ന്യൂഡല്‍ഹി: അഞ്ചരമണിക്കൂര്‍ നീണ്ട അതിതീവ്രമായ ഭാരം കുറയ്ക്കലിനൊടുവില്‍ വിനേഷ് ഫോഗട്ട് മരിച്ചുപോകുമെന്ന് ഭയപ്പെട്ടിരുന്നതായി പരിശീലകന് വോളര്‍ അകോസ്. കഠിന ശ്രമത്തിനിടെ വിനേഷ് തളര്‍ന്നുവീഴുക പോലുമുണ്ടായതായി അദ്ദേഹം വെളിപ്പെടുത്തി.
ഫെയ്സ്ബുക്കിലാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഭാരപരിശോധനയില്‍ വിനേഷിന് അധികതൂക്കം കണ്ടെത്തിയതിനു പിന്നാലെ പരിശീലകര്‍ക്കെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു.
'സെമി ഫൈനലിനുശേഷം 2.7 കിലോഗ്രാം ഭാരം കൂടുതലുണ്ടായിരുന്നു. ഞങ്ങള്‍ ഒരു മണിക്കൂറും 20 മിനിറ്റും വ്യായാമം ചെയ്തു, പക്ഷേ, ഒന്നരക്കിലോ പിന്നെയും നിലനിന്നു. പിന്നീട് 50 മിനിറ്റോളം സോന ബാത്ത് നടത്തിയെങ്കിലും ഒരു തുള്ളിപോലും ശരീരത്തില്‍നിന്ന് വിയര്‍പ്പ് പൊടിഞ്ഞില്ല. അര്‍ധരാത്രി മുതല്‍ രാവിലെ 5.30 വരെ വ്യത്യസ്ത കാര്‍ഡിയോ മെഷിനുകളും ഗുസ്തിനീക്കങ്ങളും നടത്തി.
മുക്കാല്‍ മണിക്കൂര്‍ കൂടുമ്പോള്‍ രണ്ടോ മൂന്നോ മിനിറ്റുകള്‍ മാത്രം വിശ്രമമെടുത്തായിരുന്നു ഈ പരിശ്രമം. ഇതിനിടെ തളര്‍ന്നുവീണു. ഏതൊക്കെയോ വിധേന അവളെ എഴുന്നേല്‍പ്പിച്ചു. പിന്നീട് ഒരു മണിക്കൂര്‍ സോന ബാത്ത് നടത്തി. നാടകീയമായി അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല ഇതെഴുതുന്നത്, ആ രാത്രി അവള് മരിച്ചുപോകുമെന്നാണ് ഞാന്‍ കരുതിയത്'- അകോസ് എഴുതി.
പിന്നാലെ ഡീഹൈഡ്രേഷന് കാരണം വിനേഷ് ഒളിമ്പിക് വില്ലേജില്‍ ആശുപത്രിയിലാവുകയും ചെയ്തു. ആശുപത്രിയിലാവുമ്പോള്‍ വിനേഷ് തന്നോട് പറഞ്ഞ കാര്യവും വോളര്‍ അകോസ് വിശദീകരിച്ചു.
'ആശുപത്രിയില്‍നിന്ന് തിരിച്ചുവന്ന ആ രാത്രിയില്‍ ചില സംഭാഷണങ്ങളുണ്ടായി. കോച്ച്, നിങ്ങള്‍ സങ്കടപ്പെടേണ്ട, എന്തെന്നാല്‍ താങ്കള്‍ എന്നോട് പറഞ്ഞിരുന്നു, ഞാന്‍ എന്ത് ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവന്നാലും, എത്ര ഊര്‍ജം കൂടുതല്‍ വേണ്ടി വന്നാലും, ലോക ഒന്നാംനമ്പര്‍ താരം ജപ്പാന്റെ യുയി സുസാകിയെ തോല്‍പ്പിച്ചിട്ടുണ്ടെന്ന കാര്യം. ഞാന്‍ എന്റെ ലക്ഷ്യം കണ്ടു, ലോകത്തെ ഏറ്റവും മികച്ചവരില്‍ ഒരാളാണ് ഞാനെന്ന് തെളിയിച്ചുകഴിഞ്ഞു. നമുക്ക് ലക്ഷ്യം നേടാനാവുമെന്ന് തെളിയിച്ചുകഴിഞ്ഞു. മെഡലും പോഡിയവുമൊക്കെ വെറും വസ്തുക്കളാണ്. പ്രകടനം എന്നത് എടുത്തുകളയാനാവില്ല'- വോളര്‍ വ്യക്തമാക്കി.
സാക്ഷി മാലിക്കിനോടും പൂനിയയോടും കഷ്ടപ്പെട്ട് നേടിയ ഒളിമ്പിക് മെഡലുകള്‍ നദിയില്‍ ഒഴുക്കിക്കളയരുതെന്ന് വിനേഷ് അപേക്ഷിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. മെഡല്‍ സൂക്ഷിക്കണമെന്നും അവരോട് യാചിച്ചു. പക്ഷേ, അവര്‍ വിനേഷിനോട് പറഞ്ഞത് ഈ പോരാട്ട യാത്രയാണ് പ്രധാനമെന്നും മെഡലുകളുടെ അടിസ്ഥാനത്തിലല്ല പ്രകടനങ്ങളെ വിലയിരുത്തേണ്ടതെന്നുമാണ്.
ലോകത്തിലെ ഏറ്റവും മികച്ച വനിതാ ഗുസ്തി താരത്തെ തോല്പ്പിക്കാനായതും ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യന്‍ വനിത ഗുസ്തി താരം ഒളിമ്പിക് ഫൈനലിലെത്തിയതും ഞങ്ങള്‍ക്ക് ഇപ്പോഴും അഭിമാനത്തിന് വക നല്‍കുന്നതാണ്'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.