ഫ്രാങ്ക്ഫര്‍ട്ട്: ഗൃഹാതുരത്വ സ്മരണകളുമായി, ജര്‍മനിയിലെ വലിയ മലയാളി കൂട്ടായ്മ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം 54~മത് തിരുവോണം ആഘോഷിച്ചു.
മലയാളികളുടെ ഗൃഹാതുരത്വ സ്മരണകളുമായി, ജര്‍മനിയിലെ വലിയ മലയാളി കൂട്ടായ്മയും ആദ്യത്തെ സമാജങ്ങളിലൊന്നുമായ കേരള സമാജം ഫ്രാങ്ക്ഫര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ ഓണാഘോഷങ്ങള്‍ ( പൊന്നോണം 2024) ഫ്രാങ്ക്ഫര്‍ട്ടിലും പരിസര പ്രദേശങ്ങളിലുമുള്ള സമാജം അംഗങ്ങളെയും, സുഹൃത്തുക്കളെയും, പുതിയ തലമുറയിലെ യുവജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് സെപ്റ്റംബര്‍ 21ന് ഫ്രാങ്ക്ഫര്‍ട്ട് സാല്‍ബൗ ബോണ്‍ഹൈമില്‍ ഉച്ചയ്ക്ക് 12 മണിക്ക്, നാട്ടില്‍ നിന്ന് എത്തിച്ച വാഴയിലയില്‍ വിളമ്പിയ വിഭവസമൃദ്ധവും സ്വാദിഷ്ടവുമായ ഓണസദ്യയോടുകൂടി ആരംഭിച്ചു.
തുടര്‍ന്നു നടന്ന ആഘോഷപരിപാടിയില്‍ സമാജം പ്രസിഡന്റ് അബി മാങ്കുളം സ്വാഗതം ആശംസിച്ചു. ആഘോഷത്തില്‍ മുഖ്യാതിഥിയായ ബി എസ് മുബാറക്ക് (ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍), അദ്ദേഹത്തിന്റെ പത്നി ലത്തീഫ മുബാറക്, ഫ്രാങ്ക്ഫര്‍ട്ട് ഡെപ്യൂട്ടി മേയര്‍ ഐലിന് ഒ'സള്ളിവന് സമാജം പ്രസിഡന്റ് അബി മാങ്കുളം, സെക്രട്ടറി ഡിപിന് പോള്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയും വിശിഷ്ടാതിഥിയും ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു.
തിരുവാതിരകളിയും, ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം മലയാളം സ്കൂളിലെ കുട്ടികളുടെ, ഓണാഘോഷത്തിന്റെ ഐതിഹ്യത്തെ ആസ്പദമാക്കിയുള്ള ലഘു നാടകവും സദസ്സിന് ഏറെ ഹൃദ്യമായി. മലയാളം സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിമാരായ രേഷ്മ ജോസഫും ലിയ മുഹമ്മദും അവതാരകരായി. സ്കൂളിന്റെ രക്ഷാകര്‍തൃ പ്രതിനിധി ഹരീഷ് പിള്ള സ്കൂളിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. പ്രതിഭാശാലികളായ കലാകാരികളും കലാകാരന്മാരും കുട്ടികളും ഒത്തുചേര്‍ന്നു അരങ്ങേറിയ സംഘനൃത്തങ്ങള്‍, ശാസ്ത്രീയനൃത്തങ്ങള്‍, കഥക് തുടങ്ങിയ വൈവിദ്ധ്യങ്ങളായ മികവുറ്റ കലാപരിപാടികള്‍ ആഘോഷത്തെ അവിസ്മരണീയവും കൊഴുപ്പുള്ളതുമാക്കി. മനോഹരമായ ഗാനങ്ങളും, തുടര്‍ന്ന് തംബോലയും, പുതിയ തലമുറയും പഴയ തലമുറയും ഉള്‍പ്പെടെ എഴുന്നൂറോളം മലയാളികള്‍ പങ്കെടുത്ത ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.
യുവതീയുവാക്കളുടെ കേരളീയ വേഷമണിഞ്ഞുള്ള പങ്കുചേരലും, സമാജം അംഗങ്ങളുടെയും സ്കൂളിലെ രക്ഷിതാക്കളുടെയും നിര്‍ലോഭമായ സഹകരണവും പ്രത്യേകം ശ്രദ്ധേയമായി. സമാജം സെക്രട്ടറി ഡിപിന് പോള്‍ നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് ദേശീയഗാനാലാപനത്തിനു ശേഷം വൈകിട്ട് 7 മണിയോടുകൂടി ഓണാഘോഷ പരിപാടികള്‍ക്ക് തിരശീല വീണു.
പരിപാടികളുടെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും അബി മാങ്കുളം (പ്രസിഡന്റ്), ഡിപിന് പോള്‍ (സെക്രട്ടറി), ഹരീഷ് പിള്ള (ട്രഷറര്‍), കമ്മറ്റിയംഗങ്ങളയ, ഷംന ഷംസുദ്ദീന്, ജിബിന്‍ എം ജോണ്‍, രതീഷ് മേടമേല്‍, ബിന്നി തോമസ്, ബോബി ജോസഫ് (ഓഡിറ്റര്‍) എന്നിവര്‍ നേതൃത്വം നല്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.