ന്യൂഡൽഹി: ബംഗ്ലദേശ് കലാപത്തിനു പിന്നിൽ വിദേശകരങ്ങളുണ്ടോയെന്ന സംശയം സർവകക്ഷിയോഗത്തിൽ ഉന്നയിച്ച് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ധാക്കയിലെ നാടകീയ സംഭവവികാസങ്ങൾക്കുപിന്നിൽ വിദേശശക്തികൾക്ക്, പ്രത്യേകിച്ച് പാക്കിസ്ഥാന് പങ്കുണ്ടോയെന്നതായിരുന്നു രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങളിലൊന്ന്.
ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ രാഹുലിന് മറുപടി നൽകി. ബംഗ്ലദേശിൽ കലാപം രൂക്ഷമാകുന്നത് പ്രതിഫലിക്കുന്ന തരത്തിൽ ഒരു പാക്കിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥൻ തുടരെത്തുടരെ സമൂഹമാധ്യമത്തിലെ മുഖചിത്രം മാറ്റിക്കൊണ്ടിരുന്നത് ശ്രദ്ധയിൽപ്പെട്ടതായും ഇക്കാര്യം അന്വേഷിക്കുന്നതായും സർക്കാർ വൃത്തങ്ങൾ യോഗത്തെ അറിയിച്ചതായി റിപ്പോർട്ടുണ്ട്.
ബംഗ്ലദേശിൽ പെട്ടെന്ന് സാഹചര്യം മാറിമറിഞ്ഞതിനു പിന്നാലെ പാക്കിസ്ഥാന്റെ കരങ്ങൾ ഇതിനു പിന്നിലുണ്ടെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. പാക്ക് ചാര ഏജൻസിയായ ഐഎസ്ഐയ്ക്കും ചൈനയ്ക്കും ഷെയ്ഖ് ഹസീന വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കുണ്ടെന്ന് ഇന്ത്യൻ ഇന്റലിജൻസ് വൃത്തങ്ങളും സംശയിക്കുന്നുണ്ട്.
ബംഗ്ലദേശിൽ ജമാ അത്തെ ഇസ്‌ലാമിയുടെ വിദ്യാർഥി സംഘടനയായ ഇസ്‌ലാമി ഛാത്ര ശിബിർ (ഐസിഎസ്) ആണ് സംവരണ വിരുദ്ധ പ്രക്ഷോഭത്തെ സർക്കാർ വിരുദ്ധ പ്രക്ഷോഭമാക്കി വഴിമാറ്റി വിട്ടതെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു. ഇന്ത്യ അനുകൂല നിലപാട് സ്വീകരിച്ചിരുന്ന ഷെയ്ഖ് ഹസീനയെ പുറത്താക്കി പാക്ക്–ചൈന ചായ്‌വ് പുലർത്തുന്ന ഭരണകൂടത്തെ പ്രതിഷ്ഠിക്കാനാണ് ഇതെന്നാണ് വിലയിരുത്തൽ. ഇന്ത്യാവിരുദ്ധ നിലപാടിന്റെ പേരിൽ കുപ്രസിദ്ധരാണ് ജമാ അത്തെ ഇസ്‌ലാമി.
ബംഗ്ലദേശിലെ അധികാരമാറ്റം ഇന്ത്യയിലുണ്ടാക്കുന്ന നയതന്ത്രപ്രശ്നങ്ങൾ കൈകാര്യം െചയ്യാനെടുത്ത ഹ്രസ്വ–ദീർഘകാല നടപടികളെക്കുറിച്ചും രാഹുൽ ഗാന്ധി ആരാഞ്ഞു. ധാക്കയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും എന്നാലേ അടുത്ത നടപടി തീരുമാനിക്കാനാകൂവെന്നും മന്ത്രി മറുപടി നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.