കൊട്ടാരക്കര: സദാനന്ദപുരം അവധൂത ആശ്രമത്തില്‍ പ്രശ്നങ്ങളുണ്ടെന്നു വരുത്തിത്തീര്‍ത്ത് ആശ്രമവും വസ്തുവകകളും സര്‍ക്കാരിലേക്കു കണ്ടുകെട്ടാനുള്ള നീക്കമാണ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നടത്തുന്നതെന്ന് മാര്‍ഗ്ഗദര്‍ശക മണ്ഡലം സംസ്ഥാന ജനറൽ സെക്രട്ടറി സത് സ്വരൂപാനന്ദപുരി പറഞ്ഞു.
സന്യാസ ദീക്ഷ സ്വീകരിച്ചവരെ വ്യാജന്മാരെന്ന് മന്ത്രി ആക്ഷേപിച്ചതിനു പിന്നിലെ ലക്ഷ്യമിതാണ്. ആയിരക്കണക്കിനേക്കര്‍ ഭൂമിയുണ്ടായിരുന്ന ആശ്രമത്തില്‍ അവശേഷക്കുന്നതുകൂടി കൈക്കലാക്കാന്‍ കാലങ്ങളായി സര്‍ക്കാരുകള്‍ ശ്രമിക്കുകയാണ്. അടുത്ത മഠാധിപതിയെ നിശ്ചയിക്കാനുള്ള അധികാരം മഠാധിപതിക്കാണ്.
മൂന്നുപേര്‍ക്ക് സന്യാസദീക്ഷ നല്‍കിയത് കോടതിയെ അറിയിച്ചിട്ടുള്ളതുമാണ്. ആശ്രമത്തില്‍ പുതിയ സന്യാസിമാര്‍ ഉണ്ടാകരുതെന്നാഗ്രഹിക്കുന്നവരാണ് ഇവിടെ പ്രശ്നമുണ്ടെന്നു വരുത്താന്‍ ശ്രമിക്കുന്നതെന്നും സ്വാമി പറഞ്ഞു.
സദാനന്ദപുരം അവധൂതാശ്രമത്തിലെ സ്വാമി രാമാനന്ദഭാരതിയെ കണ്ണില്‍ മുളകുപൊടിവിതറി മര്‍ദിച്ചെന്നു പരാതിയുണ്ടായിരുന്നു. സ്വാമിയെ കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍, സ്വാമിയുടെ പരാതി വ്യാജമാണെന്നും ഉന്നതതല അന്വേഷണം നടത്തണമെന്നുമാണ് മഠാധിപതി സ്വാമി ചിദാനന്ദഭാരതി ആവശ്യപ്പെട്ടിരിക്കുന്നത്.
രാമാനന്ദഭാരതി കൊല്ലപ്പെട്ടേക്കാമെന്നും ആശ്രമത്തില്‍ ചിലര്‍ അനധികൃതമായി കയറിക്കൂടിയിട്ടുണ്ടെന്നും ഇവരെ പുറത്താക്കണമെന്നും ആശ്രമം സന്ദര്‍ശിച്ച മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. തിങ്കളാഴ്ച രാത്രി പത്തോടെ ആയിരുന്നു സംഭവം.
അജ്ഞാതനായ ആള് കണ്ണില്‍ മുളകുപൊടി എറിയുകയും വടി ഉപയോഗിച്ച് പുറത്ത് മര്‍ദിക്കുകയുമായിരുന്നു. ആശ്രമം വിട്ടുപോകണമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു മര്‍ദനമെന്നും രാമാനന്ദഭാരതി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
മഠാധിപതിയും രാമാനന്ദഭാരതിയുമായുള്ള അധികാരത്തര്‍ക്ക കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്. സുപ്രീകോടതി നിര്‍ദേശപ്രകാരം തയ്യാറാക്കിയ നിയമാവലി അനുസരിച്ചാണ് ഇപ്പോള്‍ മഠത്തിന്റെ പ്രവര്‍ത്തനം.
ആശ്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് രാമാനന്ദഭാരതിയെ മഠാധിപതി നോട്ടീസ് നല്കി പുറത്താക്കിയിരുന്നു. അടുത്ത മഠാധിപതിയാകുന്നതില്നിന്നു തന്നെ ഒഴിവാക്കാനുള്ള നീക്കമാണ് ഇതിനുപിന്നിലെന്ന് രാമാനന്ദഭാരതി ആരോപിച്ചിരുന്നു.
സംഭവത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചിദാനന്ദഭാരതി റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതിനല്‍കി. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പോലീസ് ആശ്രമത്തിലെത്തി പരിശോധന നടത്തി.
സംഭവത്തില്‍ കൊട്ടാരക്കര സി.ഐ.യുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചതായി റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.എം.സാബു മാത്യു പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.