തിരുവനന്തപുരം: സാലറി ചലഞ്ചില്‍ അഞ്ചുദിവസത്തെ ശമ്പളം നല്‍കുന്നവർ മാത്രം നല്‍കിയാല്‍ മതിയെന്ന നിർബന്ധം പിൻവലിക്കണമെന്ന് എൻജിഒ സംഘ്.
ഏറ്റവും ചുരുങ്ങിയത് അഞ്ചുദിവസത്തെ ശമ്പളം നല്‍കണമെന്ന് നിർബന്ധമാക്കിയതിലൂടെ സ്വമേധയാ കഴിയുന്നത്രയും ദിവസത്തെ ശമ്പളം നല്‍കാൻ ആഗ്രഹിക്കുന്ന ജീവനക്കാരുടെ അവകാശമാണ് സർക്കാർ ഉത്തരവിലൂടെ നിഷേധിച്ചിരിക്കുന്നതെന്ന് എൻജിഒ സംഘ് ചൂണ്ടിക്കാട്ടി.വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നടന്ന സർവീസ് സംഘടനകളുടെ സംയുക്ത യോഗത്തില്‍ അഞ്ചുദിവസത്തെ ശമ്പളം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ, എതിർക്കേണ്ടതില്ലായെന്നും, നിർബന്ധം പാടില്ല എന്നതുമായിരുന്നു പൊതു തീരുമാനം.
എന്നാല്‍ ഈ ധാരണയ്‌ക്ക് വിരുദ്ധമായി അഞ്ചു ദിവസത്തെ ശമ്പളം നിർബന്ധമാക്കി കൊണ്ടുള്ള സർക്കാർ ഉത്തരവിലൂടെ ജീവനക്കാരെ കബളിപ്പിച്ചിരിക്കുകയാണ്.
സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ജീവനക്കാരുടെ നിരവധിയായ ആനുകൂല്യങ്ങള്‍ കാലങ്ങളായി തടഞ്ഞു വച്ചിരിക്കുകയാണ്.
സമയബന്ധിതമായി ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിനാല്‍ സംസ്ഥാനത്തെ വർദ്ധിച്ച വിലക്കയറ്റ സാഹചര്യത്തില്‍ ശമ്പള വരുമാനത്തെ മാത്രം ആശ്രയിക്കുന്ന ബഹുഭൂരിപക്ഷം ജീവനക്കാരും വളരെയേറെ സാമ്പത്തിക പ്രയാസങ്ങളാണ് അനുഭവിച്ചു വരുന്നത്.
എന്നാലും ദുരന്ത സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അവരവരുടെ സാമ്പത്തികശേഷി അനുസരിച്ച് സംഭാവന നല്‍കാൻ തീരുമാനിക്കുകയായിരുന്നു.
ഏറ്റവും ചുരുങ്ങിയത് അഞ്ചുദിവസത്തെ ശമ്പളം നിർബന്ധമാക്കിയതിലൂടെ സ്വമേധയാ കഴിയുന്നത്രയും ദിവസത്തെ ശമ്പളം നല്‍കാൻ ആഗ്രഹിക്കുന്ന ജീവനക്കാരുടെ അവകാശമാണ് സർക്കാർ ഉത്തരവിലൂടെ നിഷേധിച്ചിരിക്കുന്നത്.
വയനാട് പുനർനിർമ്മാണ പ്രവർത്തനങ്ങളില്‍ കൂടുതല്‍ പേരെ പങ്കാളിയാക്കുന്നതിനു വേണ്ടി ഉത്തരവ് ഭേദഗതി ചെയ്ത് മുഴുവൻ ജീവനക്കാർക്കും അവസരം നല്‍കണമെന്നും, ദുരന്തബാധിത പ്രദേശങ്ങളിലെ ജീവനക്കാരെ സാലറി ചലഞ്ചില്‍ നിന്നും ഒഴിവാക്കണമെന്നും കേരള എൻജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദൻ, ജനറല്‍ സെക്രട്ടറി എസ്. രാജേഷ് എന്നിവർ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.