കോതമംഗലം: പൂയംകുട്ടി പുഴയിൽ ഒഴുക്കിൽ പെട്ടെങ്കിലും നീന്തിക്കയറി രക്ഷപ്പെട്ടു റോഡിലെത്തിയപ്പോൾ ആനക്കുട്ടിക്ക് ആവേശം കൂടി. ക്ഷീണമെല്ലാം കുടഞ്ഞെറിഞ്ഞ് ‘ക്യൂട്ട് കുട്ടി’ പിന്നെ ഒറ്റ ഓട്ടമായിരുന്നു. അമ്മയെ അന്വേഷിച്ച് ചെന്നുകയറിയത് പൂയംകുട്ടി കവലയിലെ കള്ളുഷാപ്പിൽ.
പ്രായപൂർത്തിയാകാത്തവർക്ക് കള്ളു കൊടുത്താൽ എക്സൈസ് നിയമപ്രകാരം അകത്താകും എന്നറിയാവുന്ന ഷാപ്പുകാർ എന്തായാലും ഷാപ്പിന്റെ വാതിൽ കൊട്ടിയടച്ചു. നിരാശനായി തിരികെ റോഡിലെത്തി തലങ്ങും വിലങ്ങും പാഞ്ഞ ആനക്കുട്ടിയെ മൊബൈലിൽ പകർത്താൻ നാട്ടുകാർ പിന്നാലെയോടി. ഒടുവിൽ വനപാലകർ സുരക്ഷിതമായി വനത്തിൽ ആനക്കൂട്ടത്തിനടുത്തെത്തിച്ചപ്പോഴാണ് അമ്മയ്ക്കും കുഞ്ഞിനും നാട്ടുകാർക്കും ആശ്വാസമായത്.
ഇന്നലെ രാവിലെ പത്തരയോടെ പൂയംകുട്ടി കവലയിലായിരുന്നു കാടിറങ്ങി പുഴ കടന്ന കുട്ടിയാനയുടെ കുസൃതിയോട്ടം നടന്നത്. 6 മാസം പ്രായമുള്ള കുട്ടിയാന പുഴയിലൂടെ ഒഴുകിയെത്തി മണികണ്ഠൻചാൽ ചപ്പാത്തിനു സമീപം കരയ്ക്കു കയറുകയായിരുന്നു. വനപാലകർ പിണ്ടിമേട് വനത്തിലേക്കാണ് കുട്ടിയാനയെ കൊണ്ടുപോയത്. 2 കിലോമീറ്റർ ഉള്ളിൽ ആനക്കൂട്ടത്തിന്റെ സാന്നിധ്യം ഉള്ളിടത്തെത്തിച്ച ശേഷമാണ് വനപാലക സംഘം മടങ്ങിയത്.
മനുഷ്യച്ചൂര് ഏറ്റാൽ കാട്ടാനക്കൂട്ടം സ്വീകരിക്കാൻ മടിക്കുമെന്നതിനാൽ കുട്ടിയാനയുടെ ദേഹത്തു സ്പർശിക്കാതെ പ്രത്യേകം ശ്രദ്ധിച്ചായിരുന്നു വഴികാട്ടൽ ദൗത്യം. വനത്തിൽ കൂട്ടംതെറ്റി പുഴയിൽ പെട്ടതാണെന്നാണ് നിഗമനം. ഒഴുക്കു കുറവുള്ളതിനാലാണ് ആനക്കുട്ടി പരുക്കില്ലാതെ രക്ഷപ്പെട്ടത്. അല്ലെങ്കിൽ പാറക്കൂട്ടങ്ങളിലും മറ്റും ഇടിച്ചു പരുക്കേൽക്കാനോ ജീവൻ അപകടത്തിലാകാനോ സാധ്യതയുണ്ടായിരുന്നു. അടുത്തിടെ ഇവിടെ മലവെള്ളപ്പാച്ചിലിൽ 3 ആനകളുടെ ജഡമാണ് ഒഴുകിയെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.