ശ്രീനഗർ: ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തിരക്കിട്ട ചർച്ചകളുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ജമ്മു കശ്മീരില്‍.
രണ്ടുദിവസത്തെ സന്ദർശനത്തിനായി എത്തിയ നേതാക്കള്‍ക്ക് ഊഷ്മള സ്വീകരണമാണ് ജനങ്ങളിൽനിന്ന് ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രാദേശിക പാർട്ടികളുടെ പിന്തുണ കൂടി ലക്ഷ്യമിട്ടാണ് ഇരുവരുടേയും സന്ദർശനം.
ശ്രീനഗറിൽ നടത്തിയ റാലിയെ അഭിസംബോധന ചെയ്ത രാഹുൽ, ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എത്രയുംപെട്ടെന്ന് പുനഃസ്ഥാപിക്കുമെന്നും വാഗ്ദാനം ചെയ്തു.
ഇതിലൂടെ കശ്മീരിലെ ജനങ്ങൾക്ക് ജനാധിപത്യ അവകാശങ്ങൾ കോൺഗ്രസ് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന പദവി നൽകുമെന്നായിരുന്നു ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അതിന് മുൻപേ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
എത്രയും പെട്ടെന്ന് തന്നെ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിച്ച് ജനങ്ങളുടെ ജനാധിപത്യാവകാശങ്ങൾ തിരികെ നൽകുമെന്നാണ് കരുതുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായിട്ടാണ് ഒരു സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിന് മുൻപൊരിക്കലും ഇത്തരത്തിൽ സംഭവിച്ചിട്ടില്ല. കേന്ദ്രഭരണപ്രദേശങ്ങൾ സംസ്ഥാനങ്ങളായി മാറാറുണ്ട്. എന്നാൽ സംസ്ഥാനങ്ങൾ കേന്ദ്രഭരണപ്രദേശങ്ങളായി മാറുന്നത് ഇതാദ്യമായാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
കോൺഗ്രസിന്റെ ഏറ്റവും പ്രധാനവാഗ്ദാനങ്ങളിൽ ഒന്ന് ജമ്മു, കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ ജനാധിപത്യാവകാശം തിരികെ നൽകുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. കോൺഗ്രസും ഇന്ത്യ സംഖ്യവും ചേർന്ന് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ പിടിച്ചുലച്ചു.മോദിയുടെ ആത്മവിശ്വാസത്തെ മാനസികപരമായി പ്രഹരമേൽപ്പിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വിദ്വേഷത്തിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തങ്ങൾ തുറന്നുവെന്ന് ജമ്മുകശ്മീരിലെ യുവതയോട് രാഹുൽ പറഞ്ഞു. വിദ്വേഷം കൊണ്ട് വിദ്വേഷത്തെ നേരിടാനാകില്ല.
സ്നേഹവും അനുകമ്പയും കൊണ്ട് വിദ്വേഷത്തെ നേരിടാനാകുമെന്നും നമ്മൾ ഒന്നിച്ച് നിന്ന് സ്നേഹം പടർത്തി വിദ്വേഷത്തെ ഇല്ലാതാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.