വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്ത് കഴിഞ്ഞ ദിവസം എത്തിയ എംഎസ്‌സി ഡെയ്‌ല ഇന്നു ശ്രീലങ്കയിലേക്ക് മടങ്ങും. രണ്ടായിരത്തിലേറെ കണ്ടെയ്നറുകൾ ഇവിടെ ഇറക്കിയാണ് കപ്പൽ മടങ്ങുന്നത്.
ഫീഡർ കപ്പൽ എംഎസ്‌സി അഡു–5 പിന്നാലെ ബെർത്തിലേക്ക് എത്തും. വെള്ളിയാഴ്ച വൈകിട്ടോടെയാണ് എംഎസ്‌സി ഡെയ്‌ല എത്തിയത്.
8 സെമി ഓട്ടമാറ്റിക് ഷിപ് ടു ഷോർ ക്രെയിനുകളിൽ 5 എണ്ണമാണ് കപ്പലിൽ നിന്നു കണ്ടെയ്നറുകൾ ട്രെയിലറുകളിലേക്ക് ഇറക്കുന്ന ജോലി നിർവഹിക്കുന്നത്. ശേഷിച്ച 3 എണ്ണവും ട്രയൽ റൺ നടത്തുന്നുണ്ട്.
ട്രെയിലറുകളിൽ നിന്നു യാർഡ് ക്രെയിനുകൾ കണ്ടെയ്നറുകളെ യഥാസ്ഥാനങ്ങളിൽ സജ്ജീകരിക്കും. ഇന്നു ബെർത്തിലേക്ക് എത്തുന്ന എംഎസ്‌സി അഡു–5 എംഎസ്‌സി ഡെയ്‌ലയെക്കാൾ ചെറുതാണ്.
294 മീറ്റർ നീളവും 32 മീറ്റർ വീതിയുമുണ്ട്. ഇതിനു പിന്നാലെ നാളെ എംഎസ്‌സി ഓറിയോൺ എന്ന ഭീമൻ കണ്ടെയ്നർ വിഴിഞ്ഞത്ത് അടുക്കും.
തുടർന്ന് 8ന് എംഎസ്‌സി അഡലെ എന്ന കപ്പലും കണ്ടെയ്നറുമായി രാജ്യാന്തര തുറമുഖത്ത് എത്തുന്നു. ചുരുക്കത്തിൽ സെപ്റ്റംബർ–ഒക്ടോബർ മാസങ്ങളിൽ വിഴിഞ്ഞത്തേക്ക് ചെറുതും വലുതുമായി പത്തോളം കപ്പലുകൾ എത്തുമെന്നാണ് വിവരം.
രാജ്യാന്തര തുറമുഖത്തെ ട്രയൽ റൺ പ്രവർത്തനങ്ങളും പുരോഗതിയും വിലയിരുത്താൻ മന്ത്രി വി.എൻ.വാസവൻ എത്തി. തുറമുഖ അധികൃതരുമായി ആശയ വിനിമയം നടത്തി. തുടർന്ന് കപ്പലിൽ നിന്നുള്ള ചരക്കു നീക്കം വീക്ഷിച്ചു.
തുറമുഖത്തിന്റെ ഇതുവരെയുള്ള പ്രവർത്തനം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും ഒന്നാംഘട്ട പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്കു കടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.