കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം മേഖലയില്‍ ജീവന്റെ തുടിപ്പ് കണ്ടെത്താൻ റഡാര്‍ പരിശോധന.തെര്‍മല്‍ ഇമേജ് റഡാര്‍ പരിശോധനയാണ് നടക്കുന്നത്. സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയശേഷമാണ് രക്ഷാപ്രവര്‍ത്തകരും ഏജന്‍സി ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നത്.
പുഞ്ചിരിമട്ടത്തെ റഡാര്‍ പരിശോധനയ്ക്കുശേഷമാണ് മുണ്ടക്കൈയിലെ പരിശോധന ആരംഭിച്ചത്.മുണ്ടക്കൈയില്‍ റഡാറില്‍ നിന്നും സിഗ്നല്‍ ലഭിച്ച കെട്ടിടത്തില്‍ പരിശോധന നടത്തുകയാണ്. സിഗ്നല്‍ ലഭിച്ച സ്ഥലം എന്‍ഡിആര്‍എഫ് കുഴിച്ച് പരിശോധന നടത്തും. ശ്വാസം, അനക്കം തുടങ്ങിയവ ഉള്‍പ്പെടെ റഡാറില്‍ വ്യക്തമാകും. കെട്ടിടങ്ങളില്‍ ഇനിയും ആളുകള്‍ കുടുങ്ങികിടക്കുന്നുണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന.
ഡെപ്യൂട്ടി കളക്ടറും സ്ഥലത്തുണ്ട്. സിഗ്നല്‍ ലഭിച്ച സ്ഥലത്ത് കെട്ടിടം പകുതി തകര്‍ന്ന നിലയിലാണുള്ളത്. അതിനാല്‍ തന്നെ വളരെ സൂക്ഷമമായിട്ടാണ് പരിശോധന. കെട്ടിടത്തിനുള്ളില്‍ ആരെങ്കിലും ജീവനോടെ ഉണ്ടോയെന്ന് അറിയാനാണ് പരിശോധന.
കെട്ടിടത്തില്‍ ജീവനോടെ ആരെങ്കിലും ഉണ്ടാകുമെന്ന സംശയമുള്ളതിനാല്‍ സൂക്ഷമമായിട്ടാണ് രക്ഷാപ്രവര്‍ത്തനം. കമ്പിപ്പാരയും മറ്റും ഉപയോഗിച്ച് എന്‍ഡിആര്‍എഫ് സംഘം കെട്ടിടത്തിന്റെ ഒരു ഭാഗം നീക്കം ചെയ്താണ് തെരച്ചില്‍ നടത്തുന്നത്.
ജീവനുള്ള ഒരു വസ്തുവായിരിക്കാം കെട്ടിടത്തിനുള്ളിലുണ്ടാകുകയെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നതെന്ന് സിഗ്നല്‍ ലഭിച്ച കെട്ടിടത്തിന് സമീപത്ത് താമസിച്ചിരുന്ന പ്രദേശവാസി പറഞ്ഞു. സുരക്ഷ കണക്കിലെടുത്ത് സ്ഥലത്ത് നിന്ന് ആളുകളെ അകലത്തേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം, ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ മേഖല ഉള്‍പ്പെടുന്ന മേപ്പാടി ഗ്രാമപഞ്ചായത്തിനെ ദുരന്ത ബാധിത പ്രദേശമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി.വൈത്തിരി താലൂക്കിലെ കോട്ടപ്പടി, വെള്ളാര്‍മല, തൃക്കൈപ്പറ്റ എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന മേപ്പാടി ഗ്രാമപഞ്ചായത്തിനെയാണ് ദുരന്ത മേഖലയായി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
ഉരുള്‍പൊട്ടലില്‍ നാമാവശേഷമായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പഞ്ചായത്താണ് മേപ്പാടി. സംസ്ഥാന ദുരിതാശ്വാസ കമ്മീഷണറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ടിങ്കു ബിസ് വാള് ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
ഇനിയും 206പേരെയാണ് കണ്ടെത്താനുള്ളത്. 339 പേരാണ് വൈകിട്ട് വരെയുള്ള കണക്കുകള്‍ പ്രകാരം ദുരന്തത്തില്‍ മരിച്ചത്.
ആറു സോണുകളായി തിരിച്ചാണ് നാലാം ദിവസത്തെ തെരച്ചില്‍ നടക്കുന്നത്. കാണാതായവരെ കണ്ടെത്തുന്നതിനായാണ് ഇപ്പോള്‍ റഡാര്‍ ഉപയോഗിച്ചുള്ള പരിശോധന നടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.