മലപ്പുറം: എസ്പിയുടെ വസതിയിലെത്തിയ പി.വി അൻവർ എം.എൽ.എയെ തടഞ്ഞ് പൊലീസ്. ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് മരങ്ങൾ മുറിച്ചു കടത്തിയതായി ബന്ധപ്പെട്ട പരാതിയിൽ നടപടി വേണമെന്ന ആവശ്യവുമായാണ് അൻവർ എം.എൽ.എ എത്തിയത്.
കൊല്ലം കടയ്ക്കൽ സ്വദേശിയായ എൻ. ശ്രീജിത്ത് നൽകിയ പരാതിയിലെ നടപടി സംബന്ധിച്ച് അന്വേഷിക്കാനെത്തിയ അദ്ദേഹത്തെ പൊലീസ് തടയുകയായിരുന്നു. 2021ൽ തേക്ക്, മഹാഗണി മരങ്ങൾ മുറിച്ചു കടത്തി എന്നാണ് പരാതി. മലപ്പുറത്ത് നടന്ന പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ പി.വി അൻവർ എസ്.പി എസ്. ശശിധരനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത് വലിയ വാർത്തയായിരുന്നു.എസ്.പിക്കെതിരെ പൊതുവേദിയിൽ വിമർശനമുന്നയിച്ച സംഭവത്തിൽ മാപ്പ് പറയില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സാമൂഹ്യവിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന മലപ്പുറം എസ്.പി കേരളത്തിലെ ഐ.പി.എസ് ഓഫീർമാരുടെ നല്ലപേരിനെ കളങ്കപ്പെടുത്തുകയാണെന്നും എസ്.പിയാണ് പൊതുസമൂഹത്തോട് മാപ്പ് പറയേണ്ടതെന്നും അൻവർ എം.എൽ.എ പറഞ്ഞു. താൻ പറഞ്ഞ പരാമർശം തെറ്റാണെന്ന് തോന്നിയിട്ടില്ലെന്നും അതിൽ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മലപ്പുറത്ത് നടന്ന പൊലീസ് അസോസിയേഷൻ സമ്മേളനത്തിലായിരുന്നു പി.വി അൻവർ എസ്.പി എസ്. ശശിധരനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. പരിപാടിക്ക് വൈകിയെത്തിയതും തന്റെ പാർക്കിലെ റോപ് മോഷണം പോയതിൽ പ്രതിയെ പിടികൂടാത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ജനങ്ങളുടെ മനോവികാരമുണ്ടാക്കാൻ പൊലീസിൽ ചിലർ ശ്രമിക്കുന്നുണ്ടെന്നും എം.എൽ.എ പരിപാടിക്കിടെ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അൻവർ എം.എൽ.എയും എസ്.പി എസ്. ശശിധരനു തമ്മിൽ വീണ്ടും പ്രശ്നമുണ്ടാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.