മുണ്ടക്കൈ :‘ചൂരൽമലയിൽ ഉരുൾപൊട്ടി. വീട്ടിലൊക്കെ വെള്ളം കയറി. ആരോടെങ്കിലും പറയുമോ ഞങ്ങളെയൊന്നു രക്ഷിക്കാൻ...’
സഹായം തേടി സഹപ്രവർത്തകർക്കു നീതു അയച്ച ശബ്ദസന്ദേശം നമ്മളെല്ലാം കേട്ടതാണ്. ഒടുവിൽ, ഭയപ്പെട്ടതുതന്നെ സംഭവിച്ചു. ഉരുളിന്റെ കുത്തൊഴുക്കിൽ മറഞ്ഞ നീതുവിന്റെ ചേതനയറ്റ ശരീരം ചാലിയാറിൽ കണ്ടെത്തി.
മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എക്സിക്യൂട്ടീവായ നീതു (30), ഭർത്താവ് ജോജോ, ഏകമകൻ ജൊഹാൻ, ജോജോയുടെ മാതാപിതാക്കളായ ജോസഫ്, ഓമന എന്നിവരടങ്ങുന്ന കുടുംബം വെള്ളാർമല ഹൈസ്കൂളിനു സമീപത്തായിരുന്നു താമസം.ആദ്യ ഉരുൾപൊട്ടലിൽ വീട്ടിലും പരിസരത്തും ചെളിവെള്ളം നിറഞ്ഞു. അപ്പോഴാണു നീതു ശബ്ദസന്ദേശം അയച്ചത്. വെള്ളം ഉയർന്നതോടെ എന്തു ചെയ്യണമെന്നറിയാതെ എല്ലാവരും ഒരു മുറിയിലിരുന്നു.
ആദ്യത്തെ ഉരുൾപൊട്ടലിൽ വീട്ടിൽ വെള്ളംകയറിയ സമീപ വീടുകളിലുള്ളവരും ഇവരുടെ വീട്ടിലേക്കെത്തി. ഇതിനിടെ രണ്ടാമതും ഉരുൾപൊട്ടി.ഇരച്ചെത്തിയ ഉരുൾവെള്ളത്തിനൊപ്പം തകർന്ന ജനലിലൂടെ നീതു പുറത്തേക്കൊഴുകി. രക്ഷിക്കാൻ ജോജോ ശ്രമിച്ചെങ്കിലും പിടിവിട്ടു.
ഭിത്തിയുടെ മറവിലായിരുന്ന ജോജോയും മകനും മാതാപിതാക്കളും കഴുത്തറ്റം ചെളിയിൽ മുങ്ങി. ഒലിച്ചുപോകാതിരിക്കാൻ അച്ഛൻ ജോസഫിനെ ജോജോ സോഫയിൽ ഇരുത്തി. ഒഴുകിപ്പോകാൻ തുടങ്ങിയ അമ്മ ഓമനയെ എങ്ങനെയോ പിടിച്ച് അകത്തേക്കു വലിച്ചുകയറ്റി. ഓമനയുടെ കയ്യൊടിഞ്ഞു.
വെള്ളത്തിൽ താഴാൻ തുടങ്ങിയ മകനെ കർട്ടൻ വലിച്ചുകീറി അതിലിരുത്തി. എല്ലാവരെയും ബെഡിൽ ഇരുത്തിയും താങ്ങിയും സമീപത്തെ വീടിന്റെ ടെറസിൽ സുരക്ഷിതമായി എത്തിച്ചു. 5 ദിവസത്തിനുശേഷമാണു നീതുവിന്റെ മൃതദേഹം ചാലിയാറിൽനിന്നു ലഭിച്ചത്.
ധരിച്ചിരുന്ന ആഭരണങ്ങൾ കണ്ടു നീതുവിനെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. മേപ്പാടി സിഎച്ച്സിയിലെത്തിച്ച മൃതദേഹം ജോജോ ഏറ്റുവാങ്ങി. ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സംസ്കാരം നടത്തി. വാഴവറ്റ കലമറ്റത്തിൽ ജോർജിന്റെയും ഷേർളിയുടെയും മകളാണ് നീതു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.