തിരുവനന്തപുരം: സിനിമ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മന്ത്രി ഗണേഷ് കുമാറിനെതിരായ പരാമര്‍ശം സംബന്ധിച്ച് കേസെടുക്കണമെന്ന പരാതിയില്‍ ആവശ്യമായ നടപടിക്ക് നിര്‍ദേശം നല്കി ഡി.ജി.പി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി നല്കിയ പരാതിയിലാണ് നടപടി. 136ാം പേജില്‍ മന്ത്രിയെ കുറിച്ച് പരാമര്‍ശം ഉണ്ടെന്നും അന്വേഷണം വേണമെന്നുമായിരുന്നു ആവശ്യം.ആത്മ' സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ മന്ത്രിയെക്കുറിച്ച് പരാമര്‍ശമുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് അബിന്‍ വര്‍ക്കി പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ആവശ്യമായ നടപടിക്ക് ഡി.ജി.പി ശിപാര്‍ശ നല്‍കിയിരിക്കുന്നത്.
അതേസമയം, ഹേമ കമ്മീഷന് റിപ്പോര്‍ട്ടില്‍ സാംസ്കാരിക വകുപ്പും സര്‍ക്കാരും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഇതില്‍ ഗതാഗത മന്ത്രിയ്ക്ക് കാര്യമില്ലെന്നുമായിരുന്നു ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. 'റിപ്പോര്‍ട്ട് പുറത്തു വന്നു നല്ലതാണ്.
അവസരങ്ങള്‍ ലഭിക്കുന്നതിന് വിട്ടുവീഴ്ച ചെയ്യണമെന്നൊക്കെ പണ്ടേ കേള്‍ക്കുന്നതാണ്. എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല. പറഞ്ഞാല്‍ അന്നേരം പ്രതികരിക്കും. നമ്മള് എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഊഹിക്കുന്നത്. ആളുകളെ ആക്ഷേപിക്കുന്നതിന് തയാറല്ല. സാംസ്കാരിക മന്ത്രി കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ട്.
അദ്ദേഹം നടപടി സ്വീകരിക്കുമെന്ന് ഉറപ്പുണ്ട്. സിനിമ മേഖലയില്‍ എല്ലാ ശരിയാണെന്ന് അഭിപ്രായമില്ല. അറിയാത്ത കാര്യങ്ങളെക്കുറിച്ച് പറയാനില്ല. എന്തെങ്കിലും പറഞ്ഞ് വിവാദത്തിനില്ല. ചില കാര്യങ്ങള്‍ മാത്രം ഹൈലൈറ്റ് ചെയ്ത് ചാടേണ്ട' -എന്നായിരുന്നു ഗണേഷ് പറഞ്ഞത്.
ഷൂട്ടിങ് ലോക്കേഷനില്‍ ബാത്ത് റൂം സൗകര്യമില്ലാത്തതൊക്കെ ഉടന്‍ നടപടിയെടുക്കേണ്ട കാര്യമാണ്. സീനിയറായ നടികളുടെ കാരവന് ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ല. പ്രൊഡ്യൂസേഴ്സ് സംഘടന ഇത്തരം കാര്യങ്ങള്‍ ആലോചിക്കേണ്ടതാണ്. മൊത്തത്തില്‍ ഉള്ള പഠനമാണ്. പണ്ടും ഇതുപോലെയുള്ള കഥകള്‍ കേട്ടിട്ടുണ്ട്. അതിനെക്കുറിച്ച് പറയാനില്ല. ഗണേഷ് കുമാറോ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയോ അല്ല നടപടിയെടുക്കേണ്ടത് -ഗണേഷ് പറഞ്ഞു. അതിനിടെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്.
എഡിറ്റ് ചെയ്യാത്ത റിപ്പോര്ട്ടിന്മേലുള്ള ലൈംഗിക പീഡന പരാമര്‍ശങ്ങളില്‍ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന് ബഞ്ച്, ഹരജി നാളെ പരിഗണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.