ദില്ലി: ക്രിക്കറ്റ് കളിക്കിടെ കാണാതായ പന്ത് തിരഞ്ഞ് പോയ 13കാരൻ ഷോക്കേറ്റ് മരിച്ചു. ദില്ലിയിൽ ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. പശ്ചിമ ദില്ലിയിലെ കോട്ല വിഹാർ ഫേസ് 2 ലെ മൈതാനത്തായിരുന്നു 13കാരൻ സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിച്ചിരുന്നത്. മൈതാനത്തിന്റെ പരിസരത്തുള്ള ഗോശാലയുടെ സമീപത്തുണ്ടായിരുന്ന ഇരുമ്പ് തൂണിൽ നിന്ന് ഷോക്കേറ്റാണ് അപകടമുണ്ടായത്. ഗോശാലയിലേക്ക് കറന്റ് കണക്ഷൻ നൽകാനായി സ്ഥാപിച്ച തൂണിലാണ് 13കാരൻ പന്ത് തെരയുന്നതിനിടെ സ്പർശിച്ചത്.
കൂട്ടുകാരും സമീപവാസികളും ചേർന്ന് 13കാരനെ ഉടനെ തന്നെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലെത്തിച്ചെങ്കിലും കൗമാരക്കാരന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ സെക്ഷൻ 106(1) അനുസരിച്ച് പൊലീസ് കേസ് എടുത്തിട്ടുണ്ട്.
കഴിഞ്ഞ മാസം സമാനമായ മറ്റൊരു സംഭവത്തിൽ 12കാരൻ ദക്ഷിണ ദില്ലിയിൽ കൊല്ലപ്പെട്ടിരുന്നു. ദക്ഷിണ ദില്ലിയിലെ ബിൻഡാപൂരിൽ ട്യൂഷൻ ക്ലാസ് കഴിഞ്ഞ് പോയ 12കാരനാണ് ഷോക്കേറ്റ് മരിച്ചത്. ജൂലൈ 31ായിരുന്നു സംഭവം. സമാനമായ മറ്റൊരു സംഭവത്തിൽ ദില്ലിയിലെ മിതാപൂരിൽ 28കാരൻ വീട്ടിൽ ഷോക്കേറ്റ് മരിച്ചിരുന്നു.
തുടർച്ചയായി ഉണ്ടാകുന്ന ഷോക്കേറ്റ് മരണങ്ങൾക്ക് പിന്നാലെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ദില്ലി സർക്കാരിന് നോട്ടീസ് നൽകിയിരുന്നു. ദില്ലി പൊലീസ് കമ്മീഷണർ അടക്കമുള്ളവരിൽ നിന്നാണ് മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടിയത്.
പ്രാദേശിക ഭരണകൂടങ്ങളുടെ അനാസ്ഥയാണ് അപകട കാരണമെന്നാണ് അധികൃതർ വിശദമാക്കുന്നത്. ഇത് ആശങ്കയ്ക്ക് വക നൽകുന്നതാണെന്നാണ് റിപ്പോർട്ടിനേക്കുറിച്ച് മനുഷ്യാവകാശ കമ്മീഷൻ വിശദമാക്കിയത്. നേരത്തെ ഷോക്കേറ്റുള്ള അപകടങ്ങളിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 7.5 ലക്ഷം രൂപയും 60 ശതമാനത്തിലേറെ പരിക്കേറ്റവർക്ക് 5 ലക്ഷം രൂപയുമാണ് ദില്ലിയിലെ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.