തൃശൂർ: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിൽ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന എഡിജിപി എം.ആർ.അജിത്കുമാറിന്റെ റിപ്പോർട്ടിനെ വിമർശിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായിരുന്ന വി.എസ്.സുനിൽകുമാറും കെ.മുരളീധരനും രംഗത്ത്.
പൂരം കലക്കലിൽ ഗൂഢാലോചനയുണ്ടെന്ന് സിപിഐ നേതാവ് വി.എസ്.സുനിൽകുമാർ ആവർത്തിച്ചു. ബാഹ്യ ഇടപെടൽ ഇല്ലെന്ന റിപ്പോർട്ട് അംഗീകരിക്കാനാകില്ല.
കമ്മിഷണർ ഒരാൾ വിചാരിച്ചാൽ മാത്രം പൂരം കലക്കാനാകില്ല. അവിടെ ഒരു ഐപിഎസുകാരൻ മാത്രമല്ലല്ലോ ഉണ്ടായിരുന്നത്.
പൂരം അലങ്കോലമായതിൽ ബന്ധപ്പെട്ട ആളുകൾക്ക് കൈകഴുകാനാകില്ലെന്നു അദ്ദേഹം പറഞ്ഞു.
അജിത്കുമാറിന്റെ റിപ്പോർട്ട് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ പറഞ്ഞു. അജിത്കുമാറിന്റെ റിപ്പോർട്ടിൽ വിശ്വാസമില്ലെന്ന് പറഞ്ഞ മുരളീധരൻ, പൂരം കലക്കലുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം വേണമെന്ന കാര്യത്തിൽ ഉറച്ചുനിൽക്കുന്നതായി അറിയിച്ചു.
പൂരം കലക്കലിന്റെ ഗുണഭോക്താക്കൾ ബിജെപിയാണ്. ബിജെപി നേതാക്കളും ജയിച്ച അവരുടെ എംപിയും ആവശ്യപ്പെടുന്നത് ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ്. സിപിഐ സ്ഥാനാർഥിയായിരുന്ന വി.എസ്. സുനിൽകുമാർ പറഞ്ഞതും ഈ റിപ്പോർട്ട് അംഗീകരിക്കാനാകില്ലെന്നാണ്.
മൂന്നു പ്രധാനപ്പെട്ട കക്ഷികളും ഒരേ ആവശ്യത്തിൽ ഉറച്ചു നിൽക്കുമ്പോൾ മുഖ്യമന്ത്രിക്ക് വാശിയെന്തിനാണ്? ഇക്കാര്യത്തിൽ ഞങ്ങൾക്ക് സംശയമുണ്ട്. പൂരം കലങ്ങിയതോടെയാണ് അതുവരെയുണ്ടായിരുന്ന രാഷ്ട്രീയ ചിത്രം മാറിയത്.
അജിത്കുമാർ ഒരു വർഷം മുൻപ് ആർഎസ്എസുമായി നടത്തിയത് എങ്ങനെ ബിജെപിയെയും സിപിഎമ്മിനെയും സഹായിക്കാം എന്ന ചർച്ചയായിരിക്കും. അന്ന് പൂരം അജൻഡയിൽ ഉണ്ടായിക്കാണില്ല.
പൂരത്തിന്റെ സമയത്ത് തിരഞ്ഞെടുപ്പ് ക്ലൈമാക്സ് ആണ്. പൂരം കലക്കിയാൽ അതിന്റെ പ്രയോജനം തൃശൂർ കിട്ടും. തിരുവനന്തപുരത്ത് പൊങ്കാല കഴിഞ്ഞിരുന്നു. അല്ലെങ്കിൽ അതും കലക്കിയേനെ. സംശയം ദുരീകരിക്കണമെങ്കിൽ ജുഡീഷ്യൽ അന്വേഷണം വേണം.’’ മുരളീധരൻ പറഞ്ഞു.
എഡിജിപി സമർപ്പിച്ച റിപ്പോർട്ടിനകത്ത് പാളിച്ച ഉണ്ടായിട്ടുണ്ടെങ്കിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ഇക്കാര്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം തൃശൂർ വോട്ട് മറിച്ചത് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് റിയാസ് ആരോപിച്ചു.
‘‘തൃശൂർ തിരഞ്ഞെടുപ്പിനെ ബന്ധപ്പെടുത്തിയിട്ടാണ് പൂരം വിഷയം അവതരിപ്പിക്കുന്നത്. തൃശൂർ തിരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞത് ആർക്കാണ്? വോട്ടെണ്ണലിന് ശേഷം ഗുസ്തിമത്സരം നടന്നത് ഏതു പാർട്ടിയുടെ ജില്ലാ ഓഫിസിലാണ്. കോൺഗ്രസിന്റെ ഓഫിസലല്ലേ?
തിരഞ്ഞെടുപ്പിന് ശേഷം അന്വേഷണ കമ്മിഷനെ വച്ചത് ഏതു പാർട്ടിയാണ്. അത് പുറത്തുവരാത്തത് എന്തുകൊണ്ടാണ്? ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്ന് അനുഭവമുള്ള കെപിസിസി പ്രസിഡന്റ് അറിഞ്ഞുകൊണ്ടാണ് വോട്ടുമറിക്കൽ.
അതിന്റെ ഭാഗമായി റിപ്പോർട്ട് പൂഴ്ത്തി വച്ചതാണോ അത് ചർച്ച ചെയ്യണം. തൃശൂർ സീറ്റിൽ ബിജെപിയെ വിജയിപ്പിച്ച, നിഷ്കളങ്കരായ കോൺഗ്രസ് പ്രവർത്തകരെ വഞ്ചിച്ച കോൺഗ്രസിന്റെ നേതാക്കന്മാർ ആരൊക്കെയാണെന്ന് തുറന്ന് ചർച്ച ചെയ്യണം.’’– റിയാസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.