ആലപ്പുഴ: വിവാഹത്തിനു മുമ്പ് വധുവിനും വരനും വിവാഹപൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണമെന്ന് കേരള വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.
വിവാഹം രജിസ്റ്റര്‍ ചെയ്യാനായി വിവാഹപൂര്‍വ കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിനു നല്‍കിയിട്ടുണ്ടെന്നും അധ്യക്ഷ പറഞ്ഞു. ആലപ്പുഴ ജില്ല പഞ്ചായത്ത് ജെന്‍ഡര്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടത്തിയ ജില്ലാതല അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അഡ്വ. പി. സതീദേവി.
വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ പ്രീ മാരിറ്റല്‍, പോസ്റ്റ് മാരിറ്റല്‍ കൗണ്‍സിലിംഗ് നല്കി വരുന്നുണ്ട്. കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് ആലപ്പുഴയിലെ ജില്ല അദാലത്തില്‍ ഏറെയും വന്നത്. കുടുംബ പ്രശ്നങ്ങളില്‍ കൗണ്‍സിലിംഗ് നല്കാന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗമായി സ്ഥിരം സംവിധാനം ആവശ്യമാണ്. ദമ്പതിമാര്‍ക്കിടയിലെ പ്രശ്നങ്ങളില്‍ ബന്ധുക്കളിടപെടുമ്പോള്‍ അവ കൂടുതല്‍ സങ്കീര്‍ണമാകുന്നു.
കുടുംബപ്രശ്നങ്ങള്‍ സ്ത്രീകളെ വിഷാദരോഗത്തിലെത്തിക്കുന്നുവെന്ന പരാതികളും കിട്ടുന്നുണ്ട്. ശാരീരികാരോഗ്യത്തിനൊപ്പം മാനസികാരോഗ്യകാര്യങ്ങളിലും സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് കമ്മിഷന് നിര്‍ദേശിച്ചു.
വഴി പ്രശ്നം, മാലിന്യം വലിച്ചെറിയുന്നത് തുടങ്ങി അയല്‍വാസികള്‍ തമ്മിലുള്ള പ്രശ്നങ്ങളും ജില്ല അദാലത്തില്‍ പരിഗണിച്ചു. തര്‍ക്കത്തിന്റെ ഭാഗമായി സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങള്‍ നടത്തിയതിനെതിരായ പരാതികളുമുണ്ട്.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും പരാതിയായി എത്തി. തൊഴിലിടങ്ങളില്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ട പരാതി പരിഹാര കമ്മിറ്റികള്‍ പലയിടങ്ങളിലും ഇല്ലായെന്നത് കമ്മിഷന് ഗൗരവമായി കാണുന്നതായി അധ്യക്ഷ പറഞ്ഞു.
കമ്മിഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന തലത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം ആരംഭിക്കും. കൗമാരക്കാര്‍ക്ക് ഉണര്‍വ് എന്നപേരില്‍ വിവിധ വിഷയങ്ങളില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. വിവിധ മേഖലകളിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിന് പബ്ലിക് ഹിയറിംഗ് നടത്തും. ആശ പ്രവര്‍ത്തകര്‍ക്കുള്ള പബ്ലിക് ഹിയറിംഗ് ഈ മാസം 18 ന് ആലപ്പുഴ ജെന്‍ഡര്‍ പാര്‍ക്കില്‍ നടക്കും.
കമ്മിഷന് അംഗം വി.ആര്. മഹിളാമണി, ഡയറക്ടര്‍ ഷാജി സുഗുണന് ഐപിഎസ്, അഭിഭാഷകര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പരാതികള്‍ കേട്ടു.
80 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ 22 കേസുകള്‍ തീര്‍പ്പാക്കി. എട്ട് പരാതികളില്‍ പോലീസിനോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. രണ്ട് കേസുകള്‍ നിയമ സഹായത്തിനായി ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ശുപാര്‍ശ ചെയ്തു. രണ്ട് കേസുകളില്‍ വാര്‍ഡുതല ജാഗ്രത സമിതിയോട് റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശം നല്കി. 43 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.