ന്യൂഡൽഹി: റെക്കോഡ് മഴയിൽ ഡൽഹി കനത്ത ദുരിതത്തിൽ. നഗരത്തിൽ കനത്ത ഗതാഗതക്കുരുക്കും വെള്ളക്കെട്ടും രൂപപ്പെട്ടു. ഡൽഹിയിൽ അഞ്ച് പേരും ഗുരുഗ്രാമിൽ മൂന്ന് പേരും ഗ്രേറ്റർ നോയിഡയിൽ രണ്ട് പേരും മഴക്കെടുതിയിൽ മരിച്ചു.
ന്യൂഡൽഹി വിമാനത്താവളത്തിൽ നിന്ന് 10 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. എട്ട് വിമാനങ്ങൾ ജയ്പൂരിലേക്കും രണ്ടെണ്ണം ലഖ്‌നോവിലേക്കും ആണ് വഴി തിരിച്ചുവിട്ടത്. കനത്ത മഴ വിമാനങ്ങളുടെ പോക്കുവരവിനെ ബാധിച്ചതായി ഇൻഡിഗോ എക്സിൽ അറിയിച്ചു.
ഇടിമിന്നലിന്റെ അകമ്പടിയോടെയുള്ള കനത്ത മഴ ഡൽഹിയിൽ ഓഗസ്റ്റ് അഞ്ചു വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റെഡ് അലർട്ട് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
സഫ്ദർജംഗിൽ 79.2 മില്ലിമീറ്ററും മയൂർ വിഹാറിൽ 119 മില്ലീമീറ്ററും പൂസയിൽ 66.5 മില്ലീമീറ്ററും ഡൽഹി യൂണിവേഴ്സിറ്റിയിൽ 77.5 മില്ലീമീറ്ററും പാലം ഒബ്സർവേറ്ററിയിൽ 43.7 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി.
കിഴക്കൻ ഡൽഹിയിലെ ഗാസിപൂർ മേഖലയിൽ വെള്ളക്കെട്ടുള്ള ചാലിൽ തെന്നിവീണ് സ്ത്രീയും കുഞ്ഞും മുങ്ങിമരിച്ചു. തനൂജ (22), മൂന്ന് വയസ്സുള്ള മകൻ എന്നിവരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
കനത്ത മഴയിൽ വീട് തകർന്ന് വീണ് രണ്ട് പേർ മരിച്ചു.
ബിന്ദാപൂർ ഏരിയയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 12 വയസുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുരുഗ്രാമിൽ കനത്ത മഴയെ തുടർന്ന് ഹൈ ടെൻഷൻ കമ്പിയിൽ തട്ടി മൂന്ന് പേർ മരിച്ചു. ഗ്രേറ്റർ നോയിഡയിൽ ദാദ്രി മേഖലയിൽ മതിൽ ഇടിഞ്ഞുവീണ് രണ്ട് പേർ മരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.