പാരിസ്: കഴിഞ്ഞ ദിവസമാണ് മയക്കുമരുന്ന് കടത്ത്, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന്റെ ചിത്രങ്ങളുടെ പ്രചാരണം എന്നിവ തടയുന്നതില്‍ പരാജയപ്പെട്ടു എന്ന് ആരോപിച്ച് പ്രമുഖ സാമൂഹിക മാധ്യമമായ ടെലിഗ്രാമിന്റെ സ്ഥാപകന്‍ പവല്‍ ദുറോവിനെ പാരിസില്‍ അറസ്റ്റ് ചെയ്തത്. ടെലിഗ്രാം വഴി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് അറിഞ്ഞിട്ടും ഇവ തടയാന്‍ നടപടി സ്വീകരിച്ചില്ലെന്നതാണ് പവല്‍ ദുറോവിനെതിരെയുള്ള പ്രധാന ആരോപണം.
റഷ്യയില്‍ ജനിച്ച ദുറോവ് തന്റെ ബാല്യത്തിന്റെ ഭൂരിഭാഗവും ഇറ്റലിയിലാണ് ചെലവഴിച്ചത്. ഫ്രാന്‍സ്, റഷ്യ, കരീബിയന്‍ ദ്വീപ് രാഷ്ട്രമായ സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ്, യുഎഇ എന്നിവിടങ്ങളില്‍ ദുറോവിന് പൗരത്വം ഉണ്ട്. ശനിയാഴ്ച അസര്‍ബൈജാനില്‍ നിന്ന് പുറപ്പെട്ട് ഫ്രാന്‍സിലെ പാരിസ്-ലെ ബര്‍ഗെറ്റ് വിമാനത്താവളത്തില്‍ വിമാനമിറങ്ങവേയാണ് ദുറോവിനെ കസ്റ്റഡിയിലെടുത്തത്.ടെലിഗ്രാം യൂറോപ്യന്‍ യൂണിയന് നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഇതിന്റെ ഉള്ളടക്കം വ്യവസായ മാനദണ്ഡങ്ങള്‍ക്കുള്ളിലാണെന്നും നിരന്തരം മെച്ചപ്പെടുത്തുന്നുണ്ടെന്നുമാണ് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നത്.
എന്താണ് ടെലിഗ്രാം?
2013ല്‍ ദുറോവും സഹോദരന് നിക്കോളായും ചേര്‍ന്നാണ് ടെലിഗ്രാം ആരംഭിച്ചത്. ടെലിഗ്രാമിന് മുമ്പ്, റഷ്യയിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്ക്കായ VKontakte സ്ഥാപിച്ചതും ദുറോവ് ആണ്. 2011ന്റെയും 12ന്റെയും അവസാനത്തില്‍ മോസ്കോയെ പിടിച്ചുകുലുക്കിയ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങള്‍ക്ക് ശേഷം റഷ്യന്‍ സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലുകള്‍ക്കിടയില്‍ കമ്പനി സമ്മര്‍ദ്ദത്തിലായി.
റഷ്യന്‍ പ്രതിപക്ഷ പ്രവര്‍ത്തകരുടെ ഓണ്‍ലൈന്‍ കമ്മ്യൂണിറ്റികള്‍ VKontakte നീക്കം ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 2014ല്‍ റഷ്യന്‍ അധികൃതരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ദുറോവ് VKontakte ലെ ഓഹരികള്‍ വിറ്റഴിച്ച് രാജ്യം വിട്ടു. ഇന്ന്, ടെലിഗ്രാം ദുബായിലാണ് പ്രവര്‍ത്തിക്കുന്നത്.
വ്യക്തികള്‍ തമ്മിലുള്ള പരസ്പര സംഭാഷണങ്ങള്‍, ഗ്രൂപ്പ് ചാറ്റുകള്‍, വലിയ 'ചാനലുകള്‍' എന്നിവ അനുവദിക്കുന്ന ഒരു ആപ്പാണ് ടെലിഗ്രാം.
മെറ്റയുടെ വാട്സ്ആപ്പ് പോലുള്ള എതിരാളികളില്‍ നിന്ന് വ്യത്യസ്തമായി, ടെലിഗ്രാമിന്റെ ഗ്രൂപ്പ് ചാറ്റുകളില്‍ രണ്ടുലക്ഷം പേര്‍ക്ക് വരെ അംഗങ്ങളാകാം. ഈ വലിപ്പത്തിലുള്ള ഗ്രൂപ്പ് ചാറ്റുകളില്‍ തെറ്റായ വിവരങ്ങള്‍ എളുപ്പത്തില്‍ പ്രചരിക്കുമെന്ന ആശങ്ക വിദഗ്ധര്‍ പങ്കുവെച്ചിട്ടുണ്ട്.
ടെലിഗ്രാം അവരുടെ ആശയവിനിമയങ്ങള്‍ക്കായി എന്‍ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് ഒരു ഡിഫോള്‍ട്ട് ഓപ്ഷന് അല്ല. ഉപയോക്താക്കള്‍ അവരുടെ ചാറ്റുകള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നതിനുള്ള ഓപ്ഷന് ഓണാക്കേണ്ടതുണ്ട്. ഗ്രൂപ്പ് ചാറ്റുകളിലും ഇത് പ്രവര്‍ത്തിക്കില്ല. ചാറ്റുകള്‍ ഡിഫോള്‍ട്ടായി എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്ന എതിരാളികളായ സിഗ്നല്‍, ഫെയ്സ്ബുക്ക് മെസഞ്ചര്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമാണ് ടെലിഗ്രാം.
950 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുണ്ടെന്നാണ് ടെലിഗ്രാമിന്റെ അവകാശവാദം. ഈ ആപ്പ് ഇസ്ലാമിക ഭീകരവാദികളും മയക്കുമരുന്ന് കടത്തുകാരും ദുരുപയോഗം ചെയ്തതായി കണ്ടെത്തിയെന്നാണ് ഫ്രഞ്ച് അന്വേഷണ ഉദ്യോഗസ്ഥരുടെ അവകാശവാദം.
എന്തുകൊണ്ട് ദുറോവിനെ അറസ്റ്റ് ചെയ്തു?
കള്ളപ്പണം വെളുപ്പിക്കുന്നതിനും മയക്കുമരുന്ന് കടത്തിനും മറ്റ് കുറ്റകൃത്യങ്ങള്‍ക്കും ടെലിഗ്രാം പ്ലാറ്റ്ഫോം ഉപയോഗിച്ചുവെന്നാരോപിച്ച് ആണ് ദുറോവിനെ കസ്റ്റഡിയിലെടുത്തതെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
തിങ്കളാഴ്ച ഉച്ചവരെ, അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിട്ടില്ല. ഞായറാഴ്ച രാത്രി, ഫ്രഞ്ച് അന്വേഷണ ജഡ്ജി ദുറോവിന്റെ തടങ്കല്‍ ഉത്തരവ് നീട്ടിയതായും ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഫ്രഞ്ച് നിയമപ്രകാരം ചോദ്യം ചെയ്യലിനായി നാലുദിവസം വരെ ദുറോവിനെ കസ്റ്റഡിയില്‍ പാര്‍പ്പിക്കാം.അതിനുശേഷം, ഒന്നുകില്‍ അയാള്‍ക്കെതിരെ കുറ്റം ചുമത്തണോ അല്ലെങ്കില്‍ വിട്ടയക്കണോ എന്ന് ജഡ്ജിമാര്‍ തീരുമാനിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.