്ധിതമാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അൻവറിനെതിരെ ഗവർണർ ഉന്നയിച്ച ഫോൺ ചോർത്തൽ ആരോപണവും അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയകാര്യങ്ങൾക്ക് പോലീസുദ്യോഗസ്ഥരെ ഇടനിലക്കാരാക്കേണ്ട ആവശ്യം തങ്ങൾക്കില്ലെന്നു വ്യക്തമാക്കിയ പിണറായി, വെങ്ങാനൂർ ബാലകൃഷ്ണന്റെ പുസ്തകത്തിൽ മുൻ പോലീസ് മേധാവി ജയറാം പടിക്കൽ കുപ്രസിദ്ധമായ കോ-ലീ-ബി സഖ്യത്തിന് ഇടനിലയും കാർമികത്വവും വഹിച്ചത് താൻ തന്നെയാണെന്ന് വെളിപ്പെടുത്തിയ കാര്യം പ്രതിപക്ഷനേതാവ് വി.ഡി.സതീശനെ ഓർമിപ്പിച്ചു.
ഈ പുസ്തകവും അതിലെ വെളിപ്പെടുത്തലും പച്ചയായ സത്യമായി മുന്നിലുളളപ്പോൾ പ്രതിപക്ഷനേതാവ് തന്റെ പാർട്ടിക്കും അതിന്റെ പഴയ നേതാവിനും ചേരുന്ന തൊപ്പി തന്റെ തലയിൽ ചാർത്താൻ നോക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.
ശനിയാഴ്ച മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനു തൊട്ടുമുമ്പായി മാധ്യമപ്രവർത്തകരെ കണ്ട അൻവർ, അജിത് കുമാറിനെതിരെ കൂടുതൽ ആരോപണങ്ങളുയർത്തിയിരുന്നു.
അൻവറിന്റെ ആരോപണങ്ങളെ ഒറ്റയടിക്ക് നിർവീര്യമാക്കുക മാത്രമല്ല, അവയുടെ ഉദ്ദേശ്യശുദ്ധിയെ സംശയത്തിന്റെ നിഴലിലാക്കുകയും ചെയ്തിരിക്കുകയാണ് മുഖ്യമന്ത്രി.
ഇടതുപക്ഷ എം.എൽ.എ എന്ന നിലയ്ക്ക് പാലിക്കേണ്ട അച്ചടക്കം പാലിച്ചില്ലെന്നും അദ്ദേഹം തുറന്നടിച്ചിരിക്കുന്നു. ആ നിലയ്ക്ക് അൻവർ ഇടതുമുന്നണിയിൽ ഇനി എത്ര കാലം എന്ന ചോദ്യം ഉയരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.