കാക്കനാട്: പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് തുടങ്ങിയിട്ട് ഒരു മാസം തികഞ്ഞപ്പോൾ വിജയ ശതമാനത്തിൽ വലിയ കുറവ്. കഴിഞ്ഞ മാസം ഒന്നിനാണ് ഡ്രൈവിങ് ടെസ്റ്റിൽ പുതിയ നിബന്ധനകൾ നിലവിൽ വന്നത്.
അതുവരെ 50–70 ശതമാനമായിരുന്നു വിജയം. ഇപ്പോൾ വിജയ ശതമാനം 35–50 ആയി കുറഞ്ഞു. ഇരുചക്ര വാഹന ഡ്രൈവിങ് ടെസ്റ്റിൽ നിന്ന് എം80 വാഹനങ്ങളെ ഒഴിവാക്കിയതാണ് പുതിയ പരിഷ്കാരങ്ങളിൽ ശ്രദ്ധേയമായത്.
ഇതോടെ ആദ്യ ദിനങ്ങളിൽ ഇരുചക്ര വാഹന ഡ്രൈവിങ് ടെസ്റ്റിനെത്തുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു. പിന്നീട് ഇത് സാധാരണ നിലയിലായെങ്കിലും വിജയ ശതമാനത്തിൽ ഇടിവുണ്ടായി.
കൈ കൊണ്ടു ഗിയർ മാറ്റാവുന്ന എം80ക്കു പകരം കാലു കൊണ്ടു ഗിയർ മാറ്റാവുന്ന ബൈക്കുകളിലേക്ക് മാറിയതാണ് ആദ്യ നാളുകളിൽ പരീക്ഷാർഥികളെ പിന്നോട്ട് വലിച്ചത്.
എം80യിൽ പരിശീലനം നേടിയവർ പിന്നീടു ബൈക്കുകളിലും പരിശീലനം നേടിയാണ് ഡ്രൈവിങ് ടെസ്റ്റിനെത്തുന്നത്. ‘8’ ‘എച്ച്’ ടെസ്റ്റുകളിലേതിനേക്കാൾ പരീക്ഷാർഥികൾ തോൽക്കുന്നതു റോഡ് ടെസ്റ്റിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പരീക്ഷയും നിരീക്ഷണവും കർശനമാക്കിയതോടെ റോഡു നിയമങ്ങൾ പാലിക്കുന്നതിൽ ചെറിയ ന്യൂനത കണ്ടാൽ പോലും ഡ്രൈവിങ് ടെസ്റ്റിൽ പരാജയപ്പെടും. കാൽകൊണ്ടു ഗിയർ മാറ്റുന്ന ബൈക്കുകളിൽ ടെസ്റ്റിനെത്തുന്ന പെൺകുട്ടികൾ മികവു പുലർത്തുന്നുണ്ട്.
സ്ലോട്ട് അനുവദിക്കുന്നത് പ്രതിദിനം 120 പേർക്ക് ഡ്രൈവിങ് ടെസ്റ്റിന് ദിവസവും 120 പേർക്ക് സ്ലോട്ട് അനുവദിക്കുന്നുണ്ടെങ്കിലും നിലവിൽ ഒക്ടോബർ, നവംബർ മാസങ്ങളിലാണ് തീയതി കിട്ടുന്നത്.
40 പേരെ വീതം ടെസ്റ്റിനു വിധേയമാക്കാൻ 3 എംവിഐ ടീമുകളെയാണ് നിയോഗിച്ചിരിക്കുന്നത്. സമീപ ദിവസങ്ങളിൽ അടിയന്തരമായി ഡ്രൈവിങ് ടെസ്റ്റ് തീയതി ആവശ്യമുള്ളവർക്ക് ആർടിഒ പ്രത്യേകാനുമതി നൽകുന്നുണ്ട്.
ലേണേഴ്സ് ലൈസൻസിന്റെ കാലാവധി കഴിയാൻ ദിവസങ്ങൾ മാത്രമുള്ളവർ, വിദേശത്തേക്ക് പോകാൻ തയാറെടുക്കുന്നവർ (വീസയും വിമാന ടിക്കറ്റും ഹാജരാക്കണം) തുടങ്ങിയവർക്കാണ് തീയതിയിൽ ഇളവു നൽകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.