ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ആദ്യ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് ബി.ജെ.പി. 44 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്.
ഇതില്‍ 15 സീറ്റുകളില്‍ ആദ്യഘട്ടത്തിലും 10 സീറ്റുകളില്‍ രണ്ടാം ഘട്ടത്തിലും 19 സീറ്റുകളില്‍ മൂന്നാം ഘട്ടത്തിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് ആദ്യമായി നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിപ്പട്ടികയാണ് ബി.ജെ.പി. പുറത്തുവിട്ടത്.
മൂന്നുതവണ എം.എല്‍.എയായ ദേവേന്ദര്‍ സിങ് റാണ പട്ടികയിലുണ്ട്. നഗ്രോട മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ബി.ജെ.പി. സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്.
ജമ്മുവിലെ ശക്തികേന്ദ്രങ്ങള്‍ക്ക് പുറമെ പാംപോര്‍, ഷോപ്പിയാന്‍, അനന്ത്നാഗ് വെസ്റ്റ് തുടങ്ങിയ കശ്മീരിലെ ചില മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളേയും ബി.ജെ.പി. പ്രഖ്യാപിച്ചിട്ടുണ്ട്.
ജമ്മു വെസ്റ്റില്‍ അരവിന്ദ് ഗുപ്തയും ജമ്മു ഈസ്റ്റില്‍ യുദ്ധ്വിര് സേത്തിയുമാണ് സ്ഥാനാര്‍ഥികള്‍.
ഞായറാഴ്ച ചേര്‍ന്ന ബി.ജെ.പിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗമാണ് ആദ്യഘട്ട സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്.
ബി.ജെ.പി. കോട്ടയായ ജമ്മുവില്‍ ഉള്‍പ്പെടെ നാഷണല്‍ കോണ്‍ഫറന്‍സുമായി കൈകോര്‍ത്ത് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഈ വെല്ലുവിളിയെ സര്‍വശക്തിയും ഉപയോഗിച്ചാണ് ബി.ജെ.പി. പ്രതിരോധിക്കുന്നത്.
2014-ലാണ് ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. അന്ന് പൂര്‍ണ സംസ്ഥാനപദവിയുണ്ടായിരുന്ന ജമ്മു കശ്മീരില്‍ ബി.ജെ.പി. 25 സീറ്റുകളിലാണ് വിജയിച്ചത്. 28 സീറ്റുകളില്‍ വിജയിച്ച പി.ഡി.പിയുമായി കൈകോര്‍ത്ത് ബി.ജെ.പിയാണ് അന്ന് ജമ്മു കശ്മീര്‍ ഭരിച്ചത്.
നിലവില്‍ കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരില്‍ സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ ഒന്ന് എന്നീ തിയ്യതികളില്‍ മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ നാലിനാണ് വോട്ടെണ്ണല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.