ബെംഗളൂരു: കർണാടകത്തിൽ ബിജെപി ഓപ്പറേഷൻ താമരക്ക് ശ്രമിക്കുന്നെന്ന വെളിപ്പെടുത്തൽ വിവാദമാകുന്നു.
മാണ്ഡ്യയിലെ കോൺഗ്രസ് എം.എൽ.എ. രവികുമാർ ഗൗഡ (രവി ഗണിഗ)യാണ് ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ഒരു കോൺഗ്രസ് എംഎൽഎയ്ക്ക് ബിജെപി ഇട്ടിരിക്കുന്ന വില 100 കോടി രൂപയാണെന്നും കോൺഗ്രസ് നേതാവ് ആരോപിക്കുന്നു.
ഇത്തരത്തിൽ 50 കോൺഗ്രസ് എംഎൽഎമാരെ വിലയ്ക്കെടുത്ത് കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും രവികുമാർ ഗൗഡ ആരോപിക്കുന്നു. കർണാടകത്തിൽനിന്നുള്ള ബി.ജെ.പി ദേശീയ ഭാരവാഹിയും മൂന്നു കേന്ദ്രമന്ത്രിമാരുമാണ് സംസ്ഥാനത്ത് ഓപ്പറേഷൻ താമരക്ക് ചരടുവലിക്കുന്നത് എന്നാണ് കോൺഗ്രസ് എംഎൽഎയുടെ വെളിപ്പെടുത്തൽ.രണ്ടുദിവസം മുമ്പ് തന്നെ ഒരാൾ വിളിച്ച് പണം തയ്യാറാണെന്നും 50 കോൺഗ്രസ് എം.എൽ.എ. മാരെ വാങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞു. എന്നാൽ, 100 കോടി രൂപ കൈയിൽത്തന്നെ വെച്ചോളാൻ മറുപടി നൽകുകയായിരുന്നു.
വിളിച്ചയാളുടെ സംഭാഷണം കൈവശമുണ്ട്. തങ്ങൾ തെളിവുകൾ ശേഖരിക്കുകയാണ്. ഇത് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി.) സി.ബി.ഐ. ക്കും കൈമാറും. ശരിയായ സമയത്ത് എല്ലാം പുറത്തുവിടും.- അദ്ദേഹം പറഞ്ഞു.
എന്നാൽ, കർണാടക സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾ വിഫലമാണെന്നും കോൺഗ്രസ് നേതാവ് പറയുന്നു. 136 എം.എൽ.എ. മാരുമായി കോൺഗ്രസ് പാറ പോലെ ശക്തമാണ്.
എല്ലാ ദിവസവും സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി. ശ്രമിക്കുകയാണ്. കഴിഞ്ഞ വർഷം വാഗ്ദാനം ചെയ്ത 50 കോടി രൂപയിൽനിന്ന് 100 കോടി രൂപയായി വാഗ്ദാനം അവർ ഉയർത്തി. പക്ഷേ സർക്കാരും മുഖ്യമന്ത്രിയും ശക്തമാണെന്നും രവികുമാർ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിലും ബി.ജെ.പി. ഓപ്പറേഷൻ താമരയ്ക്ക് ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചിരുന്നു. അന്ന് 50 കോടി രൂപയും മന്ത്രിസ്ഥാനവുമായിരുന്നു വാഗ്ദാനം ചെയ്തത്. നാല് എം.എൽ.എ. മാരെ ബി.ജെ.പി. ബന്ധപ്പെട്ടിരുന്നുവെന്നും ഇതിന് തെളിവുണ്ടെന്നും കഴിഞ്ഞവർഷം രവികുമാർ ഗൗഡ വെളിപ്പെടുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.