കൊല്ലം: കല്ലുവാതുക്കലില്‍ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസില്‍ അമ്മയ്ക്ക് പത്ത് വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ.
കല്ലുവാതുക്കല്‍ ഈഴായ്ക്കോട് പേഴുവിളവീട്ടില്‍ രേഷ്മ(25)യെയാണ് കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജഡ്ജ് പി.എൻ.വിനോദ് ശിക്ഷിച്ചത്. കേസില്‍ പ്രതി കുറ്റക്കാരിയാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304 പാർട്ട് രണ്ട് പ്രകാരം നരഹത്യാകുറ്റവും ബാലനീതി നിയമത്തിലെ 75-ാം വകുപ്പ് പ്രകാരം കുട്ടികളോട് കാണിക്കുന്ന ക്രൂരതാ കുറ്റവുമാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്.2021 ജനുവരി അഞ്ചിന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ജനിച്ച് അധികസമയം ആകാത്ത ആണ്‍കുഞ്ഞിനെയാണ് പൊക്കിള്‍ക്കൊടിപോലും മുറിച്ചുമാറ്റാതെ, രേഷ്മയുടെ വീടിന്റെ പിന്നിലെ റബ്ബർതോട്ടത്തിലെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്.
അവശനിലയിലായിരുന്ന കുഞ്ഞിനെ കൊല്ലം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അവിടെനിന്ന് തിരുവനന്തപുരം എസ്.എ.ടി.യിലുമെത്തിച്ചെങ്കിലും മരിച്ചു. ഡി.എൻ.എ. പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് തിരിച്ചറിയുന്നത്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നു 31 സാക്ഷികളെ വിസ്തരിച്ചു. 66 രേഖകള്‍ ഹാജരാക്കി. പ്രതിയുടെ അമ്മ ഗീതയും ഭർത്താവിന്റെ അമ്മ ഗിരിജകുമാരിയും മറ്റ് അയല്‍ക്കാരായ സാക്ഷികളും കൂറുമാറിയിരുന്നു.
പ്രോസിക്യൂഷൻ സാക്ഷിയായിരുന്ന പ്രതിയുടെ ഭർത്താവ് വിഷ്ണു പിന്നീട് കോടതിയില്‍ പ്രതിഭാഗം സാക്ഷിയായി. നവജാതശിശുവിന്റെ മാതാപിതാക്കളാണ് പ്രതിയും ഭർത്താവായ വിഷ്ണുവും എന്നു കണ്ടെത്തിയ ഡി.എൻ.എ. ഫലം കോടതി അംഗീകരിക്കുകയായിരുന്നു.
പാരിപ്പള്ളി പോലീസ് സബ് ഇൻസ്പെക്ടർമാരായിരുന്ന എ.അല്‍ജബാർ, ടി.സതികുമാർ, ഇൻസ്പെക്ടർമാരായ എൻ.അനീസ, എസ്.രൂപേഷ് രാജ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സിസിൻ ജി.മുണ്ടയ്ക്കലും ഡി.ഷൈൻദേവും ഹാജരായി. വനിതാ സിവില്‍ പോലീസ് ഓഫീസർ മഞ്ജുഷ പ്രോസിക്യൂഷൻ സഹായിയായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.