ചണ്ഡിഗഡ്: ഹരിയാനയിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പാക്കിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കുന്നുവെന്നു ബിജെപി നേതാവ് അമിത് ഷാ. പ്രീണന രാഷ്ട്രീയം കൊണ്ട് കോൺഗ്രസ് അന്ധരായെന്നും ബാദ്ഷാപൂരിൽ നടന്ന റാലിയിൽ അദ്ദേഹം പറഞ്ഞു.
‘‘ഞാൻ ഹരിയാനയിൽ ഒരു പുതിയ പ്രവണത കാണുന്നു. കോൺഗ്രസ് വേദികളിൽ പാക്കിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യങ്ങൾ ഉയരുന്നു. ‘പാക്കിസ്ഥാൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിക്കുമ്പോൾ രാഹുൽ ഗാന്ധി എന്തിനാണ് മിണ്ടാതിരുന്നത് എന്നാണ് ഞാൻ അദ്ദേഹത്തോട് ചോദിക്കുന്നത്.
കശ്മീർ നമ്മുടേതാണോ അല്ലയോ? ആർട്ടിക്കിൾ 370 നീക്കം ചെയ്യണമോ വേണ്ടയോ? ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുമെന്ന് കോൺഗ്രസും രാഹുൽ ബാബയും പറയുന്നു. രാഹുൽ ഗാന്ധിയുടെ മൂന്ന് തലമുറകൾക്ക് പോലും ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ കഴിയില്ല. ഹരിയാനയിലെ യുവാക്കൾ കശ്മീരിനെ സംരക്ഷിക്കാൻ ഒരുപാട് ത്യാഗങ്ങൾ ചെയ്തു. അത് വെറുതെയാകില്ല’’ – അമിത് ഷാ പറഞ്ഞു.
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ വഖഫ് ഭേദഗതി ബിൽ സർക്കാർ കൊണ്ടുവരുമെന്നും അമിത് ഷാ പറഞ്ഞു. വഖഫ് ബോർഡ് നിയമം ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ടല്ലേയെന്ന് ചോദിച്ച അദ്ദേഹം ഈ ശീതകാല സമ്മേളനത്തിൽ തങ്ങൾ അത് മെച്ചപ്പെടുത്തി നേരെയാക്കുമെന്നും പറഞ്ഞു. ഒക്ടോബർ 5നാണ് ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. കശ്മീരിലും ഹരിയാനയിലുമായി ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.