കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍ജി കര് മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സിവില്‍ വോളന്റിയര്‍ സഞ്ജയ് റോയിയുടെ പോളിഗ്രാഫ് പരിശോധനയിലെ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് സിബിഐ.
പോളിഗ്രാഫ് പരിശോധനയ്ക്കിടെ നല്കിയ മൊഴികളെക്കുറിച്ച് സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചുമെഡിക്കല് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷുമായുള്ള പരിചയം സംബന്ധിച്ച മൊഴിയിലാണ് ഒരു വൈരുധ്യമുള്ളത്. ചോദ്യം ചെയ്യലിലും പോളിഗ്രാഫ് ടെസ്റ്റിലും, മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ വ്യക്തിപരമായ പരിചയമില്ലെന്നും, കോളജിലെ ഒരു പരിപാടിക്കിടെ കണ്ടിട്ടുണ്ടെന്നുമാണ് പ്രതി സഞ്ജയ് റോയ് മൊഴി നല്‍കിയിരുന്നത്.
എന്നാല്‍ ഇവര്‍ തമ്മില്‍ നേരിട്ടുള്ള സംഭാഷണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചത്.മെഡിക്കല്‍ കോളജ് ആശുപത്രിക്കുള്ളില്‍ എവിടെയും എപ്പോള്‍ വേണമെങ്കിലും പോകാനുള്ള സ്വാതന്ത്ര്യം സഞ്ജയ് റോയിക്ക് ഉണ്ടായിരുന്നു.
ഇതിന്റെ ഒരു കാരണം പ്രിന്‍സിപ്പലായിരുന്ന സന്ദീപ് ഘോഷില്‍ നിന്ന് സഞ്ജയ് റോയിക്ക് ലഭിച്ച രക്ഷാകര്‍ത്താവിന് സമാനമായ പിന്തുണയാണെന്ന്, കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിധേയരായ ചില ആശുപത്രി ജീവനക്കാര്‍ സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്.
കൊല്‍ക്കത്ത പൊലീസിലെ ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറുമായിട്ടുള്ള പ്രതി സഞ്ജയ് റോയിയുടെ അടുത്ത ബന്ധമാണ് അന്വേഷണ ഏജന്‍സി സംശയിക്കുന്നത്. സിവില്‍ വോളണ്ടിയറായ തനിക്ക് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറുമായി ഒരു പ്രൊഫഷണല്‍ ബന്ധം മാത്രമാണ് ഉള്ളതെന്നാണ് ചോദ്യം ചെയ്യലിലും പോളിഗ്രാഫ് പരിശോധനയിലും പ്രതി പറഞ്ഞത്.
എന്നാല്‍ റോയ് താമസിച്ചിരുന്ന നോര്‍ത്ത് കൊല്‍ക്കത്തയിലെ സിറ്റി പൊലീസിന്റെ ബാരക്കിലെ ചിലര്‍ നല്കിയ മൊഴികള്‍ ഈ വാദം തള്ളുന്നതാണന്നാണ് റിപ്പോര്‍ട്ട്
ഈ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറുടെ രാഷ്ട്രീയ സ്വാധീനം മൂലമാണ് സഞ്ജയ് റോയിക്ക് പൊലീസ് ബാരക്കില്‍ തങ്ങാന്‍ അവസരം ലഭിച്ചതെന്നാണ് സൂചന.
സാധാരണ താഴ്ന്ന റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ പാര്‍പ്പിക്കാന്‍ മാത്രമുള്ള പൊലീസ് ബാരക്കുകളില്‍ കരാര്‍ സിവില്‍ വോളണ്ടിയര്‍മാരെ താമസിക്കാന്‍ അനുവദിക്കാറില്ല.
കൂടാതെ പ്രതി സഞ്ജയ് റോയിക്ക് സ്വാധീനമുള്ള മറ്റേതെങ്കിലും ഉന്നതരുടെ പിന്തുണ ലഭിച്ചിട്ടുണ്ടോയെന്നും സിബിഐ അന്വേഷിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.