കൊച്ചി: ലളിതാ നിവാസിൽ ഇനി ആരുമില്ല. മകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയും പേറി ജീവിച്ച ലളിത ഓർമയായി. ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിന് ഇതര സംസ്ഥാനക്കാരൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വി വിനോദിന്റെ അമ്മ അന്തരിച്ചു.
വിനോദ് മരിച്ച് നാല് മാസം തികഞ്ഞതിനു പിന്നാലെയാണ് ലളിതയുടെ മരണം.മകന്റെ വേർപാടിനെ തുടർന്ന് ലളിതയുടെ ആരോഗ്യം മോശമായിരുന്നു. തുടർന്ന് മകളുടെ വീട്ടിലും ആശുപത്രിയിലുമായാണ് കഴിഞ്ഞിരുന്നത്.മകന്റെ മരണത്തെ തുടർന്ന് കടുത്ത മനോവ്യഥയിലായ ലളിത പിന്നീട് പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തിയില്ല. ലളിതയുടേയും വിനോദിന്റേയും സ്വപ്ന ഭവനമായ ലളിതാ നിവാസിലേക്ക് താമസം മാറി ആഴ്ചകൾക്ക് പിന്നാലെയായിരുന്നു മരണം.
ഏപ്രിൽ രണ്ടിനാണ് കേരളത്തെ ഉലച്ച സംഭവമുണ്ടായത്. എറണാകുളത്തു നിന്നും പട്‌നയിലേക്കുള്ള ട്രെയിനിലെ ടിടിഇ ആയിരുന്ന വിനോദിനെ ആണ് ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. ഒഡീഷ സ്വദേശി രജനീകാന്ത രണജിത്താണ് കൊലനടത്തിയത്.
മദ്യപിച്ച് ലക്കുകെട്ട പ്രതി യാത്രക്കാരോടെല്ലാം മോശമായാണ് പെരുമാറിയിരുന്നത്. ഇതും ടിടിഇ ചോദ്യം ചെയ്തിരുന്നു. ഒപ്പം ടിക്കറ്റ് ചോദിക്കുകയും അടുത്ത സ്റ്റോപ്പില്‍ ഇറക്കിവിടാനായി രജനീകാന്തിനെ ഡോറിനടുത്തേക്ക് കൊണ്ടു നിര്‍ത്തുകയും ചെയ്തു. ഇതോടെ പ്രതി വീണ്ടും പ്രകോപിതനായി ടിടിഇയെ ഒറ്റത്തള്ളിന് പുറത്തേക്ക് തള്ളിയിടുകയായിരുന്നു.
അച്ഛന്റെ മരണത്തെ തുടർന്നാണ് വിനോദിന് റെയിൽവേയിൽ ജോലി ലഭിച്ചത്. മെക്കാനിക്കൽ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന വിനോദ് കാൻസറിനെ അതിജീവിച്ചതിനു ശേഷമാണ് ടിടിഇ കേഡറിലേക്ക് മാറിയത്. സിനിമാ പ്രേമിയായിരുന്ന വിനോദ് നിരവധി സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.