സീതാറാം യെയ്യൂരി; വിദ്യാഭ്യാസത്തില്‍ മാത്രമായി ഒതുങ്ങാത്ത മികവ്; പാര്‍ലമെന്റ് കണ്ട ഏറ്റവും മികച്ച പ്രസംഗകരിലൊരാൾ

ന്യൂഡൽഹി: പാര്‍ട്ടിയുടെ വിപുലീകരണമെന്നാല്‍ തിരഞ്ഞെടുപ്പ് വിജയം മാത്രമല്ല. ജനകീയ പ്രശ്‌നങ്ങളും സമരങ്ങളും ഏറ്റെടുത്ത് സാന്നിധ്യം വര്‍ധിപ്പിക്കല്‍ കൂടിയാണെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച നേതാവായിരുന്നു സീതാറാം യെയ്യൂരി. 

സംസ്ഥാനതലത്തില്‍ പ്രധാനപ്പെട്ട പദവികളൊന്നും വഹിക്കാതെ പാര്‍ട്ടിയുടെ സമുന്നത സ്ഥാനത്തേക്കുയര്‍ന്ന നേതാവായിരുന്നു അദ്ദേഹം. മികച്ച പ്രസംഗകന്‍. ഇംഗ്ലീഷ്, ഹിന്ദി, തെലുഗു, തമിഴ്, ബംഗാളി ഭാഷകളില്‍ പ്രാവീണ്യം. 

1974-ല്‍ എസ്.എഫ്.ഐയില്‍ ചേര്‍ന്നു. 1984 മുതല്‍ കേന്ദ്രകമ്മിറ്റിയിലും 1992 മുതല്‍ പൊളിറ്റ്ബ്യൂറോയിലും ഇടം നേടി. 2005-17 കാലത്ത് രാജ്യസഭാംഗമായിരുന്നു. 2015 ഏപ്രില്‍ മുതല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി. പ്രമുഖ മാധ്യമപ്രവര്‍ത്തക സീമ ചിഷ്തിയാണ് പങ്കാളി.

1952 ഓഗസ്ത് 12-ന് ചെന്നൈയിലെ തെലുങ്ക് ബ്രാഹ്‌മണ കുടുംബത്തിലാണ് യെച്ചൂരി ജനിച്ചത്. അച്ഛന്‍ സര്‍വേശ്വാര സോമയാജുലു യെച്ചൂരി സര്‍ക്കാരില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്നു. 

അമ്മ കല്‍പ്പാക്കം യെച്ചൂരി സര്‍ക്കാര്‍ ഉദ്യോഗസ്ഥയും സാമൂഹികപ്രവര്‍ത്തകയുമായിരുന്നു. 1969-ല്‍ പ്രസിഡന്റ് എസ്റ്റേറ്റിലെ സ്‌കൂളില്‍ നിന്നാണ് പത്താം ക്ലാസ് വരെയുള്ള പഠനം പൂര്‍ത്തിയാക്കിയത്. 

പത്താം ക്ലാസ് പഠനത്തിന് ശേഷം ഡല്‍ഹിയിലാണ് തുടര്‍പഠനം നടത്തിയത്. ഹയര്‍ സെക്കണ്ടറിക്ക് പഠിക്കുമ്പോള്‍ സിബിഎസ്ഇ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിക്കൊണ്ടാണ് യെച്ചൂരി തന്റെ അക്കാദമിക മികവ് തെളിയിച്ചത്. 

സ്കൂള്‍ പഠനത്തിന് ശേഷം യെച്ചൂരി ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദമെടുത്തു. ബിരുദാനന്തര ബിരുദത്തിനും ഗവേഷണത്തിനുമായാണ് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ചേര്‍ന്നത്. ഇവിടെവെച്ചാണ് മാര്‍ക്‌സിസത്തില്‍ ആകൃഷ്ടനായത്.

വിദ്യാഭ്യാസത്തില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ മികവ്. അഞ്ച് ഭാഷകളില്‍ അഗാധപാണ്ഡിത്യമുണ്ടായിരുന്ന യെച്ചൂരിക്ക് ആ പ്രാവീണ്യം രാഷ്ട്രീയത്തിലും ഗുണംചെയ്തു. 

വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങളുമായി അവരുടെ ഭാഷയില്‍ സംവദിക്കാന്‍ കഴിഞ്ഞത് യെച്ചൂരി എന്ന നേതാവിന്റെ ജനപ്രീതിയും വര്‍ധിപ്പിച്ചു. പാര്‍ലമെന്റ് കണ്ട ഏറ്റവും മികച്ച പ്രസംഗകരിലൊരാളായിക്കൂടിയാണ് ചരിത്രത്തില്‍ യെച്ചൂരിയുടെ പേര് ഇടം നേടിയിരിക്കുന്നത്.

ഇടതുവിദ്യാര്‍ഥി സംഘടനകള്‍ക്ക് ശക്തമായ വേരോട്ടമുണ്ടായിരുന്ന ജെ.എന്‍.യു. ക്യാംപസ് അടിയന്തരാവസ്ഥക്കാലത്ത് തിളച്ചുമറിഞ്ഞപ്പോള്‍ അദ്ദേഹം തീപ്പൊരി നേതാവായി ഉയരുകയായിരുന്നു. 

അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഡോക്ടറേറ്റ് പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് അറസ്റ്റിലായി. അന്നുമുതല്‍ക്കേ പ്രകാശ് കാരാട്ടുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇതാണ് പാര്‍ട്ടിയിലേക്കടുപ്പിച്ചത്. 

അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977-ല്‍ ആദ്യമായി നടന്ന വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ നേതാവ് ഡി.പി. ത്രിപാഠി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 

അന്ന് യെച്ചൂരിയും ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി നേതാവായിരുന്നു. തൊട്ടടുത്ത വര്‍ഷം അദ്ദേഹം എസ്.എഫ്.ഐ. പ്രസിഡന്റായി. 1878-79 കാലയളവില്‍ നടന്ന മൂന്ന് തിരഞ്ഞെടുപ്പിലും അദ്ദേഹമായിരുന്നു പ്രസിഡന്റ്. 

1978-ല്‍ എസ്.എഫ്.ഐ. അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായി. ഉയര്‍ന്ന വേതനമുള്ള തൊഴിലുകള്‍ ലഭിക്കുമായിരുന്നിട്ടും രാഷ്ട്രീയപാതയിലാണ് യെച്ചൂരി ഉറച്ചുനിന്നത്.

പാര്‍ട്ടി ആസ്ഥാനം കൊല്‍ക്കത്തയില്‍നിന്ന് ഡല്‍ഹിയിലേക്ക് മാറ്റിയപ്പോള്‍ യെച്ചൂരി അന്ന് പാര്‍ട്ടിയില്‍ പ്രബലനായ ബി.ടി. രണദിവെയുടെ സഹായിയായി. യെച്ചൂരിയിലെ നേതാവിനെ കണ്ടെത്തിയതും വളര്‍ത്തിയതും ബസവ പുന്നയ്യയായിരുന്നു. 

കാരാട്ടിനൊപ്പം യെച്ചൂരിയെയും സി.പി.എം. കേന്ദ്രനേതൃത്വത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് ഇ.എം.എസ് ആയിരുന്നു. 1984-ല്‍ കേന്ദ്രകമ്മിറ്റിയിലെ ക്ഷണിതാവായി. 1985-ലെ 12-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കാരാട്ടിനും എസ്. രാമചന്ദ്രന്‍ പിള്ളയ്ക്കുമൊപ്പം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 

അന്ന് 34 വയസ്സായിരുന്നു യെച്ചൂരിയുടെ പ്രായം. പിന്നീട് 88-ല്‍ പി.ബിക്ക് തൊട്ടുതാഴെ പുതുതായി അഞ്ചംഗ കേന്ദ്ര സെക്രട്ടേറിയറ്റ് രൂപവത്കരിക്കപ്പെട്ടപ്പോള്‍ അതിലൊരാളായി.

ബി.ടി.ആറിന്റെ വിശ്വസ്തനായിരുന്ന യെച്ചൂരി പിന്നീട് അന്നത്തെ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ വലംകൈയായി. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം പാര്‍ട്ടി ഏറെ പ്രതിസന്ധി നേരിട്ട കാലത്ത് പഠനരേഖകള്‍ തയ്യാറാക്കാനും പാര്‍ട്ടി വിദ്യാഭ്യാസത്തിനുമൊക്കെ സുര്‍ജിത്തിനെ കൈമെയ് മറന്നു സഹായിക്കാന്‍ യെച്ചൂരിയുണ്ടായിരുന്നു. 

കോണ്‍ഗ്രസിനും ബി.ജെ.പിക്കും ബദലായി വി.പി. സിങ് സര്‍ക്കാരും ദേവഗൗഡ, ഗുജ്‌റാള്‍ സര്‍ക്കാരുകളുമൊക്കെ യാഥാര്‍ഥ്യമാക്കിയത് സുര്‍ജിത്തിന്റെ പ്രായോഗികബുദ്ധിയായിരുന്നു. സുര്‍ജിത്തിന്റെ മരണശേഷം യു.പി.എ.-ഇടതു ബന്ധത്തിലെ പ്രധാനകണ്ണിയായി യെച്ചൂരി പ്രവര്‍ത്തിച്ചു.

1992-ലാണ് പൊളിറ്റ്ബ്യൂറോയിലേക്കെത്തിയത്. അന്നും പോളിറ്റ് ബ്യൂറോയിലെ 'ചെറിയ കുട്ടി'യായിരുന്നു നാല്‍പതുകാരനായ സീതാറാം യെച്ചൂരി. യെച്ചൂരിയോടൊപ്പം കേന്ദ്ര സെക്രട്ടേറിയറ്റിലെത്തിയ എം.എ. ബേബി പിന്നേയും ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പി.ബിയിലെത്തിയത്. 

ദേശീയരാഷ്ടീയത്തില്‍ പാര്‍ട്ടിയുടെ ഏറ്റവും ശക്തനായ വക്താവാണ് യെച്ചൂരി. 1998-ല്‍ ജ്യോതിബസുവിന് പ്രധാനമന്ത്രിയാവാനുള്ള അവസരം നഷ്ടപ്പെടുത്തിയതിന് സി.പി.എം. ഏറെ പഴികേട്ടു. 

ഇതിനുപിന്നില്‍ കാരാട്ടിന്റേയും യെച്ചൂരിയുടെയും സൈദ്ധാന്തികവാശിയായിരുന്നു. സുര്‍ജിത്തിനുശേഷം കാരാട്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി. പാര്‍ട്ടിയുടെ ശോഭനമായ ഭാവിക്ക് കാരാട്ടിന്റെ നേതൃത്വം ഗുണകരമാവുമെന്ന് അന്ന് നിലപാടെടുത്ത യെച്ചൂരി പിന്നീട് അദ്ദേഹത്തിന്റെ വിമര്‍ശകനായി.

വിശാഖപട്ടണത്ത് 2015-ല്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് സി.പി.എമ്മിന്റെ അഞ്ചാമത് ജനറല്‍ സെക്രട്ടറിയായി യെച്ചൂരി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. പൊളിറ്റ്ബ്യൂറോയില്‍ അദ്ദേഹത്തിന് ഭൂരിപക്ഷമില്ലായിരുന്നു. 

എന്നാല്‍, കേന്ദ്രകമ്മിറ്റിയിലെ സ്വാധീനത്തിലൂടെ അദ്ദേഹം ഇത് മറികടന്നു. 2018-ല്‍ ഹൈദരാബാദില്‍ നടന്ന കോണ്‍ഗ്രസില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2022 ഏപ്രിലില്‍ കണ്ണൂരില്‍ നടന്ന സമ്മേളനത്തിലാണ് തുടര്‍ച്ചയായ മൂന്നാം തവണ യെച്ചൂരി തിരഞ്ഞെടുക്കപ്പെട്ടത്.

യെച്ചൂരി പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കെത്തുന്നതില്‍ കേരളഘടകത്തിന് ശക്തമായ എതിര്‍പ്പുകളുണ്ടായിരുന്നു. വിദ്യാര്‍ഥി നേതാവായിരിക്കേയാണ് യെച്ചൂരിക്കെതിരേ കേരളത്തിന്റെ ആദ്യപടനീക്കം നടന്നത്. 

സി.പി. ജോണിനെ ഭാരവാഹിയാക്കാനുള്ള കേരളത്തിന്റെ സമ്മര്‍ദ്ദം അതിജീവിച്ചാണ് യെച്ചൂരി എന്‍.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റാവുന്നത്. പിന്നീട്, പിണറായി വിജയനും വി.എസും തമ്മിലുള്ള ഏറ്റുമുട്ടല്‍ ദേശീയ നേതൃത്വത്തിലും ചേരിതിരിവുകളിലേക്ക് നയിച്ചു. 

വി.എസ്സിനെ സംരക്ഷിച്ച് യെച്ചൂരി നിലയുറപ്പിച്ചത് അദ്ദേഹത്തെ കേരള നേതൃത്വത്തിന്റെ ശത്രുവാക്കി. ബംഗാള്‍ ചേരി എതിരായതോടെ കാരാട്ടിന് കേരളത്തിന്റെ പിന്തുണ തേടേണ്ടിവന്നു. 

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് യെച്ചൂരിയെത്തുന്നത് തടയുന്നതില്‍ കേരളഘടകം ഒറ്റക്കെട്ടായി നില്‍ക്കുന്നതുവരെ കാര്യങ്ങളെത്തി. ചര്‍ച്ചകളിലും യെച്ചൂരിയുടെയും കാരാട്ടിന്റെയും വടംവലി പ്രകടമായി. 

നയമല്ല, നടപ്പാക്കിയതിലാണ് പിഴവെന്ന് വാദിച്ച് വിജയിക്കാന്‍ യെച്ചൂരിക്കായത് പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ മേല്‍ക്കൈ പ്രകടമാക്കി. യെച്ചൂരിയെ നേതൃസ്ഥാനത്ത് തുടരുന്നതില്‍ ഇത് ഏറെ സഹായിച്ചു.

കര്‍ഷകസമരങ്ങളില്‍ പങ്കെടുത്ത് സ്വാധീനം ചെലുത്താന്‍ കഴിഞ്ഞതും കേരളത്തില്‍ എല്‍.ഡി.എഫിനുണ്ടായ തിരഞ്ഞെടുപ്പ് വിജയവും യെച്ചൂരിയുടെ പ്രതിച്ഛായ വര്‍ധിപ്പിച്ചു. 

അതിനിടെ ബംഗാളിലും ത്രിപുരയിലും പാര്‍ട്ടി വലിയ തിരിച്ചടികള്‍ നേരിട്ടെങ്കിലും അപ്പോഴേക്കും നേതൃസ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത സ്ഥിതിയിലേക്ക് യെച്ചൂരി വളര്‍ന്നിരുന്നു.

പാര്‍ട്ടിക്കുള്ളിലും പുറത്തും പലപ്പോഴും ഒരു മധ്യസ്ഥന്റെ കുപ്പായം കൂടി അണിയേണ്ടിവന്നിട്ടുണ്ട് അദ്ദേഹത്തിന്. നേപ്പാളില്‍ മാവോയിസ്റ്റുകളെ ജനാധിപത്യത്തിന്റെ പാതയിലേക്ക് നയിക്കുന്നതിന് മധ്യസ്ഥന്‍ എന്ന നിലയില്‍ യെച്ചൂരി നടത്തിയ ഇടപെടലുകള്‍ വലിയ പ്രശംസയ്ക്കിടയാക്കിയിരുന്നു. 

യു.പി.എ. സര്‍ക്കാര്‍ ഭരണത്തിലെ അഴിമതികളില്‍ പലതും പാര്‍ലമെന്റില്‍ ഉയര്‍ത്തിയതും അന്ന് രാജ്യസഭാംഗമായിരുന്ന യെച്ചൂരിയാണ്. ഒന്നാം യു.പി.എ. സര്‍ക്കാരും ഇടതുപക്ഷവുമായുള്ള ബന്ധത്തിലെ പ്രധാനകണ്ണിയായി പ്രവര്‍ത്തിച്ചതും അദ്ദേഹം തന്നെ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !