ഡല്‍ഹി: ഇസ്രായേലിലെ ഗോലാൻ കുന്നില്‍ യുഎൻ ഡിസംഗേജ്‌മെൻ്റ് ഒബ്സർവർ ഫോഴ്‌സില്‍ (യുഎൻഡിഒഎഫ്) സേവനമനുഷ്ഠിക്കുന്നതിനിടെ അപകടത്തില്‍ തലയ്‌ക്ക് പരിക്കേറ്റ ഇന്ത്യൻ സൈനികനെ ഇന്ത്യൻ പ്രതിരോധ വിഭാഗം ഒഴിപ്പിച്ചു.
ഹവില്‍ദാർ സുരേഷ് ആറിനെയാണ് സൈനിക വിമാനത്തില്‍ ടെല്‍ അവീവില്‍ നിന്ന് കൂടുതല്‍ ചികിത്സയ്‌ക്കായി ദല്‍ഹിയിലെ ആർമി റിസർച്ച് ആൻഡ് റഫറല്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നത്.ഇസ്രായേലും ലെബനനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. സെപ്തംബർ 20-ന് ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തില്‍ സൈനികന് ഗുരുതരമായ പരിക്കുകള്‍ സംഭവിക്കുകയും ഇസ്രായേലിലെ യുഎൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
എന്നാല്‍ അദ്ദേഹത്തിന്റെ അവസ്ഥയ്‌ക്ക് കൂടുതല്‍ ചികിത്സ ആവശ്യമായതിനാല്‍ സുരേഷിനെ ഇന്ത്യയിലേക്ക് മാറ്റാൻ തീരുമാനിച്ചതെന്ന് സൈന്യം എക്സ് അക്കൗണ്ടില്‍ പറഞ്ഞു. കരസേന, ഇന്ത്യൻ വ്യോമസേന, ഇൻ്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് (ഐഡിഎസ്), സൈനിക കാര്യ വകുപ്പ് (ഡിഎംഎ) എന്നിവർ സൈനികനെ ഒഴിപ്പിക്കുന്നതില്‍ പങ്കാളികളായി.
ഹവില്‍ദാർ സുരേഷിനെ ഒഴിപ്പിച്ചതില്‍ പങ്കെടുത്ത എല്ലാവരെയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. യുഎൻഡിഒഎഫ് എന്നത് ഇസ്രയേലിനും സിറിയയ്‌ക്കും ഇടയില്‍ വെടിനിർത്തല്‍ കരാർ നിലനിർത്താനും ഇരു രാജ്യങ്ങളിലെയും സൈനികർ തമ്മിലുള്ള യുദ്ധസമാനമായ സാഹചര്യം വേർപെടുത്തുന്നതിന് മേല്‍നോട്ടം വഹിക്കാനും നിയോഗിക്കപ്പെട്ട ഒരു സമാധാന സേനയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.