കടനാട് : പഞ്ചായത്തിലെ നീലൂർ മലനിരകളിൽ പാറ ഖനനത്തിനുള്ള നീക്കം തടയണമെന്ന പ്രദേശ വാസികളുടെ ആവശ്യം ശക്തമാകുന്നു.
അതേ സമയം പാറമടയ്ക്കു ലൈസൻസ് നൽകുന്നതിനുള്ള നടപടികൾ നടന്നു വരികയാണെന്നും കണ്ടത്തിമാവ്, നീലൂർ, നൂറുമല ഭാഗങ്ങളിൽ പാറഖനനം ആരംഭിക്കുന്നതിന് മുന്നോടിയായി വെടിമരുന്ന് സൂക്ഷിക്കുന്നതിനായുള്ള തയ്യാറെടുപ്പുകൾ പാറമട ലോബി പൂർത്തിയാക്കിയതായാണ് ലഭിക്കുന്ന വിവരം.വെടിമരുന്ന് സൂക്ഷിക്കുന്നതിനുള്ള കെട്ടിടത്തിന്റെ അനുമതിക്ക് പാറമട ലോബി അപേക്ഷ നൽകിയിരുന്നു എന്നാൽ ഇതു സംബന്ധിച്ച് സ്ഥലത്തെത്തി പരിശോധിച്ചു റിപ്പോർട്ട് നൽകാൻ പഞ്ചായത്ത് സെക്രട്ടറിയോട് എഡിഎം ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കിലും തുടർ നടപടികൾ ദുരൂഹമായി തന്നെ തുടരുകയാണ്.
മലനിരകൾ നിറഞ്ഞ പഞ്ചായത്തിൽ പാറഖനനം ആരംഭിച്ചാൽ സ്ഥിതിഗതികൾ രൂക്ഷമാകും. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ പാറമടയ്ക്ക് അനുമതി നൽകരുതെന്ന ആവശ്യം ശക്തമാണ്.
കണ്ടത്തിമാവ്, നൂറുമല, നീലൂർ മേഖലകളിലായി പാറമട ലോബി ഏക്കർ കണക്കിന് സ്ഥലമാണ് വാങ്ങിക്കൂട്ടിയിരിക്കുന്നത്.
പഞ്ചായത്തിലെ മലനിരകളിൽ പാറമടകൾ ആരംഭിക്കാൻ പഞ്ചായത്തധികൃതർ അനുകൂലിക്കില്ലെന്ന് പ്രസിഡന്റ് ജിജി തമ്പി പറയുമ്പോഴും പ്രതിഷേധിക്കുന്നവരെ വരുതിയിലാക്കാൻ പാറമട ലോബി ശ്രമിക്കുന്നതായും വിവരങ്ങൾ പുറത്തു വരുന്നുണ്ട്.നൂറു കണക്കിന് ജനങ്ങൾ താമസിക്കുന്ന നീലൂർ മറ്റത്തിപ്പാറ ഭാഗങ്ങളിൽ പാറഖനനം ആരംഭിച്ചാൽ കുടിവെള്ള സ്രോതസ് ഉൾപ്പെടെയുള്ളവ നശിക്കും. നിരവധി ജന്തു ജീവജാലങ്ങൾ ഉള്ള പ്രദേശത്ത് ആവാസ വ്യവസ്ഥ തന്നെ നശിക്കുമെന്നതും വ്യക്തമാണ്.
മലനിരകളുടെ താഴ്‌വാരങ്ങളിൽ കൃഷിയോഗ്യമായ മണ്ണ് ഉണ്ടെങ്കിലും പാറഖനനം ആരംഭിക്കുന്നതോടെ മഴ വെള്ളം വന്നടിഞ്ഞു ഉരുൾപൊട്ടൽ ഉണ്ടാകാനുള്ള സാധ്യതയും വിദഗ്ധർ തള്ളിക്കളയുന്നില്ല.വയനാട് ഉൾപ്പെടെയുള്ള മലയോരങ്ങളിൽ കുന്നുകൾ ഇടിച്ചു ഭൂമിയുടെ സ്വഭാവികത തകർത്ത വൻ ലോബികൾ നൂറുകണക്കിന് ജനങ്ങളുടെ ജീവൻ നഷ്ടപ്പെട്ടിട്ടും നിശബ്ദമായി ഇരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് കോട്ടയം നീലൂരിലും വൻ പാറഖനന പദ്ധതിയുമായി വീണ്ടും ഗൂഡ സംഘങ്ങൾ രംഗത്ത് വരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.