പാലക്കാട്: അഴിമതിയാരോപണവുമായി ബന്ധപ്പെട്ട ഫയല്‍ കൃഷിഓഫീസില്നിന്ന് 'പൊക്കാനും' ക്വട്ടേഷന്‍.
സംഭവവുമായി ബന്ധപ്പെട്ട് ഫയല്മോഷ്ടിച്ച് പ്രതികള്‍ക്ക് കൈമാറിയതായി കണ്ടെത്തിയ കാഞ്ഞിരപ്പള്ളി എലിക്കുളം എസ്.എച്ച്. ചര്‍ച്ചിനുസമീപം കൊല്ലക്കാട്ടുവീട്ടില് ജോസഫിനെ (പൂവരണി ജോയി-57) ഷൊര്ണൂര്പോലീസ് പിടികൂടി. ആലപ്പുഴ തീര്ഥശ്ശേരി അമ്പലത്തിനുസമീപം ഇയാള്‍ ഒളിവില്‍ താമസിച്ചിരുന്ന വനിതാസുഹൃത്തിന്റെ വീട്ടില്‍നിന്നാണ് വ്യാഴാഴ്ച പുലര്‍ച്ചെ പോലീസ് സംഘം പിടികൂടിയത്.പൂവരണി ജോയിക്ക് ക്വട്ടേഷന്‍ നല്കിയവരെക്കുറിച്ചും വിവരങ്ങള്‍ കൈമാറിയവരെക്കുറിച്ചുമുള്ള പൂര്‍ണവിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. കേസില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ട്.
ഇതിന്റെ ഭാഗമായി അഴിമതി ആരോപണവുമായി ബന്ധപ്പെട്ട ഫയല്‍ മോഷ്ടിക്കാന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നെന്ന് അറസ്റ്റിലായ ജോയി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൃഷിവകുപ്പിലെതന്നെ ചില 'ഉദ്യോഗസ്ഥര്‍ക്ക്' സംഭവവുമായുള്ള ബന്ധത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈകാതെ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നും പോലീസ് പറഞ്ഞു.
ജൂലായ് 29-ന് രാത്രി ഷൊര്‍ണൂര്‍ നഗരസഭാ കൃഷിഭവന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ടുപൊളിച്ചാണ് ഫയല്മോഷണം അരങ്ങേറിയത്. വൈകീട്ട് അഞ്ചിന് കൃഷി ഓഫീസ് പൂട്ടിപ്പോയ ജീവനക്കാര്‍ 30-ന് രാവിലെ 9.50-ന് തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
ആദ്യം ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് കൃഷി ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും പിന്നീടുനടന്ന പരിശോധനയില്‍ ഓഫീസിലെ മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന ഏതാനും ഫയലുകള്‍ മേശവലിപ്പടക്കം നഷ്ടപ്പെട്ടതായി കണ്ടെത്തി. അഗ്രിക്കള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍ പി. സിന്ധു നല്കിയ പരാതിയില്‍ ഷൊര്‍ണൂര്‍ എസ്.ഐ. എം. മഹേഷ് കുമാര്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രദേശത്തെ സി.സി.ടി.വി. അടക്കമുള്ള തെളിവുകള്‍ പരിശോധിച്ച പോലീസ് പൂവരണി ജോയി സ്ഥലത്തുണ്ടായിരുന്നതായി തിരിച്ചറിഞ്ഞു. സംസ്ഥാനത്തുടനീളം 130 ലേറെ മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് ജോയി. ഇയാള്‍ മൊബൈല്‍ ഫോണുപയോഗിക്കാറില്ല.
പ്രധാനമായും അമ്പലങ്ങളും ഒറ്റപ്പെട്ട വീടുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ക്ഷേത്രത്തില്‍നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഫെബ്രുവരിയില്‍ ചങ്ങനാശ്ശേരി പോലീസ് അറസ്റ്റുചെയ്ത ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നതായും പോലീസ് കണ്ടെത്തി.
തുടര്‍ന്ന്, ജോയി പോകാനിടയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആലപ്പുഴയിലെ സുഹൃത്തിന്റെ ഫോണ്‍നമ്പര്‍ പോലീസിന് ലഭിച്ചു. ഇതുവഴി ഇവര്‍ ബന്ധപ്പെട്ട വക്കീലിനെ കണ്ടെത്തി. ജോയിയെ പോലീസിന് മുമ്പില്‍ ഹാജരാക്കാമെന്ന് വക്കീല്‍ അറിയിച്ചു.
എന്നാല്‍, ഇയാള്‍ മുങ്ങാനിടയുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് ആലപ്പുഴയിലെത്തി. തുടര്‍ന്ന്, ഒളിവില്‍ക്കഴിഞ്ഞ വീട്ടില്‍നിന്നും വ്യാഴാഴ്ച പുലര്‍ച്ചെ ജോയിയെ തന്ത്രപരമായി പിടികൂടുകയായിരുന്നു.

.webp)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.