തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ യുവാവിന്റെ മുറിവില്‍ 'ഗ്ലൗ ഡ്രെയിൻ' തുന്നിച്ചേർത്തുവെന്ന വ്യാജ പ്രചാരണത്തിനിടെ, യുവാവിന് നല്‍കിയത് കൃത്യമായ ചികിത്സ തന്നെയെന്ന് ഡോക്ടർമാർ.
മുറിവില്‍ കൈയുറ തുന്നിച്ചേർത്തെന്നും ചികിത്സാപ്പിഴവ് എന്നുമായിരുന്നു മാധ്യമങ്ങളുടെ പ്രചാരണം.നെടുമങ്ങാട് മുളമുക്ക് സ്വദേശി ബി ഷിനുവിന്റെ മുതുകിലെ മുഴ ശസ്ത്രക്രിയയിലൂടെ നീക്കിയശേഷം ഉള്ളിലെ പഴുപ്പും രക്തവും പോകുന്നതിനായി ഗ്ലൗ ഡ്രെയിൻ മുറിവില്‍ തുന്നിച്ചേർത്തിരുന്നു. വിപണിയില്‍ 800 രൂപവിലയുള്ള ഡ്രെയിനിനുപകരം അണുവിമുക്തമാക്കിയ ഗ്ലൗസിന്റെ ഒരു കഷണം ഡ്രെയിനായി ഉപയോഗിക്കുകയായിരുന്നു.
ഇത് സാധാരണമാണെന്ന് ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ആർ സുരേഷ് പറഞ്ഞു. രണ്ടുദിവസത്തിനുള്ളില്‍ ഇത് മുറിവില്‍നിന്ന് മാറ്റണമെന്ന് രോഗിയോട് നിർദേശിച്ചിരുന്നു. അതിനായി ജനറല്‍ ആശുപത്രിയിലോ അടുത്തുള്ള മറ്റ് ഏതെങ്കിലും ആശുപത്രിയിലോ എത്താനും പറഞ്ഞു.
ശനിയാഴ്ച രാവിലെ ആശുപത്രിയിലെത്തിയ രോഗിയുടെ മുഴ ശസ്ത്രക്രിയയിലൂടെ നീക്കുകയും ഉച്ചയോടെ വീട്ടില്‍ പോകുകയുമായിരുന്നു. ഗ്ലൗ ഡ്രെയിൻ സാധാരണ ഉപയോഗിക്കാറുള്ളതാണെന്നും അസ്വാഭാവികതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഷിനുവിന്റെ ഒപി ടിക്കറ്റില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
കൈയുറ തുന്നിച്ചേർത്തത് ചികിത്സയുടെ ഭാഗമാണെന്ന് അറിഞ്ഞില്ലെന്ന് ഷിനുവിന്റെ ഭാര്യ സജീന പ്രതികരിച്ചു. "ഇക്കാര്യം ഡോക്ടർ അറിയിച്ചിരുന്നില്ല. അറിഞ്ഞിരുന്നെങ്കില്‍ ഭയപ്പെടുമായിരുന്നില്ല.
തിങ്കളാഴ്ച രാത്രി ബാൻഡ് എയ്ഡ് മാറ്റി നോക്കിയപ്പോളാണ് കൈയുറയുടെ ഭാഗം കാണുന്നത്. ഇത്തരമൊരു ചികിത്സാരീതിയെക്കുറിച്ച് അറിയില്ലായിരുന്നു. അതിനാലാണ് പരിഭ്രമിച്ചതും മാധ്യമങ്ങളെ ബന്ധപ്പെട്ടതും'– സജീന പറഞ്ഞു.
ചൊവ്വാഴ്ച ജനറല്‍ ആശുപത്രിയിലെത്തിയ ഷിനുവിന്റെ മുറിവില്‍നിന്ന് കൈയുറ നീക്കി ഡ്രസ്സ് ചെയ്തു. ബുധനാഴ്ച ബാൻഡ് എയ്ഡും മാറ്റും. ശനിയാഴ്ചയോടെ സ്റ്റിച്ച് എടുക്കാമെന്നും ഡോക്ടർ അറിയിച്ചിട്ടുണ്ട്. കാര്യമെന്തെന്ന് അറിയാതെ ആരോഗ്യപ്രവർത്തകരെ അപമാനിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നത് പ്രതിഷേധാർഹമാണെന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രീത ജെയിംസ് പറഞ്ഞു.
സംഭവത്തില്‍ ആരോഗ്യവകുപ്പിനെയും ഡോക്ടർമാരെയും കുറ്റപ്പെടുത്തിയ ചാനലുകളും ഓണ്‍ലൈൻ മാധ്യമങ്ങളും ഖേദം പ്രകടിപ്പിക്കാൻപോലും തയാറായിട്ടില്ല. ആശുപത്രി അധികൃതർ വാർത്ത നിഷേധിച്ചുവെന്ന് മാത്രമായിരുന്നു വിശദീകരണം.
സംഭവത്തിനുപിന്നിലെ വസ്തുതയും ശാസ്ത്രീയതയും അധികൃതർ പുറത്തുവിട്ടതോടെ നല്‍കിയ വാർത്തകള്‍ പിൻവലിച്ച് അതേ മാധ്യമങ്ങള്‍. സത്യം എന്തെന്ന് ഡോക്ടർമാർ പറയുമ്പോഴേക്കും കള്ളം ആയിരങ്ങളിലേക്ക് എത്തിക്കഴിഞ്ഞിരുന്നു.
ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ ചെയ്ത യുവാവിന്റെ മുറിവില്‍ കൈയുറ തുന്നിച്ചേർത്തു എന്നായിരുന്നു മലയാളത്തിലെ പ്രമുഖ ടിവി ചാനലുകളുടെ ബ്രേക്കിങ് ന്യൂസ് ഡോക്ടർമാരോട് പ്രതികരണംപോലും ആരായാതെയായിരുന്നു വാർത്ത പുറത്തുവിട്ടത്.
രോഗിയുടെ ദൃശ്യങ്ങള്‍ അടക്കം പകർത്തി ആരോഗ്യവകുപ്പിനെയും ഡോക്ടർമാരെയും അപകീർത്തിപ്പെടുത്തി വ്യാജപ്രചാരണം നടത്തുകയായിരുന്നു മലയാളം വാർത്താ ചാനലുകള്‍.
ബ്രേക്കിങ് പുറത്തുവിട്ടതിനുപിന്നാലെ അന്നത്തെ തുടർവാർത്തയും ചർച്ചയുമൊക്കെയായി വിഷയം കത്തിക്കാനുള്ള ചാനലുകളുടെ ആഗ്രഹം മണിക്കൂറുകള്‍ക്കുള്ളില്‍ തകർന്നു. ശസ്ത്രക്രിയയ്ക്കുശേഷം ശരീരത്തിനുള്ളില്‍ കെട്ടിക്കിടക്കുന്ന രക്തവും മറ്റ് സ്രവങ്ങളും പുറത്തേക്ക് ഒഴുകിപ്പോകാനായി സർജൻമാർ ഉപയോഗിക്കുന്ന സംവിധാനമാണ് ഗ്ലൗ ഡ്രെയിൻ. മുറിവില്‍ ഗ്ലൗ ഡ്രയിൻ ഉപയോഗിച്ചതിനെയാണ് ചികിത്സാപ്പിഴവായി മാധ്യമങ്ങള്‍ ചിത്രീകരിച്ചത്.
നിയമനടപടി വേണം: -കെജിഎംഒഎ
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സർജറി നടത്തിയ രോഗിയ്ക്ക് ചികിത്സ നല്‍കുന്നതില്‍ വീഴ്ചയുണ്ടായി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വാസ്തവവിരുദ്ധമായ വാർത്തയില്‍ പ്രതിഷേധിച്ച് കെജിഎംഒഎ. തുന്നലിനൊപ്പം ഗ്ലൗ ഡ്രയിൻ ഉപയോഗിച്ചതാണ് തെറ്റിദ്ധാരണാജനകമായ വാർത്തയ്ക്ക് അടിസ്ഥാനം. വ്യാപകമായി ഉപയോഗിക്കുന്ന ഗ്ലൗ ഡ്രെയിൻ ചെലവുകുറഞ്ഞതും ഉപകാരപ്രദവും ആയ ഒരു രീതിയാണ്.
ഇത് മനസിലാക്കാതെ തെറ്റായ വാർത്തകള്‍ പടച്ചുവിടുന്നത് ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കും. വസ്തുതാവിരുദ്ധമായ വാർത്തകള്‍ സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും സംഘടന സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
ഗ്ലൗ ഡ്രെയിൻ ഉപയോഗിച്ചതിനെ ഗ്ലൗസ് അകത്തുവച്ച് മറന്നു എന്നൊക്കെവരുന്ന മാധ്യമങ്ങളുടെ ഭാവനാവിലാസം കഷ്ടമാണെന്ന് ഐഎംഎ മുൻ പ്രസിഡന്റ് ഡോ. സൂല്‍ഫി നൂഹു പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.