കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിനിടെ വടകരയില്‍ പ്രചരിച്ച "വ്യാജ കാഫിർ" സ്ക്രീൻഷോട്ട്’ കേസിൽ നിർണായക വിവരങ്ങളുമായി പൊലീസ് റിപ്പോർട്ട്. വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ വാട്സ് ആപ്പ് ഗ്രൂപ്പുകളിലെന്ന് പോലീസ് നിഗമനം.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ കാര്യമായ ചർച്ചക്ക് ഇടയാക്കിയ ഫെയ്സ്ബുക്ക് പോസ്റ്റുകളിലൊന്നായിരുന്നു "ഇടതുസ്ഥാനാർത്ഥി കെ.കെ ശൈലജയെ കാഫിറാക്കി മുസ്ലിം ലീഗ് പ്രവർത്തകർ പോസ്റ്റർ ഇറക്കി എന്നത്". മുസ്ലിം ലീഗിന്റെ ഒരു പ്രവർത്തകനും ഇത്തരത്തിൽ പോസ്റ്റർ ഇറക്കിയിട്ടില്ലെന്ന് ലീഗ് കേന്ദ്രങ്ങൾ ആവർത്തിച്ചെങ്കിലും ഇടതു സൈബർ കേന്ദ്രങ്ങൾ ഇത് അംഗീകരിക്കാൻ തയ്യാറായില്ല.
തെരഞ്ഞെടുപ്പിന്റെ മുഴുവൻ വേളകളിലും കാഫിർ വിവാദം ചൂടുപിടിക്കുകയും കേരളമാകെ പടരുകയും ചെയ്തു. ഇടതുനേതാക്കളും ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലർത്തുകയും ചെയ്യുന്ന മാധ്യമങ്ങളും ഇക്കാര്യം പരമാവധി പ്രചരിപ്പിക്കുകയും തെരഞ്ഞെടുപ്പ് വേദികളിൽ സജീവമാക്കി നിർത്തുകയും ചെയ്തു. എന്നാൽ പോസ്റ്റിന് പിന്നിലുള്ളവരെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നിയമവഴി തേടുകയായിരുന്നു. മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ലയുടെ നേതൃത്വത്തിൽ നടന്ന നിയമപോരാട്ടത്തിനൊടുവിൽ ഭാഗികമായെങ്കിലും വിജയം നേടി എന്നാണ് ലീഗ് അവകാശപ്പെടുന്നത്.
പോരാളി ഷാജി എന്ന പേജിന്റെ ഉടമ വഹാബ് അബ്ദു എന്ന ആളാണത്രേ. കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച "പോരാളി ഷാജി" എന്ന ഫേസ്ബുക്ക് പേജിനെ ബന്ധിപ്പിക്കുന്ന മൊബൈൽ സിമ്മുകൾ വഹാബ് എന്നയാളുടെ പേരിലുള്ളതാണ്. വിവിധ വാട്സ് ഗ്രൂപ്പുകളിൽ നിന്നാണ് വ്യാജ സ്ക്രീൻ ഷോട് കിട്ടിയിതെന്നും എവിടെനിന്നാണെന്ന് കൃത്യമായി ഓർമയില്ലെന്നുമാണ് വഹാബും മൊഴി നൽകിയിരിക്കുന്നത്. ഇയാളുടെ ഫോണും പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
സ്ക്രീൻഷോട്ടിൻ്റെ ഉറവിടം ഇപ്പോഴും അന്വേഷിക്കുന്നു എന്നും വടകര എസ്എച്ച്ഒ എൻ.സുനിൽ കുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. "റെഡ് എൻകൗണ്ടേഴ്സ്, റെഡ് ബറ്റാലിയൻ" എന്നീ വാട്സ്ആപ് ഗ്രൂപ്പുകളിൽ നിന്നാണ് "പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ" തുടങ്ങിയ ഫേസ്ബുക്ക് പേജുകളിലേക്ക് വ്യാജ സ്ക്രീൻ ഷോട്ട് എത്തിയത്.
കാഫിർ പോസ്റ്റർ വന്ന വഴിയും പ്രചരിപ്പിച്ച രീതിയും പോലീസ് റൂട്ട് മാപ്പ് അടക്കം ഹൈക്കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.
ഈ സ്ക്രീൻഷോട്ട് ആദ്യം വന്നത് 2024 ഏപ്രിൽ 25 ഉച്ചക്ക് 2.13-ന് റെഡ് എൻകൗണ്ടർ വാട്സാപ്പ് ഗ്രൂപ്പിലായിരുന്നു. പോസ്റ്റ് ചെയ്തത് റിബെഷ്. എന്നാൽ റിബേഷിന് എവിടെനിന്ന് ലഭിച്ചുവെന്ന് പോലീസ് നൽകിയ രേഖകളിൽ ഇല്ല.പിന്നീട് 2024 ഏപ്രിൽ 25 തന്നെ ഉച്ചക്ക് 2.34 നു റെഡ് ബറ്റാലിയൻ വാട്സാപ്പ് ഗ്രൂപ്പിൽ സ്ക്രീൻ ഷോട്ട് വരുന്നു. അമൽ റാം ആയിരുന്നു ഇത് പോസ്റ്റ് ചെയ്തത്. ഇതേദിവസം വൈകിട്ട് മൂന്ന് മണിക്ക് അമ്പാടിമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ ഷോട്ട് അപ്ലോഡ് ചെയ്യുന്നു. സഖാവ് മനീഷ് ആയിരുന്നു ഇത് പോസ്റ്റ് ചെയ്തത്.പോരാളി ഷാജി ഫേസ്ബുക്ക് പേജിൽ ഈ സ്ക്രീൻഷോട്ട് അതിന്റെ അഡ്മിൻ അബ്ബാസ് രാത്രി 8.23ന് പോസ്റ്റ് ചെയ്തുവെന്നും പോലീസ് വ്യക്തമാക്കുന്നു. വഹാബിന്റെ മകൻ അബ്ബാസിന്റെ ഫോൺ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.
സ്ക്രീൻഷോട്ട് വിവാദത്തിൽ പൊലീസ്‍ പ്രതിയാക്കിയ യൂത്ത് ലീഗ് നേതാവ് പി.കെ.മുഹമ്മദ് ഖാസിം കേസിൽ ശരിയായ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹർജിയിൽ അന്വേഷണ വിവരങ്ങൾ അറിയിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലിസ് റിപ്പോർട്ട് സമർപ്പിച്ചത്.
"അമ്പാടിമുക്ക് സഖാക്കൾ കണ്ണൂർ" എന്ന ഇടതനുകൂല ഫേസ്ബുക് പേജിൽ ഇത് എത്തിയത് "റെഡ് ബറ്റാലിയൻ" എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തി. "റെഡ് എൻകൗണ്ടേഴ്സ്" എന്ന മറ്റൊരു ഇടത് സൈബർ ഗ്രൂപ്പിൽ നിന്നാണ് തനിക്കിത് കിട്ടിയതെന്നാണ് "റെഡ് ബറ്റാലിയൻ" ഗ്രൂപ്പിൽ ഇത് പോസ്റ്റ് ചെയ്ത അമൽ മൊഴി നൽകി. "റെഡ് എൻകൗണ്ടേഴ്സ്" എന്ന ഗ്രൂപ്പിൽ ഇതിട്ടത് റിബേഷ് രാമകൃഷ്ണൻ എന്നയാളാണ്. ഇത് എവിടെ നിന്നാണ് കിട്ടിയതെന്ന് ഓർമയില്ലെന്നാണ് റിബേഷ് പൊലീസിനോട് പറഞ്ഞത്. റിബേഷിന്‍റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി അന്വേഷണസംഘം കോടതിയെ അറിയിച്ചു.
ഇതിനു പുറമേ, വിവിധ ഇടത് പേജുകളുടെ അഡ്മിന്‍മാരായ മനീഷ്, അമല്‍ റാം എന്നിവരേയും ചോദ്യം ചെയ്തു. എല്ലാവരുടേയും മൊബൈല്‍ ഫോണുകള്‍ വിദഗ്ദ പരിശോധനക്ക് അയച്ചെന്നും ഇതിന്റെ ഫലം വന്നാലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നും പോലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
വിവാദത്തില്‍ മെറ്റ കമ്പനിയെ പ്രതി ചേര്‍ത്ത് കേസെടുത്തതായും പോലീസ് വ്യക്തമാക്കി. വിവരങ്ങള്‍ കൈമാറാത്തതിനാണ് നടപടി. അന്വേഷണത്തോട് സഹകരിക്കാത്ത ഫേസ്ബുക്കിന്‍റെയും വാട്സ്ആപ്പിന്‍റെയും മാതൃകമ്പനിയായ മെറ്റയെ പൊലീസ് മൂന്നാം പ്രതിയാക്കി ലിസ്റ്റില്‍പെടുത്തി.
പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച രേഖ കൂടി പുറത്തുവന്നതോടെ ഇടതുകേന്ദ്രങ്ങൾക്കെതിരെ അതിരൂക്ഷമായ ആക്രമണമാണ് ലീഗും കോൺഗ്രസും അഴിച്ചുവിടുന്നത്.
അബ്ബാസായി മാറിയ പോരാളി ഷാജി, കയ്യാമം വെച്ച് നടത്തിക്കുന്നത് വരെ ഹൈക്കോടതി വരാന്തയിൽ കാത്തിരിക്കുമെന്ന് ലീഗ്
പൊതുപ്രവർത്തനത്തിൽ ഉയർന്ന മതേതര ബോധം പുലർത്തുന്ന ഷാഫി പറമ്പിലിനെ പോലെയൊരു ചെറുപ്പക്കാരനെ മതത്തിന്റെ കള്ളിയിൽപ്പെടുത്താൻ ശ്രമിച്ചതിനുള്ള മറുപടിയാണ് വടകരയിൽ സി.പി.എം നേരിട്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.