രാഷ്‌ട്രപതിയുടെ മെഡല്‍ പിടിച്ചുവാങ്ങാനാവില്ല: വിവാദനായകൻ എസ്പി അബ്ദുള്‍ റഷീദിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി,

കൊച്ചി: സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ പോലീസ് മെഡല്‍ പിടിച്ചുവാങ്ങാനോ ഒരു ഹര്‍ജിയിലൂടെയോ നേടാന്‍ കഴിയുന്നതല്ലെന്ന് ഹൈക്കോടതി.

വിവാദ ഐപിഎസ് ഉദ്യോഗസ്ഥന്‍ അബ്ദുള്‍ റഷീദിന്റെ ഹര്‍ജി തള്ളുമ്പോഴാണ് കോടതി ഈ ഗൗരവകരമായ നിരീക്ഷണം നടത്തിയത്. സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി അംഗീകാരം നേടുകയല്ല വേണ്ടത്. കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

രാഷ്‌ട്രപതിയുടെ പോലീസ് മെഡലിന് തന്റെ പേര് ശിപാര്‍ശ ചെയ്യാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് അബ്ദുള്‍ റഷീദ് നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. മൂന്ന് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് എസ്പി എന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജി തള്ളുകയും ചെയ്തു.

സംസ്ഥാനതല പരിശോധനാ സമിതി റഷീദിന്റെ പേര് ശിപാര്‍ശ ചെയ്തിരുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. റഷീദിന്റെ നിവേദനം പരിഗണിച്ച്‌ സംസ്ഥാന സമിതി വീണ്ടും പേരും വിവരങ്ങളും പരിശോധിച്ചു. ആദ്യ തീരുമാനം പൂര്‍ണമായും ശരിയാണെന്നായിരുന്നു സമിതിയുടെ രണ്ടാമത്തെ കണ്ടെത്തലും.

 ഇതേത്തുടര്‍ന്നാണ് പേര് തള്ളിയത്. സര്‍ക്കാര്‍ ബോധിപ്പിച്ചു. സര്‍വ്വീസിലുള്ളവര്‍ക്കാണ് മെഡല്‍ നല്കുന്നതെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി. സമിതിയുടെ ശിപാര്‍ശ പ്രകാരമാണ് രാഷ്‌ട്രപതിയുടെ മെഡല്‍ ലഭിക്കേണ്ടത്. ഇത്തരം കാര്യങ്ങളില്‍ ഹര്‍ജിയൊന്നുമല്ല വേണ്ടതും. കോടതി വ്യക്തമാക്കി.

കൊല്ലം പള്ളിത്തോട്ടം സ്വദേശിയായ അബ്ദുള്‍ റഷീദ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നു മാത്രമല്ല വിവാദനായകനുമാണ്. ഡിവൈഎസ്പി ആയിരിക്കെ യാത്രകഴിഞ്ഞ് മടങ്ങുമ്പോള്‍ തന്റെ വീട്ടില്‍ പോകാനുള്ള സൗകര്യത്തിന് രാജധാനി എക്‌സ്പ്രസ് കൊല്ലം നഗരത്തിനടുത്ത് ചങ്ങല വലിച്ച്‌ നിര്‍ത്തിച്ചത് വന്‍ വിവാദമായിരുന്നു. 

മാതൃഭൂമി മുന്‍ ലേഖകന്‍ വി.ബി. ഉണ്ണിത്താന്‍ വധശ്രമക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായിരുന്നു ഇയാള്‍. ഈ കേസില്‍ 90 ദിവസം ജയിലില്‍ കിടന്നിട്ടുമുണ്ട്. അബ്ദുള്‍ റഷീദിന് ഐപിഎസ് ലഭിച്ചതും വലിയ വിവാദമായതാണ്. 

ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും വിവരങ്ങള്‍ മറച്ചുവച്ചുമാണ് ഇയാള്‍ ഐപിഎസ് കണ്‍ഫര്‍ ചെയ്യാന്‍ യുപിഎസ്‌സിക്ക് അപേക്ഷ നല്കിയതെന്ന് അന്നേ ആരോപണം ഉണ്ടായിരുന്നു.

അന്നത്തെ ഇന്റലിജന്‍സ് എസ്പിയാണ് യുപിഎസ്‌സിക്ക് തെറ്റായ വിവരങ്ങള്‍ നല്കിയതും. ഉണ്ണിത്താന്‍ വധശ്രമക്കേസിലെ മാപ്പുസാക്ഷി സന്തോഷ്‌കുമാര്‍ ഇയാള്‍ക്കെതിരെ ഡിജിപിക്കും ഇന്റലിജന്‍സിനും നല്‍കിയ പരാതി കോണ്‍ഫിന്‍ഷ്യല്‍ വിഭാഗത്തിലെ രണ്ടു ഉദ്യോഗസ്ഥര്‍ പൂഴ്‌ത്തുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !