പാട്ന: അടുത്ത വർഷം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാർട്ടി അധികാരത്തിലേറുകയാണെങ്കില്‍ സംസ്ഥാനത്തെ സമ്പൂർണ മദ്യനിരോധനം എടുത്തുകളയുമെന്ന് ജൻ സുരാജ് കണ്‍വീനർ പ്രശാന്ത് കിഷോർ.
മഹാത്മഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിന് തന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാർട്ടി പിറവിയെടുക്കുമെന്നും പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചിട്ടുണ്ട്.നിലവില്‍ ബിഹാറിലുള്ള മദ്യനിരോധനം തികച്ചും വ്യാജമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം ഹോം ഡെലിവറിയായി യഥേഷ്ടം മദ്യം ലഭ്യമാകുന്നുണ്ടെന്നും ആരോപിച്ചു. പുർണിയയില്‍ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻകൂടിയായ പ്രശാന്ത് കിഷോർ.
സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയതിനെത്തുടർന്ന് സംസ്ഥാനത്തിന് ഓരോ വർഷവും 20,000 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
സംസ്ഥാനത്തിന് ലഭിക്കേണ്ട ഈ പണം അനധികൃത മദ്യവില്‍പ്പനയിലൂടെ നേതാക്കന്മാരിലേക്കും ഉദ്യോഗസ്ഥരിലേക്കും മദ്യമാഫിയകളിലേക്കും പോകുന്നതായും അദ്ദേഹം ആരോപിച്ചു.
മദ്യനിരോധനം എടുത്തുകളയുമെന്ന നിലപാട് സ്ത്രീവോട്ടർമാരുടെ എതിർപ്പിനിടയാക്കില്ലേ എന്ന ചോദ്യത്തിന് പ്രശാന്ത് കിഷോറിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'എനിക്ക് സ്ത്രീകളുടെ വോട്ട് ലഭിച്ചാലും ഇല്ലെങ്കിലും, ഞാൻ മദ്യനിരോധനത്തിനെതിരെ സംസാരിക്കുന്നത് തുടരും. കാരണം ഇത് ബിഹാറിന്റെ താല്‍പ്പര്യത്തിന് യോജിച്ചതല്ല'.
സ്ത്രീകളുടെ കനത്ത പ്രതിഷേധത്തെത്തുടർന്ന് ബിഹാറില്‍ 2016 ഏപ്രിലിലാണ് സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയത്. 2015-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാർ മദ്യനിരോധനം ഏർപ്പെടുത്തുമെന്ന വാഗ്ദാനം നല്‍കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.