ധാക്ക: ബംഗ്ലദേശ് ചീഫ് ജസ്റ്റിസ് ഉബൈദുൾ ഹസൻ രാജിവച്ചു. വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്നാണ് രാജി. നിയമ, നീതിന്യായ, പാർലമെന്ററികാര്യ ഉപദേശകൻ പ്രഫ. ആസിഫ് നസ്റുൾ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബംഗ്ലദേശ് ബാങ്ക് ഗവർണർ അബ്ദുർ റൗഫ് തലൂക്ദറും രാജിവച്ചു. സെൻട്രൽ ബാങ്കിന്റെ ആസ്ഥാനത്ത് പ്രക്ഷോഭകാരികൾ പ്രതിഷേധിച്ചിരുന്നു.
‘‘ ബംഗ്ലദേശ് ചീഫ് ജസ്റ്റിസ് രാജിവച്ചു. അദ്ദേഹത്തിന്റെ രാജിക്കത്ത് നിയമവകുപ്പിലേക്ക് അയച്ചു. അത് ഒട്ടും കാലതാമസം കൂടാതെ തുടർനടപടികൾക്കായി പ്രസിഡന്റിന് അയയ്ക്കും.’’–ആസിഫ് നസ്റുൾ സമൂഹമാധ്യമത്തിലെ വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
ചീഫ് ജസ്റ്റിസിന്റെ രാജി മാത്രമാണ് ലഭിച്ചത് മറ്റുള്ളവരുടെ രാജി സംബന്ധിച്ച് അറിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 5 ജഡ്ജിമാർകൂടി രാജിവയ്ക്കുമെന്നാണ് പുറത്തു വരുന്ന വാർത്തകൾ. ചീഫ് ജസ്റ്റിസിന്റെയും ഏഴ് ജഡ്ജിമാരുടെയും രാജി ആവശ്യപ്പെട്ട് പ്രക്ഷോഭകാരികൾ ഹൈക്കോടതിക്കു മുന്നിൽ പ്രതിഷേധിച്ചിരുന്നു.
ഉച്ചയ്ക്കുശേഷം ചീഫ് ജസ്റ്റിസ് രാജിവച്ചതോടെ പ്രക്ഷോഭകാരികൾ പിരിഞ്ഞുപോയി. രാജിവയ്ക്കുന്നതിനു മുൻപ് ഉബൈദുൾ ഹസൻ ജഡ്ജിമാരുടെ ഫുൾ കോർട്ട് മീറ്റിങ് വിളിച്ചിരുന്നു. ഫുൾകോർട്ട് യോഗം വിളിച്ചതിനെ നീതിന്യായ സംവിധാനത്തിന്റെ അട്ടിമറിയായാണ് പ്രക്ഷോഭകാരികൾ കണ്ടത്.അവർ ഹൈക്കോടതി വളപ്പിൽ ഉപരോധ സമരം നടത്തി. പ്രക്ഷോഭത്തെ നയിക്കുന്ന വിദ്യാർഥി നേതാക്കൾ ചീഫ് ജസ്റ്റിസിന്റെ രാജി ആവശ്യപ്പെട്ടു. ഇതേതുടർന്ന് യോഗം നീട്ടിവച്ച ചീഫ് ജസ്റ്റിസ്, രാജി പ്രഖ്യാപിച്ചു.
നീതിന്യായ സംവിധാനത്തിന്റെ അന്തസ്സ് സംരക്ഷിക്കാൻ ചീഫ് ജസ്റ്റിസ് തന്റെ നിധി നിർണയിക്കണമെന്ന് നേരത്തെ നിയമ ഉപദേഷ്ടാവ് ആസിഫ് നസ്റുൾ വ്യക്തമാക്കിയിരുന്നു. വിദ്യാർഥികളുടെ ആവശ്യങ്ങളെ ചീഫ് ജസ്റ്റിസ് ബഹുമാനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.