ധാക്ക: മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്കെതിരെ കൊലപാതകമടക്കം 155 കേസുകളെടുത്ത് ബംഗ്ലാദേശ് പൊലീസ്. കൊലപാതകത്തിന് മാത്രം 136 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കെലാപാതക ശ്രമം, വംശഹത്യ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയും നിരവധി കേസുകളെടുത്തിട്ടുണ്ട്. ബംഗ്ലാദേശില്‍ ഉയർന്നുവന്ന സർക്കാർ വിരുദ്ധ കലാപങ്ങളെ തുടർന്ന് ആഗസ്റ്റ് 5 ന് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു.സർക്കാർ വിരുദ്ധ പ്രതിഷേധത്തിനിടെ ആഗസ്റ്റ് നാലിന് ദിനാജ്പൂരില്‍ വിദ്യാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഷെയ്ഖ് ഹസീന ഉള്‍പ്പെടെ 59 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ദിനാജ്പൂരിലെ രാജ്ബതി പ്രദേശത്ത് താമസിക്കുന്ന ഫാഹിം ഫൈസല്‍ (22) ആഗസ്റ്റ് നാലിന് നടന്ന പ്രതിഷേധ പ്രകടനത്തിടെ വെടിയേറ്റ് പരിക്കേറ്റുവെന്ന് കാണിച്ച് കോട്വാലി പൊലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ച കേസ് ഫയല്‍ ചെയ്തതായി ദ ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു.
ഇതോടെ ഹസീനക്കെതിരെ ബംഗ്ലാദേശിലെടുത്ത കൊലപാതകക്കേസുകളുടെ എണ്ണം 136 ആയി. ദിനാജ്പൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിയാണ് ഫാഹിം ഫൈസല്‍.
ഹസീനക്ക് പുറമെ മുൻ വിപ്പ് ഇക്ബാലുർ റഹീം, ഇംദാദ് സർക്കാർ, ജൂബോ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അൻവർ ഹുസൈൻ എന്നിവരുള്‍പ്പടെ 58 പേരാണ് കേസിലെ പ്രതികള്‍.
ഹസീനക്കെതിരെയുള്ള 155 കേസുകളില്‍ ഏഴെണ്ണം വംശഹത്യാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. തട്ടിക്കൊണ്ടുപോകല്‍- 3, കൊലപാതക ശ്രമം- 8 എന്നിങ്ങനെയാണ് മറ്റ് കേസുകളുടെ എണ്ണം.
ഹസീനയെ ബംഗ്ലാദേശിലേക്ക് തിരികെയെത്തിക്കുകയും പൊതുമധ്യത്തില്‍ വെച്ച് വിചാരണ നടത്തുകയും വേണമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
മുൻ പ്രധാനമന്ത്രിക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ രജിസ്ററർ ചെയ്ത സാഹചര്യത്തില്‍ എത്രയും വേഗം അവരെ ബംഗ്ലാദേശിന് കൈമാറാൻ ഇന്ത്യയോട് ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ടുകള്‍.
ബംഗ്ലാദേശില്‍ നിന്ന് നാടുവിട്ട് ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടിയ മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന നടത്തുന്ന രാഷ്ട്രീയ പരാമർശങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ബംഗ്ലാദേശ് ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസ് നേരത്തെ പറഞ്ഞിരുന്നു.
ഇന്ത്യയില്‍ ഇരുന്നുകൊണ്ട് ഹസീന നടത്തുന്ന പ്രസ്താവനകളെ തുടർന്ന് ബംഗ്ലാദേശില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ഹസീനയ്ക്ക് അഭയം നല്‍കിയതിനു ശേഷം ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിലും മെല്ലെപോക്കാണെന്നും യൂനുസ് ആരോപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.