മലപ്പുറം: ആരെയൊക്കെയോ സംരക്ഷിക്കാന്‍ വേണ്ടി സിനിമാക്കാരെ മുഴുവന്‍ സംശയ നിഴലില്‍ നിര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. സര്‍ക്കാര്‍ വലിയ ഒളിച്ചു കളിയാണ് നടത്തുന്നത്.
ആരൊക്കെയോ കുറച്ചു ആളുകളെ സംരക്ഷിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ നടത്തുന്ന ഒളിച്ചു കളിയാണ്, എല്ലാവരും വഷളാകുന്ന സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നത് എന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സിനിമാരംഗത്തു നില്‍ക്കുന്നവരെല്ലാം കുഴപ്പക്കാരാണ്, എല്ലാവരും കൊള്ളരുതാത്തവരാണ് എന്ന തോന്നല്‍ സാധാരണക്കാര്‍ക്ക് ഇടയില്‍ ഉണ്ടാക്കാന്‍ കാരണം സര്‍ക്കാരാണ്. ഒരു ന്യൂനപക്ഷം ആളുകള്‍ മാത്രമാണ് കുറ്റവാളികള്‍. എത്രയോ നല്ലവരായ ആളുകള്‍ സിനിമയിലുണ്ട്.
ദീര്‍ഘകാലമായി സിനിമാരംഗത്തു നിന്നിട്ട് ഒരു കറ പോലും ഏല്ക്കാതെ നില്ക്കുന്ന എത്രയോ പേരുണ്ട്. അവരും ജനങ്ങളുടെ മുന്നില്‍ സംശയനിഴലിലായി നില്‍ക്കുകയാണ്. ഇതിനു കാരണം സര്‍ക്കാര്‍ നിലപാടാണ്.
യഥാര്‍ത്ഥ കുറ്റവാളികള്‍ ആരാണെന്നത് സര്‍ക്കാര്‍ മറച്ചു വെക്കുന്നു. അതുകൊണ്ടാണ് നിരപരാധികളായ, സത്യസന്ധരായ മനുഷ്യര്‍ പോലും അപമാനിക്കപ്പെടുന്ന ഒരു സാഹചര്യം ഉണ്ടായിരിക്കുന്നത്. ഇതിന് സര്‍ക്കാര്‍ പരിഹാരം ഉണ്ടാക്കിയേ പറ്റൂ എന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സാംസ്കാരിക മന്ത്രി ഒന്നും പറയുന്നില്ല. മുഖ്യമന്ത്രിയാകട്ടെ ഇഷ്ടമുള്ള ചോദ്യത്തിന് മാത്രമേ മറുപടി പറയുകയുള്ളൂ.
സര്‍ക്കാരിനോട് അഞ്ചു ചോദ്യങ്ങള്‍ പ്രതിപക്ഷം ചോദിക്കുകയാണ്. 1. ഒരുപാട് ക്രിമിനല്‍ കുറ്റങ്ങള്‍ നടന്നുവെന്ന് വ്യക്തമാക്കുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പുറത്ത് എന്തുകൊണ്ട് സര്‍ക്കാര്‍ അന്വേഷണം നടത്തുന്നില്ല?. 2. ഭാരതീയ നിയമസംഹിതയുടേയും, പോക്സോ ആക്ടിന്റെയും നഗ്നമായ ലംഘനമാണ് നടന്നിട്ടുള്ളത്.
സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ നടന്നുവെന്ന് പറഞ്ഞാല്‍ അന്വേഷണം നടത്തണമെന്നാണ് നിയമം പറയുന്നത്. എന്തുകൊണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല? നിയമം ലംഘിക്കുന്നതു തന്നെ കുറ്റകരമാണ്.
3. വിവരാവകാശ കമ്മീഷന് പറഞ്ഞതു കൂടാതെയുള്ള കുറേ പേജുകളും ഖണ്ഡികകളും വെട്ടിമാറ്റിയത് ആരെ സംരക്ഷിക്കാനാണ്?. പേജുകള്‍ പുറത്തു വിട്ടപ്പോള്‍ കാണിച്ച കൃത്രിമം ആരെ രക്ഷിക്കാനാണെന്നത് സര്‍ക്കാര്‍ വ്യക്തമാക്കിയേ പറ്റൂ. 4. ആരോപണ വിധേയരുടെ കൂടെ ഇരുത്തി സിനിമാ കോണ്‍ക്ലേവ് നടത്തുമെന്ന് പറയുന്നത് ഇരകളെ അപമാനിക്കലാണ്.
എന്തിനാണ് ആരോപണ വിധേയരെ ഉള്‍പ്പെടുത്തി കോണ്‍ക്ലേവ് നടത്തുന്നത്?. 5. എന്തുകൊണ്ടാണ് പിണറായി വിജയന് സര്‍ക്കാര്‍ സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നത്?. ഈ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു
ബിജെപിയുടെ കേന്ദ്രമന്ത്രി ഇറങ്ങിയിരിക്കുകയാണ്. ആരെ രക്ഷിക്കാനാണ്, സിപിഎമ്മിന്റെ എംഎല്‍എയെ രക്ഷിക്കാന്‍. എന്താ കഥ. ബിജെപിയുടെ കേന്ദ്രമന്ത്രി എന്തിനു വേണ്ടിയാണ് മാധ്യമങ്ങളെ തട്ടി മാറ്റിയത്. എന്തൊക്കെയാണ് നമ്മള് കാണുന്നത്. വിഡി സതീശന് പറഞ്ഞു.
നിങ്ങള്‍ ഞങ്ങളുടെ മഹത്വം മനസ്സിലാക്കുക. ഞങ്ങളൊക്കെ എത്ര ഡീസന്റാണ്, എത്ര മര്യാദക്കാരാണ്. അത്രയേ പറയുന്നുള്ളൂ. സിനിമാ കോണ്‍ക്ലേവ് നടത്താന്‍ അനുവദിക്കില്ലെന്നും വിഡി സതീശന് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.