ആഗ്ര: താജ്മഹലിന്റെ പ്രധാന താഴികക്കുടത്തിന്റെ മാര്‍ബിള്‍ ഭിത്തിയില്‍ ചെടി വളരുന്നതായി കണ്ടെത്തി.
ഒരു വിനോദസഞ്ചാരി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ചെടി വളരുന്നത് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ആഗ്രയിലുണ്ടായ കനത്ത മഴയില്‍ ഈ താഴികക്കുടത്തില്‍ ചോര്‍ച്ചയുണ്ടായിരുന്നു.
താഴികക്കുടത്തിന്റെ വടക്കുഭാഗത്തെ ചുവരിലാണ് ചെടി വളരുന്നതായി കണ്ടെത്തിയിരിക്കുന്നത്.
ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്.
താജ്മഹലിന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വളരെ അലസമായാണ് നടക്കുന്നതെന്ന് സഞ്ചാരികളും ടൂര്‍ ഓപ്പറേറ്റര്‍മാരും ആരോപിച്ചു.
താജ്മഹലിന്റെ പരിപാലനത്തിനായി വര്‍ഷം നാല് കോടിയോളം രൂപയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ചെലവഴിക്കുന്നത്.
എന്നിട്ടും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് താജ്മഹലിന്റെ സമ്പൂര്‍ണ നാശത്തിന് കാരണമാവുമെന്നാണ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ അഭിപ്രായം.
ലോകമഹാത്ഭുതങ്ങളിലൊന്നായ ഈ വെണ്ണക്കല്‍ നിര്‍മ്മിതിയുടെ ഇത്തരത്തിലുള്ള ചത്രങ്ങള്‍ പ്രചരിക്കുന്നത് രാജ്യത്തിന് അപമാനമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
മിനാരത്തിന് മുകളില്‍ വളരുന്ന ചെടികള്‍ കൃത്യമായി നീക്കാറുണ്ടെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വിശദീകരണം.
ഈ വീഡിയോയില്‍ കാണുന്ന ചെടി കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായതാണ്. ഇതും നീക്കം ചെയ്യുമെന്നും താജ്മഹലിന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി തന്നെ നടക്കുന്നുണ്ടെന്നും എ.എസ്.ഐ വ്യക്തമാക്കി.
നേരത്തെ മൂന്ന് ദിവസമായി ആഗ്രയില്‍ പെയ്ത കനത്ത മഴയിലാണ് പ്രധാന താഴികക്കുടത്തില്‍ ചോര്‍ച്ചയുണ്ടായത്.
തുടര്‍ന്ന് ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തിയെന്നും അപകടകരമായ സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
മഴയെത്തുടര്‍ന്ന് താജ്മഹലിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്ന വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ലോകമഹാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍, യമുനാ നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്.
ന്യൂഡല്‍ഹിയില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ ദൂരത്താണിത്. ഭാര്യ മുംതാസ് മഹലിന്റെ സ്മരണയ്ക്ക് ഷാജഹാന് ചക്രവര്‍ത്തിയാണ് താജ്മഹല്‍ പണികഴിപ്പിച്ചത്.
വെണ്ണക്കല്ലില്‍ കൊത്തിയെടുത്ത ഈ മഹാദ്ഭുതം മുഗള്‍ വാസ്തുവിദ്യയുടെ ശ്രേഷ്ഠ മാതൃകയായി കരുതപ്പെടുന്നു. 1983ല്‍ താജ്മഹല്‍ യുനെസ്കോ പൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഇടംനേടി.
1631ലാണ് താജ്മഹലിന്റെയും സമീപത്തുള്ള സ്മാരകങ്ങളുടെയും നിര്‍മാണം തുടങ്ങിയത്. ആയിരക്കണക്കിന് കലാകാരന്മാരും ശില്‍പ്പികളും ചേര്‍ന്ന് 22 വര്‍ഷമെടുത്താണ് പണി പൂര്‍ത്തിയാക്കിയത്. അന്ന് 3.2 കോടിയാണതിനു വേണ്ടി ചക്രവര്‍ത്തി ചെലവിട്ടത്.
പേഴ്സ്യന്‍, തുര്‍ക്കിക്ക്, സാരസന്‍, യൂറോപ്പ്യന്‍, രാജപുത് ശൈലികളുടെ സമഞ്ജസമായ സമ്മേളനമാണ് താജ്മഹലിനെ വേറിട്ടതാക്കുന്നത്.
കേവലമായ ഒരു ശവകുടീരത്തില്‍ നിന്ന് കാലാതിവര്‍ത്തിയായ പ്രണയകുടീരമായി ആ വെണ്ണക്കല്‍ സൗധം മാറിയതും അതുകൊണ്ടു തന്നെ.
ഉസ്താദ് അഹമ്മദ് ലാഹോറി, ഉസ്താദ് ഈസ എന്നിവരാണ് താജ്മഹലിന്റെ മുഖ്യ ശില്പികളായി വിലയിരുത്തപ്പെടുന്നത്.
കുംഭഗോപുരത്തിന്റെ താഴെയാണ് മുംതാസ് മഹലിന്റെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിട്ടുള്ളത്. തൊട്ടടുത്തു തന്നെ ഷാജഹാന്റെ കബറിടവുമുണ്ട്.
തലമുറകളെ വിസ്മയിപ്പിച്ചുകൊണ്ട് നിലകൊള്ളുന്ന താജ്മഹല്‍ ഇപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ വകുപ്പിന് കീഴിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.