കല്‍പ്പറ്റ: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണസംഖ്യ 297 ആയി. മരിച്ചവരില്‍ 23 കുട്ടികളും ഉള്‍പ്പെടും. ഇരുന്നൂറിലേറെ പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കാണാതായവരില്‍ 29 കുട്ടികളും ഉള്‍പ്പെടും. 96 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
ഇതുവരെ 107 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഇതില്‍ 105 മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ചാലിയാറില്‍നിന്ന് ഇതുവരെ 172 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ചാലിയാര്‍ പുഴയില്‍ ഇന്ന് വിശദമായ പരിശോധന നടത്താനാണ് തീരുമാനം. ചാലിയാര്‍ പുഴയുടെ 40 കിലോമീറ്റര്‍ പരിധിയിലെ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലും തിരച്ചില്‍ നടത്തുംകൂടുതൽ പേർ അകപ്പെട്ടതായി കരുതുന്ന 15 സ്പോട്ടുകൾ കൂടി കണ്ടെത്തിയിട്ടുണ്ട്. വീടുകൾ ഉൾപ്പെടെ 348 കെട്ടിടങ്ങളെ ഉരുൾപൊട്ടൽ ബാധിച്ചതായാണ് വിവരം. സൈന്യം നിര്‍മിച്ച ബെയ്‍ലി പാലം തുറന്നത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമായി. കൂടുതൽ ജെസിബികളും ഹിറ്റാച്ചികളും അടക്കമുള്ള ഉപകരണങ്ങളെത്തിച്ച് തിരച്ചിൽ ഊർജിതമാക്കും. ആറു മേഖലകളായി തിരിച്ചാകും ഇന്ന് തിരച്ചിൽ നടത്തുക.
എൻഡിആർഎഫ്, ഡിഎസ്‌ജി, കോസ്റ്റ് ഗാർഡ്, നേവി, തുടങ്ങിയ വിഭാഗങ്ങള്‍ സംയുക്തമായാണ് തിരച്ചിൽ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനം വകുപ്പ് ജീവനക്കാരനും ഉണ്ടാവും. റഡാർ സംവിധാനവും, ഹെലികോപ്റ്ററുകളും തിരച്ചിന് ഉപയോഗിക്കും. ചെളിയിൽ പുതഞ്ഞ മൃതദേഹങ്ങളടക്കം കണ്ടെത്താൻ നിലവിൽ 6 നായകളും തിരച്ചിൽ സംഘത്തിനൊപ്പമുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള ഡോഗ് സ്ക്വാഡും ഇന്നെത്തും.
ഉരുൾപൊട്ടലുണ്ടായ വയനാട് മുണ്ടക്കൈ,പുഞ്ചിരിമട്ടം പ്രദേശങ്ങളിൽ സജീവ മനുഷ്യസാന്നിധ്യം നന്നേ കുറവെന്ന് കണ്ടെത്തിയിട്ടുണ്ട്. തെർമൽ ഇമേജിങ് പരിശോധനയിലാണ് കണ്ടെത്തൽ. വയനാട്ടിൽ 91 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്.
ഇതിലാകെ 9328 പേരാണുള്ളത്. മേപ്പാടിയിൽ മാത്രം 9 ക്യാമ്പുകളിലായി 578 കുടുംബങ്ങളിലെ 2328 പേരാണുള്ളത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യ വസ്തുക്കള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.