അങ്ങകലെ മലയാളത്തിൻ്റെ സ്നേഹ സ്പർശം: കുട്ടികള്‍ക്ക് സ്‌കൂള്‍ മുതല്‍ കിണറും കുളങ്ങളും വരെ, ആഫ്രിക്കയെ സ്‌നേഹത്തില്‍ കീഴടക്കി യുവദമ്പതികള്‍

മലാവി: പ്രകടമാവാത്ത സ്‌നേഹം നിരർത്ഥകവും പിശുക്കന്റെ കൈയിലെ നാണയശേഖരം പോലെ ഉപയോഗശൂന്യവും ആണെന്നാണ് വിവേകികള്‍ പറഞ്ഞിരിക്കുന്നത്.
സഹജീവികളോടുള്ള സ്‌നേഹവും കരുണയും മനസില്‍ കൊണ്ടുനടക്കാതെ അതിന് പ്രവൃത്തിയിലൂടെ നിരവധി രൂപങ്ങള്‍ നല്‍കിയിരിക്കുകയാണ് മലപ്പുറം നിലമ്പൂർ പോത്തുകല്‍ സ്വദേശിയായ അരുണും ഭാര്യ സുമിയും.'


മലാവിയിലെ പ്രവർത്തനങ്ങളുടെ തുടക്കം

2023 ഫെബ്രുവരി 19. തെക്കു 2023 കിഴക്കൻ ആഫ്രിക്കയിലെ മലാവിയെന്ന കൊച്ചുരാജ്യം. അവിടത്തെ ഉൾഗ്രാമമാണ് ചിസാസില. നിർമിതബുദ്ധിയുടെ കാലത്തുപോലും പട്ടിണിയും ദുരിതവും മാത്രം നിറഞ്ഞ നാട്. മഴ മാറിനിന്ന ആ പകലിൽ അവിടത്തെ സ്കൂൾ മുറ്റം ആഘോഷത്തിമിർപ്പിലാണ്. ഏറെക്കാലമായി ആ നാട് ആഗ്രഹിച്ച പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് അന്ന് കെട്ടിടത്തിന് നൽകിയ പേര് 'കേരള ബ്ലോക്ക്'. അതെ, മലയാളിയായ അരുൺ സി. അശോകനും ഭാര്യ സുമി സുബ്രഹ്മണ്യനും സുഹൃത്തുക്കളും ചേർന്ന് പണിതുയർത്തിയ കെട്ടിടം.

ചോർന്നൊലിക്കാത്ത തങ്ങളുടെ പുതിയ സ്കൂളിനകത്തെ മൃഗങ്ങളുടെയും കാർട്ടൂൺ കഥാപാത്രങ്ങളുടെയും ചിത്രങ്ങൾ കണ്ട് കുട്ടികൾ തുള്ളിച്ചാടി. പുതുവസ്ത്രം ധരിച്ചെത്തിയ അവർ പുതുമണം മാറാത്ത പുസ്തകങ്ങളിലൂടെ വിരലോടിച്ചു. ഇത്രയും കാലം ചളിപുരണ്ട മണ്ണിലിരുന്ന അവർ പുതുപുത്തൻ ബെഞ്ചിലായി. ഉച്ചത്തിൽ പാട്ടുപാടി കുട്ടികൾ തനത് ശൈലിയിൽ നൃത്തം ചവിട്ടി.

തെക്കുകിഴക്കൻ ആഫ്രിക്കയില്‍ നാലുവശവും കരയാല്‍ ചുറ്റപ്പെട്ട രാജ്യമായ മലാവിയില്‍ അവിടുത്തെ ജനതയ്‌ക്ക് പ്രതീക്ഷയും സന്തോഷവും നല്‍കിയ യുവദമ്പതികളാണ് അരുണും സുമിയും. മൂന്ന് വർഷങ്ങള്‍ക്ക് മുൻപ് അരുണ്‍ മലാവിയില്‍ ഒരു കമ്പിനിയില്‍ ജോലി നോക്കവെ വഴിയിലൊരു ഗ്രാമത്തില്‍ കണ്ട കാഴ്‌ചയാണ് എല്ലാ പ്രവർത്തനങ്ങള്‍ക്കും തുടക്കമിട്ടത്.

തുടക്കം

2019ലെ മറ്റൊരു ഫെബ്രുവരി. അന്നാണ് മലപ്പുറം ജില്ലയിലെ പോത്തുകൽ ആനക്കൽ സ്വദേശിയായ അരുൺ മലാവിയിലെ ട്രേഡിങ് കമ്പനിയിൽ ജോലി തേടിയെത്തുന്നത്. അദ്ദേഹത്തിന്റെ സഹോദരൻ നേരത്തെ തന്നെ ഇവിടെയുണ്ട്. കൂടാതെ അമ്മാവനും കുടുംബവും 15 വർഷമായി മലാവിയിലാണ്. ഇവരാണ് അരുണിനെ മലയാളികൾക്ക് അത്ര സുപരിചിതമല്ലാത്ത മലാവിയിലേക്ക് വഴികാട്ടുന്നത്.

രണ്ടുവർഷത്തോളം ട്രേഡിങ് കമ്പനിയിൽ ജോലി ചെയ്ത അരുൺ പിന്നീട് കോഴിക്കോട്ടുകാരനായ മോഹനകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള പ്ലം കൺസ്ട്രക്ഷൻ എന്ന കമ്പനിയിലേക്ക് മാറി. സൈറ്റ് അഡ്മിനിസ്ട്രേഷൻ മാനേജർ എന്നതാണ് പുതിയ ചുമതല. തുടർന്ന് മലാവി തടാകത്തിന്റെ കരയിലുള്ള ചിന്തേച്ചി എന്ന നഗരത്തിലെത്തി. തലസ്ഥാനമായ ലിലോങ്വെയിൽ നിന്ന് 350 കിലോമീ റ്റർ അകലെയാണീ പ്രദേശം. പുതിയ ഡാം നിർമാണത്തിന്റെ ഭാഗമായാണ് അരുൺ ഇവിടെ എത്തുന്നത്.

2021 ഫെബ്രുവരി മാസത്തിലായിരുന്നു അത്. പുതിയ കമ്പിനിയില്‍ ജോലിക്ക് കയറിയ ശേഷം വാഹനത്തില്‍ പോകവെ കുറച്ച്‌ കുട്ടികള്‍ മഴ നനഞ്ഞ് ഓടിവരുന്നത് കണ്ടു. തൊട്ടടുത്തുള്ള സ്‌കൂളിലെ കുട്ടികളായിരുന്നു അത്. 

അവർ മഴയില്‍ കളിച്ച്‌ രസിച്ച്‌ വരികയാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഡ്രൈവർ പറഞ്ഞപ്പോഴാണ് വാസ്‌തവം തിരിച്ചറിഞ്ഞത്. കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍, യാത്രയ്‌ക്കിടെ കണ്ടു. പുല്ലുമേഞ്ഞ രണ്ട് മുറികള്‍ മാത്രമുള്ള ഒരു ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ കെട്ടിടമായിരുന്നു സ്‌കൂള്‍. 

മഴ നന‍ഞ്ഞ് ബുക്കെല്ലാം ചേർത്ത് പിടിച്ച്‌ വിഷമിച്ചാണ് കുട്ടികള്‍ അവിടെനിന്നിരുന്നത്. അതില്‍ നിന്ന് രക്ഷപ്പെടാനുള്ള ഓട്ടമായിരുന്നു അത്.

അതോടെ സ്‌കൂളിലെ കുട്ടികള്‍ മഴ നനയാതിരുന്ന് പഠിക്കുന്ന തരത്തില്‍ സ്‌കൂള്‍ ഒന്ന് പുതുക്കാൻ പറ്റുമോ എന്ന് ആലോചനയായി. സർക്കാർ സ്‌കൂളായിരുന്നു അത്. സ്‌കൂള്‍ അധികൃതരുമായി പിന്നീട് ഇക്കാര്യം സംസാരിച്ചു. അപ്പോഴാണ് നാലാം ക്ളാസ് വരെയുളള സ്‌കൂളാണിതെന്നും ക്ളാസില്‍ ബാക്കിയുള്ള കുട്ടികള്‍ മരച്ചുവട്ടിലൊക്കെയിരുന്നാണ് പഠിക്കുന്നത് എന്നും അറിഞ്ഞത്.

അതോടെ തന്റെ ആഗ്രഹം അരുണ്‍ അധികൃതരോട് തുറന്നു പറഞ്ഞു. കൈയിലുള്ള കുറച്ച്‌ പണം ചേർത്ത് മെല്ലെ നല്ലൊരു സ്‌കൂളാക്കാം എന്നുള്ള ഐഡിയയായിരുന്നു അത്.

 സ്‌കൂള്‍ അധികൃതരും തയ്യാറായി. ഒരൊറ്റ ആഴ്‌ചകൊണ്ട് സ്‌കൂള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 40,000 ഇഷ്‌ടികകള്‍ ചുട്ടെടുത്തു. അതോടെ വലിയ ഊർജ്ജമാണ് അരുണിന് കൈവന്നത്. സ്‌കൂള്‍ ഒന്ന് മുതല്‍ നാല് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് പഠിക്കാവുന്ന ഒരൊറ്റ കെട്ടിടമാക്കി മാറ്റാൻ അതോടെ ആലോചനയായി.

പ്രൈമറി സ്‌കൂളിന്റെ പ്ളാൻ

മലാവിയില്‍ സൈറ്റ് അഡ്‌മിനായി ജോലി നോക്കുന്ന അരുണ്‍ താൻ മനസില്‍ കണ്ട സ്‌കൂള്‍ കെട്ടിടത്തിനായി ഒരു പ്ളാൻ തയ്യാറാക്കി. തന്റെ സഹപ്രവർത്തകനായ കെന്നത്തിനെ പ്ളാൻ കാണിച്ചു. 

അതോടെ കെന്നത്തും ഒപ്പംകൂടി.തന്റെ ഉദ്ദേശ്യത്തെക്കുറിച്ച്‌ അരുണ്‍ സുഹൃത്തും സഹപാഠിയുമായ ആഷിഫിനോടും പറഞ്ഞു. ദുബായില്‍ ജോലിനോക്കുന്ന ആഷിഫും എന്ത് സഹായത്തിനും ഒപ്പമുണ്ടാകുമെന്ന് അറിയിച്ചു.

സ്‌കൂള്‍ നിർമ്മാണത്തിലിരിക്കുന്ന സമയത്ത് കൊവിഡ് പ്രശ്‌നം വന്നു. അക്കാലത്ത് കൊവിഡ് പ്രതിരോധത്തിന് യു.എൻ പിന്തുണയില്‍ ഒരു ടീം അവിടെ പ്രവർത്തിച്ചിരുന്നു കൊവിഡ്-19 ടീം. 

അവർ അതുവഴി കടന്നുപോകുമ്പോള്‍ സ്‌കൂള്‍ പണിനടക്കുന്നത് കണ്ടു. വിവരം തിരക്കിയപ്പോള്‍ സ്‌കൂള്‍ നിർമ്മാണത്തെക്കുറിച്ചും അരുണിന്റെ പങ്കാളിത്തത്തെക്കുറിച്ചും ടീച്ചർമാർ പറഞ്ഞു. അതോടെ അവരും ഒരു റൂം നിർമ്മിച്ച്‌ നല്‍കാൻ തയ്യാറായി. വൈകാതെ അരുണ്‍ ജോലിനോക്കുന്ന കമ്പിനിയും അവിടെ വലിയൊരു ക്ളാസ് റൂമും ഓഫീസ് റൂമും നിർമ്മിച്ച്‌ നല്‍കി.

 ഒന്നുമുതല്‍ അഞ്ച്‌വരെ ക്ളാസുകള്‍ ഇന്നവിടെയുണ്ട്. നല്ല ടോയ്‌ലറ്റും വേള്‍ഡ് വിഷന്റെ സപ്പോർട്ടും വന്നു.കുട്ടികള്‍ക്ക് പ്രഭാതഭക്ഷണവും പോഷകാഹാരവും നല്‍കുന്നുണ്ട്. അതോടെ മലാവി ഡയറീസിന്റെ പ്രവർത്തനങ്ങള്‍ക്ക് ശുഭാരംഭമായി.

സുമി ഒപ്പം ചേർന്നു

2022ലാണ് സുമി അരുണിനൊപ്പം ചേരുന്നത്. വിവാഹശേഷം മലാവിയിലെത്തി വളരെവേഗം തന്നെ അരുണിന്റെ പ്രവർത്തനങ്ങളില്‍ ഒപ്പംകൂടി. മലാവിയില്‍ അരുണിന്റെ പ്രവർത്തനങ്ങളെക്കുറിച്ച്‌ ഒരു വർഷം മുൻപേ സുമിക്കറിയാമായിരുന്നു. 

സ്‌കൂളിന്റെ പ്രവർത്തനങ്ങള്‍ വളരെവേഗം മുന്നോട്ട് പോയി.സ്‌കൂളിന് പെയിന്റടിച്ചത് ഇരുവരും ചേർന്നാണ്. നാട്ടിലുള്ളവർക്ക് നല്ല ഭക്ഷണമുണ്ടാക്കി നല്‍കാൻ സുമി പഠിപ്പിച്ചു. അടുപ്പ് ഉണ്ടാക്കി നല്‍കാൻ കഴിഞ്ഞു.

ചെയ്യുന്നത് സാമൂഹിക ഉത്തരവാദിത്വം

ചാരിറ്റിയായല്ല തനിക്ക് ചുറ്റുമുള്ള മനുഷ്യർക്കായി എന്തെങ്കിലും ചെയ്യുകയെന്ന ലക്ഷ്യത്തിലാണ് മലാവി ഡയറീസ് പ്രവർത്തിക്കുന്നതെന്ന് അരുണ്‍ പറയുന്നു. 

ചുറ്റുമുള്ള ജനങ്ങള്‍ക്ക്, തനിക്ക് അന്നം നല്‍കുന്ന രാജ്യത്തിലെ ജനങ്ങള്‍ക്ക് എന്തെങ്കിലും ചെയ്‌തുകൊടുക്കണം എന്ന സാമൂഹിക ഉത്തരവാദിത്വമാണ് നിറവേറ്റുന്നതെന്നാണ് ഇരുവരുടെയും കാഴ്‌ചപ്പാട്.തങ്ങളുടെ പ്രവർത്തനം കണ്ട് നിരവധി പേർ അക്കൗണ്ട് നമ്പർ ചോദിച്ച്‌ സമീപിച്ചിരുന്നു. 

പക്ഷെ ക്രൗഡ് ഫണ്ടിംഗ് രീതിയിലല്ല ഈ നാട്ടില്‍ നിന്നും സമ്പാദിക്കുന്ന പണത്തില്‍ നിന്നും ചെലവാക്കുന്നതാണ് തങ്ങളുടെ രീതിയെന്ന് ഈ യുവദമ്പതികള്‍ അവരോടെല്ലാം വ്യക്തമാക്കി.

കേരള മോഡല്‍ കിണർ

കിണർ നിർമ്മാണം നടത്തിയതിന് പിന്നിലെ കഥ ഇങ്ങനെ. ആദ്യം ജോലി നോക്കിയയിടത്ത് ജലദൗർലഭ്യം ഉണ്ടായിരുന്നില്ല. എന്നാല്‍ അവിടെ നിന്നും മുന്നൂറ് കിലോമീറ്റർ അകലെയൊരിടത്താണ് പിന്നീട് അരുണ്‍ ജോലിനോക്കിയത്. 

അവിടെ ജനങ്ങളുടെ വെള്ളത്തിന്റെ ബുദ്ധിമുട്ട് കണ്ട് അവരെക്കൂടി ഉള്‍പ്പെടുത്തി കേരള മോഡല്‍ കിണർ കുഴിച്ചു. നല്ല തെളിഞ്ഞ വെള്ളമാണ് ലഭിച്ചത്. 

അതോടെ വളരെ സന്തോഷമായി. മൂന്ന് കിണറുകള്‍ ഇത്തരത്തില്‍ ചെയ്‌തു. ഈ പ്രവർത്തനം യൂട്യൂബ് വീ‌ഡിയോയായി ഇട്ടപ്പോള്‍ അതിന് ലഭിച്ച കമന്റുകള്‍ വലിയ പ്രചോദനമാണ് നല്‍കിയത്. അരുണ്‍ പറയുന്നു.

വലിയ ലക്ഷ്യം

നിലവില്‍ വലിയൊരു ലക്ഷ്യം മുൻനിർത്തി ഉള്ള പ്രവർത്തനത്തിലാണ് അരുണും സുമിയും. ഒരു ഹയർ സെക്കന്ററി സ്‌കൂളിന്റെ നിർമ്മാണത്തിലാണ്. വളരെ മെല്ലെയെങ്കിലും അത് വിജയത്തിലെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. ഗ്രാമത്തിലെ കുട്ടികള്‍ നേരിടുന്ന പ്രത്യേകിച്ച്‌ പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേട്ടറിഞ്ഞാണ് ഈ പ്രവർത്തനത്തിലേക്ക് അവർ തിരിഞ്ഞത്.

35ഓളം ഗ്രാമങ്ങള്‍ ചുറ്റുമുണ്ടായിരുന്നു. പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ് കുട്ടികള്‍ കൃഷിയിലോ കുടുംബ തൊഴിലിലോ ഏർപ്പെടുകയും നേരത്തെ വിവാഹിതരാകുകയും ചെയ്യുന്ന പതിവ് മാറ്റാനാണ് അവിടെ സ്‌കൂള്‍ കൊണ്ടുവരാൻ തീരുമാനിച്ചത്. 

നാല് ഡിവിഷൻ വച്ചാണ് ഹയർ സെക്കന്ററി സ്‌കൂള്‍ നിർമ്മാണം. പണി പൂ‌ർത്തിയായ ശേഷം മലാവി സർക്കാരിന് നല്‍കാനാണ് തീരുമാനം.

സന്തോഷത്തോടെ സ്വീകരിച്ച്‌ ആഫ്രിക്ക ജന

ഗ്രാമത്തിലെ ജനങ്ങള്‍ക്ക് പണം കൊടുത്ത് വാങ്ങാൻ കഴിയാത്തവ പണം നല്‍കി ചെയ്യുന്നതാണ് മലാവി ഡയറിയുടെ പ്രവർത്തനം. എന്നാല്‍ ഗ്രാമത്തിലെ ആളുകളുടെ കൂടി അദ്ധ്വാനം കൂടിച്ചേർത്താണ് ഈ പ്രവർത്തനങ്ങള്‍. വലിയ സന്തോഷത്തോടെയാണ് ഈ പ്രവർത്തനങ്ങള്‍ അവർ സ്വീകരിച്ചത്.

 മലാവിയിലെ ജനങ്ങള്‍ക്ക് നമ്മുടെ മലയാളിത്തമുള്ള ഭക്ഷണസാധനങ്ങള്‍ വളരെ ഇഷ്‌ടമായി. മസാലകളൊന്നും ചേർത്തുള്ള ഭക്ഷണം ഇവിടെയില്ല. ഇത്തരം ഭക്ഷണം ഉണ്ടാക്കി നല്‍കി. 

ചിപ്‌സ് ഉണ്ടാക്കാനും അത് വില്‍ക്കാനും ഗ്രാമവാസികളായ സ്‌ത്രീകളെ പഠിച്ചു. ആവശ്യക്കാർക്ക് കട ഉണ്ടാക്കി കൊടുത്തു. അങ്ങനെ വളരെ പോസിറ്റീവായ മാറ്റം അവരിലുണ്ടാക്കി. കുളം കുഴിക്കാനും കൃഷിയ്‌ക്കും മറ്റും വേണ്ട കാര്യങ്ങള്‍നാട്ടുകാരെക്കൊണ്ടുതന്നെ ഉണ്ടാക്കിയെടുക്കാൻ വേണ്ട സഹായം നല്‍കി. അതിനാവശ്യമായ അറിവ് പറഞ്ഞുനല്‍കി.

ലോകകേരള സഭ

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ലോക കേരള സഭയിലേക്ക് മലാവിയില്‍ നിന്ന് അരുണിനും സുമിയ്‌ക്കും ക്ഷണം ലഭിച്ചു. വളരെയധികം അഭിമാനം തോന്നിയ കാര്യമാണ് ഇതെന്ന് ഈ യുവദമ്പതികള്‍ പറയുന്നു. എന്നാല്‍ ഇക്കൊല്ലം അതില്‍ പങ്കെടുക്കാൻ സാധിക്കില്ല എന്ന വിവരം അറിയിച്ചു. പക്ഷെ അടുത്തവർഷം തീർച്ചയായും പങ്കെടുക്കാൻ സാധിക്കും എന്ന് അറിയിച്ചിട്ടുണ്ട്.

അരുണിന്റെ അച്ഛൻ അശോകനും അമ്മ പുഷ്‌പയും ഇവരുടെ പ്രവർത്തനങ്ങള്‍ പൂർണമായും പിന്തുണക്കുന്നു. സുമിയുടെ അമ്മ ഓമന പോത്തുകല്‍ നാരങ്ങപൊയിലിലെ അംഗനവാടിയിലെ ടീച്ചറാണ്. മികച്ച അംഗനവാടി ടീച്ചർക്കുള്ള അവാർഡ് സർക്കാരില്‍ നിന്ന് സ്വീകരിച്ചയാളാണ്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !