ദുബായ് : മലപ്പുറം സ്വദേശിയായ യുവാവ് കള്ളക്കേസിൽ കുടുക്കിയതിനെ തുടർന്ന് മലയാളി യുവതി ദുബായിൽ ദുരിതത്തിലായി. വ്യാജ ചെക്ക് കേസ് നൽകിയതുമൂലം സന്ദർശക വീസ പുതുക്കാനോ നാട്ടിലേക്കു പോകാനോ കഴിയുന്നില്ലെന്ന് യുവതി നായിഫ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ദുബായിലെ തന്റെ സ്ഥാപനത്തിന്റെ മാനേജറുടെ പേരിലായിരുന്നു അരലക്ഷം ദിർഹത്തിന് ചെക്ക് കേസ് നൽകിയത്. പരാതിയെ തുടർന്ന് രണ്ടുപേരെയും പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും മലപ്പുറം സ്വദേശി നാട്ടിലേക്കു മുങ്ങി. എന്നാൽ, സന്ദർശക വീസ കാലാവധി കഴിഞ്ഞതിനാൽ പുറത്തിറങ്ങാൻ പോലുമാകാതെ പ്രതിസന്ധിയിലായ യുവതി ഒരു കൂട്ടുകാരിയുടെ കൂടെയാണ് താമസിക്കുന്നത്.നാട്ടിലെ യുവാവിനെ കേസിൽ കുടുക്കാനുള്ള തന്ത്രം നാട്ടിലും യുഎഇയിലും അഭിഭാഷകനാണെന്ന് പറയുന്ന മലപ്പുറം തിരൂർ സ്വദേശിയുടെ വീട്ടിൽ അയാളുടെ മാതാവിനെ പരിചരിക്കാനായി യുവതി ചെന്നപ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്. വൃക്കരോഗിയായ മകനും മകളുമടങ്ങിയ കുടുംബത്തിന്റെ ആശ്രയമായിരുന്നു യുവതി.
പിന്നീട്, തനിക്ക് ഭക്ഷണമുണ്ടാക്കിത്തരാൻ ആളെ വേണമെന്ന് പറഞ്ഞ് യുവാവ് ഇവരെ 2023 മേയ് 10ന് ദുബായിലെത്തിക്കുകയായിരുന്നു. ഇതിന് ശേഷമാണ് യുവാവ് തനിസ്വഭാവം വെളിപ്പെടുത്തിയത്. ഇയാളുമായി പ്രശ്നത്തിലായിരുന്ന നാട്ടിലെ ഒരു യുവാവിനെ പോക്സോ കേസിൽ കുടുക്കാനായി യുവതിയുടെ മകളെ ഉപയോഗിക്കാനുള്ള ശ്രമം എതിർത്തപ്പോഴായിരുന്നു ശത്രുത ആരംഭിച്ചത്.
മകൾ യുവാവുമായി സ്നേഹം അഭിനയിച്ച് വശത്താക്കിയ ശേഷം പീഡിപ്പിച്ചെന്ന് പൊലീസിൽ പരാതി നൽകണമെന്നായിരുന്നു യുവാവിന്റെ ആവശ്യമെന്ന് യുവതി പറഞ്ഞു. യുവതി തന്റെ ഇംഗിതത്തിന് വഴങ്ങില്ല എന്ന് മനസിലായപ്പോൾ പല രീതിയിൽ മാനസീകമായി പീഡിപ്പിക്കാനും ശ്രമിച്ചു. പ്രശ്നം രൂക്ഷമായപ്പോൾ നാട്ടിലേക്കു തിരിച്ചുപോകാനാഗ്രഹിച്ച യുവതിയുടെ പാസ്പോർട്ടും ഇയാൾ പിടിച്ചുവച്ചു.
കെട്ടിടത്തിൽ നിന്ന് ചാടി മരിക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് പിന്നീട് അത് കൈക്കലാക്കി യുവതി നാട്ടിലേക്കു മടങ്ങിയത്. ഇതിന് മുൻപ് യുവാവ് യുവതിയുടെ ഫോൺ തട്ടിയെടുക്കുകയും നാട്ടുകാരെ വിളിച്ച് പലതും പറഞ്ഞുപരത്തി അപമാനിച്ചതായും യുവതി മനോരമ ഓൺലൈനോട് പറഞ്ഞു. നാട്ടിലെത്തിയപ്പോൾ ആളുകളുടെ പരിഹാസം മൂലം മാനസീകമായി തകർന്നു. പൊലീസിൽ പരാതി കൊടുത്തെങ്കിലും യുവാവിന്റെ സ്വാധീനംമൂലം അന്വേഷണം പോലും നടത്തിയില്ല.
തുടർന്ന് വൃക്കരോഗിയായ മകളെ പരിചരിക്കാൻ പോലുമാകാതെ വിഷമവൃത്തത്തിൽപ്പെട്ടപ്പോൾ കൂട്ടുകാരി അയച്ചുകൊടുത്ത സന്ദർശക വീസയിൽ വീണ്ടും യുഎഇയിലെത്തുകയായിരുന്നു. തുടർന്ന് ജോലിക്ക് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഫെബ്രുവരി 3ന് ഒമാനില്‍ ചെന്ന് വീസ പുതുക്കിവന്നു. വീണ്ടും സന്ദർശക വീസയുടെ കാലാവധി കഴിഞ്ഞ് പുതുക്കാൻ വേണ്ടി ഒമാനിലേയ്ക്ക് പോകാനായി വിമാനത്താവളത്തിൽ ചെന്നപ്പോഴായിരുന്നു യാത്രാ വിലക്ക് കാരണം എമിഗ്രേഷനിൽ നിന്ന് തിരിച്ചയച്ചത്.
ശമ്പളത്തിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങി ആദ്യം യുഎഇയിലേക്കു കൊണ്ടുവന്നപ്പോൾ ശമ്പളം നൽകാനെന്ന പേരിൽ യുവതിയുടെ പേരിൽ യുവാവ് ബാങ്ക് അക്കൗണ്ട് തുറന്നിരുന്നു. ഇതിന് തന്നെകൊണ്ട് ഒപ്പ് ഇടിച്ചിരുന്നതായി യുവതി പറഞ്ഞു. ബാക്കി നടപടികളെല്ലാം യുവാവ് തന്നെയായിരുന്നു ചെയ്തത്. എന്നാൽ ചെക്ക് ബുക്ക് വാങ്ങിയ കാര്യം അറിയില്ല. താനറിയാതെ എടുത്ത ചെക്കായിരിക്കും വ്യാജ ഒപ്പിട്ട് അൻപതിനായിരം ദിർഹം നൽകാനുണ്ടെന്ന് പറഞ്ഞ് മാനേജറെ കൊണ്ട് കോടതിയിൽ ഹാജരാക്കിയതെന്നാണ് യുവതി സംശയിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വൻതുക അഭിഭാഷക ഫീസ് നൽകേണ്ടതുണ്ട്. കൂടാതെ, യുവാവ് നാട്ടിലേക്കു മുങ്ങുകയും ചെയ്തു. എന്നാൽ, ചെക്ക് ഹാജരാക്കിയ മാനേജര്‍ ദുബായിൽ തന്നെയുണ്ട്. ഇയാൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാൻ സാമൂഹിക സേവനത്തിൽ കൂടി തത്പരരായ അഭിഭാഷകരുടെ സഹായം തേടുകയാണ് നിരാലംബയായ ഈ യുവതി. യുവാവുമായുള്ള ഫോൺ സംഭാഷണങ്ങളുടെ തെളിവുകൾ അടക്കമാണ് യുവതി പരാതി നൽകിയിരിക്കുന്നത്.
നാട്ടിലേക്കു പോകുമ്പോൾ ആഹ്ളാദ വിഡിയോ അടുത്തകാലത്ത് യുവാവിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചിരുന്നു. ഇത് വലിയ ആഘോഷമായിട്ടാണ് ഏറ്റുവാങ്ങിയത്. ഇയാൾ വഹിക്കുന്ന സ്ഥാനങ്ങൾ മറ്റൊരാളെക്കൊണ്ട് വിളിച്ചുപറയിക്കുന്ന പരിപാടിയും ഇതോടൊപ്പം അരങ്ങേറി. കൂടാതെ, കേസിൽ കുടുങ്ങുമെന്നുറപ്പായി നാട്ടിലേക്കു മുങ്ങുന്ന കാര്യമറിയിച്ച് ലഗേജുകൾക്ക് അരികിൽ നിന്ന് മാപ്പിളപ്പാട്ടിന് ചുണ്ടനക്കി നൃത്തം ചെയ്യുന്ന വിഡിയോയും ഇയാൾ പോസ്റ്റ് ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.