തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെഎച്ച്ആര്‍ഡബ്ല്യുഎസ്സിന്റെ നിയന്ത്രണത്തിലുള്ള കാര്‍ഡിയോളജി കാത്ത് ലാബ് അടച്ചുപൂട്ടിയത് അധികൃതരുടെ വന്‍ വീഴ്ച.
ലാബില്‍ പ്രവര്‍ത്തിച്ചിരുന്ന ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്ന മെഷീനുകളുടെ കാലപ്പഴക്കം അധികൃതര്‍ക്ക് അറിയാമായിരുന്നിട്ടും യഥാക്രമം പുതിയവ സ്ഥാപിക്കാത്തതാണ് വീഴ്ചയ്ക്ക് കാരണം.മാത്രവുമല്ല, അടച്ചുപൂട്ടുന്നതിന് മുമ്പായി നടത്തിയിട്ടുള്ള ചികിത്സകള്‍ ശരിയായ രീതിയിലാണോ നടത്തിയിട്ടുള്ളതെന്ന സംശയത്തിനും വഴിയൊരുക്കിയിരിക്കുകയാണ്.
കഴിഞ്ഞ 10നാണ് മെഷീനുകളുടെ കാലപ്പഴക്കം ചൂണ്ടിക്കാട്ടി കെഎച്ച്ആര്‍ഡബ്ല്യുഎസ്സിന്റെ കാര്‍ഡിയോളജി കാത്ത് ലാബ് അടച്ചുപൂട്ടിയത്. 2009 ല്‍ കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടിലാണ് മെഷീനുകള്‍ സ്ഥാപിച്ചത്.
പത്ത് വര്‍ഷമാണ് മെഷീനുകളുടെ കാലാവധി. എന്നാല്‍ നാല് വര്‍ഷത്തോളമാണ് ഈ മെഷീനുകള്‍ അധികമായി ഉപയോഗിച്ചിരിക്കുന്നത്.
കെഎച്ച്ആര്‍ഡബ്ല്യുഎസ്സിന്റെ കാത്ത് ലാബ് പൂട്ടിയതോടെ പകരമായി എച്ച്ഡിഎസ്സിന്റെ കാത്ത് ലാബിന് പുറമെ ന്യൂറോളജി, റേഡിയോളജി വിഭാഗങ്ങളിലെ കാത്ത് ലാബില്‍ വേണ്ട സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന വാദം ആശുപത്രി അധികൃതര്‍ ഉയര്‍ത്തിയെങ്കിലും ഇതില്‍ ന്യൂറോളജി, റേഡിയോളജി എന്നിവിടങ്ങളിലെ കാത്ത് ലാബുകള്‍ പ്രായോഗികമല്ലെന്ന വസ്തുതയാണുള്ളത്.
ന്യൂറോളജി വിഭാഗത്തില്‍ തലച്ചോറിലെ രക്തക്കുഴല്‍ സംബന്ധമായ പരിശോധനയും രക്തക്കുഴലുകളിലെ തടസങ്ങള്‍ മാറ്റുന്നതിനുവേണ്ട നടപടികളാണ് നടക്കുന്നത്. റേഡിയോളജി വിഭാഗത്തില്‍ ഹൃദയം, തലച്ചോറ് ഒഴികെയുള്ള അവയവങ്ങളുടെ രക്തക്കുഴലുകളുടെ ചികിത്സയാണുള്ളത്.
ഇവയില്‍ ഹൃദയസംബന്ധമായ ചികിത്സ നടത്തണമെങ്കില്‍ ഇതു സംബന്ധിച്ച സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്യണം. 25 ലക്ഷത്തോളം രൂപയാണ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായിട്ടുള്ള ചെലവ് വരുന്നത്. മാത്രവുമല്ല ഇത്തരത്തില്‍ മാറ്റം വരുത്തിയാല്‍ നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള സോഫ്റ്റ്വെയറുകള് ഉപയോഗിക്കാനും കഴിയില്ല.
ഇതിനു പുറമെ ന്യൂറോളജി, റേഡിയോളജി ചികിത്സകളും തടസ്സപ്പെടും. കെഎച്ച്ആര്‍ഡബ്ല്യുബ്ലിയുഎസ്സിന്റെ കാര്‍ഡിയോളജി കാത്ത് ലാബ് അടച്ചുപൂട്ടിയതിലുള്ള പകരം സംവിധാനത്തില്‍ തെറ്റായ വിവരമാണ് അധികൃതര്‍ പുറത്ത് വിട്ടിരിക്കുന്നതെന്നാണ് ജീവനക്കാരും പറയുന്നത്.
ഇപ്പോള്‍ എച്ച്ഡിഎസ്സിന്റെ കാത്ത് ലാബ് മാത്രമാണ് പ്രായോഗികമായിട്ടുള്ളത്. ഇവിടെ ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി ചികിത്സയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് അനവധി പേരാണ്. ചികിത്സയ്ക്കായി മാസങ്ങള്‍ കാത്തിരിക്കേണ്ട സ്ഥിതിയാണ് രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്കുള്ളത്. ഈ സാഹചര്യത്തില്‍ കെഎച്ച്ആര്‍ഡബ്ല്യുഎസ്സിലെ രോഗികളെ ഇവിടേക്ക് മാറ്റുമ്പോള്‍ സ്ഥിതിഗതികള്‍ വഷളാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
സാമ്പത്തികമുള്ള രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടാന്‍ കഴിയും എന്നാല്‍ നിര്‍ധനരോഗികള്‍ക്ക് അതിന് കഴിയില്ല. ഇവര്‍ യഥാസമയം വിദഗ്ധ ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങേണ്ടി വരും. കെഎച്ച്ആര്‍ഡബ്ല്യുഎസ് കാത്ത് ലാബിന്റെ പുനര്‍സംവിധാനം വൈകിപ്പിച്ചത് സ്വകാര്യ ആശുപത്രികള്‍ക്ക് വേണ്ടിയാണോയെന്നും സംശയിക്കപ്പെടുകയാണ്.
സംഭവത്തില്‍ വിശദ അന്വേഷണം നടത്തി അടിയന്തരമായി പുതിയ മെഷീനുകള്‍ സ്ഥാപിച്ച് കെഎച്ച്ആര്‍ഡബ്ല്യുഎസ് കാത്ത് ലാബ് സജ്ജമാക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ ജി.എസ്. ശ്രീകുമാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.