ചെന്നൈ: സംസ്ഥാന സർക്കാരിന്റെ ദീർഘദൂര എസ്ഇടിസി ബസുകളിൽ ഓണയാത്രയ്ക്കുള്ള ടിക്കറ്റുകൾ ഇപ്പോഴും ലഭ്യം. ഓണത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ എറണാകുളം, തിരുവനന്തപുരം, ഗുരുവായൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകളിലാണു ടിക്കറ്റുള്ളത്.
കേരളത്തിലേക്കുള്ള ട്രെയിനുകളിലും കെഎസ്ആർടിസി ബസുകളിലും ടിക്കറ്റ് ലഭിക്കാത്തവർക്ക് എസ്ഇടിസി ബസുകളിൽ എത്രയും വേഗം ടിക്കറ്റ് എടുത്ത് സീറ്റുകൾ ഉറപ്പാക്കാം.
അതേസമയം, ചെന്നൈയിൽ നിന്നു കോയമ്പത്തൂർ, കന്യാകുമാരി, തേനി തുടങ്ങിയ അതിർത്തി ജില്ലകളിലേക്കുള്ള തമിഴ്നാട് ബസുകളിൽ യാത്ര ചെയ്തു കേരളത്തിലേക്കു പോകുന്നതിനും സൗകര്യമുണ്ട്.
കിലാമ്പാക്കം ടെർമിനസിൽ നിന്ന് വൈകിട്ട് 4ന് എറണാകുളത്തേക്കുള്ള എസി സ്ലീപ്പർ/സീറ്റർ ബസിൽ 11ന് 35 സീറ്റുകൾ ബാക്കിയുണ്ട്. കോയമ്പത്തൂർ വഴി സർവീസ് നടത്തുന്ന ബസ് പിറ്റേന്നു രാവിലെ 7ന് എറണാകുളം സൗത്തിലെത്തും. 12ന് 30 സീറ്റുകൾ നിലവിൽ ലഭ്യമാണ്.
ഉത്രാട ദിനമായ 13ന് 7 സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. വൈകിട്ട് 4.45നുള്ള ഗുരുവായൂർ ബസിലും ടിക്കറ്റുകൾ ലഭ്യമാണ്. നോൺ–എസി സ്ലീപ്പർ/സീറ്റർ ബസ് രാവിലെ 6.30നു പാലക്കാട്ടും 8.30നു ഗുരുവായൂരിലുമെത്തും.
ഈ ബസിൽ ഓണത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ ടിക്കറ്റുകൾ ലഭ്യമാണ്. തിരുവനന്തപുരത്തേക്കു മധുര വഴിയുള്ള അൾട്രാ ഡീലക്സ് ബസ് വൈകിട്ട് 4നാണു കിലാമ്പാക്കത്തു നിന്നു പുറപ്പെടുക. പിറ്റേന്നു രാവിലെ 7നു തിരുവനന്തപുരത്തെത്തും.
ഓണം വരെയുള്ള ദിവസങ്ങളിൽ 30ലേറെ ടിക്കറ്റുകൾ ഇപ്പോൾ ബാക്കിയാണ്. കേരളത്തിലെ മറ്റു സ്ഥലങ്ങളിലേക്ക് ബസുകൾ സർവീസ് നടത്തുന്നില്ല. ഓണത്തിരക്ക് കണക്കിലെടുത്ത് നിലവിലുള്ള സർവീസുകൾ വർധിപ്പിക്കുന്ന കാര്യത്തിലും പുതിയ സ്ഥലങ്ങളിലേക്കു സർവീസ് നടത്തുമോ എന്നതിലും വ്യക്തയില്ല.
എറണാകുളത്തേക്കുള്ള കെഎസ്ആർടിസി സർവീസുകളെ അപേക്ഷിച്ച് എസ്ഇടിസി ബസ് അധിക സമയം എടുക്കുന്നുണ്ടെങ്കിലും ഓണക്കാലത്ത് യാത്രാ പ്രതിസന്ധി നേരിടുന്ന മലയാളികൾക്ക് വലിയ ആശ്വാസമാണ് ഈ സർവീസുകൾ.
കേരളത്തിലേക്കു നേരിട്ടുള്ള ബസുകൾ വളരെ കുറവാണെങ്കിലും സംസ്ഥാനത്തിന്റെ അതിർത്തി വരെ ഒട്ടേറെ ബസുകളുള്ളത് യാത്രക്കാർക്ക് സൗകര്യമാണ്. ചെന്നൈയിൽ നിന്നു കോയമ്പത്തൂരിലേക്ക് രാവിലെ 9 മുതൽ രാത്രി 10.45 വരെ 14 ബസുകളാണു ദിവസേന സർവീസ് നടത്തുന്നത്.
എസി, നോൺ എസി ബസുകൾ ഉൾപ്പെടെയാണിത്. കോയമ്പത്തൂരിൽ നിന്ന് പാലക്കാട്ടേക്ക് ധാരാളം കെഎസ്ആർടിസി ബസുകൾ ലഭ്യമാണ്. ഗാന്ധിപുരം, ഉക്കടം എന്നിവിടങ്ങളിൽ നിന്നാണു ബസുകൾ പുറപ്പെടുക.
തൃശൂർ അടക്കം മറ്റു ചിലയിടങ്ങളിലേക്കും ബസുകൾ ലഭ്യമാണ്. എസ്ഇടിസിക്കു പുറമേ സ്വകാര്യ ബസുകളും കേരളത്തിലേക്കു സർവീസ് നടത്തുന്നുണ്ട്. കന്യാകുമാരിയിലേക്ക് വൈകിട്ട് 4.40, 7.45 എന്നീ സമയങ്ങളിലായി ദിവസേന 2 അൾട്രാ ഡീലക്സ് ബസുകളുണ്ട്.
തേനി, തിരുനെൽവേലി തുടങ്ങിയ സ്ഥലങ്ങളിലേക്കും ബസുകൾ ലഭ്യമാണ്. തേനിയിൽ നിന്ന് ഇടുക്കി വഴി മറ്റു ഭാഗങ്ങളിലേക്കു പോകാനും സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.