ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് സമുദ്രാന്തര കേബിള്‍ ലൈനുകള്‍ വരുന്നു. ഇവ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയുടെ ഇന്റര്‍നെറ്റ് ശേഷി നാലിരട്ടിയിലധികം വര്‍ദ്ധിക്കും.
2024 ഒക്ടോബറിനും 2025 മാര്‍ച്ചിനും ഇടയില്‍ ഇവ സജീവമാകുമെന്നാണ് പ്രതീക്ഷ. ഇതിനോട് അനുബന്ധിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഓഗസ്റ്റ് അവസാനവും സെപ്റ്റംബർ ആദ്യ ദിവസങ്ങളിലും രാജ്യത്ത് നെറ്റ് വർക്കിങ്ങിൽ സാങ്കേതിക തടസങ്ങൾ നേരിയ തോതിൽ അനുഭവപ്പെട്ടേക്കാം എന്നും റിപ്പോർട്ടുകൾ ഉണ്ട്.
ആഫ്രിക്ക പേള്‍സ്, ഇന്ത്യ-ഏഷ്യ-എക്സ്പ്രസ് (IAX), ഇന്ത്യ-യൂറോപ്പ്-എക്സ്പ്രസ് (IEX) എന്നീ പദ്ധതികള്‍ വേഗതയേറിയ ഡിജിറ്റല്‍ കണക്ടിവിറ്റി ഉറപ്പുനല്‍കുന്നു.
സമുദ്രത്തിനടിയിലൂടെ വന്‍കരകളെ ബന്ധിപ്പിക്കുന്ന ശക്തിയേറിയ ഒപ്റ്റിക്കല്‍ കേബിളുകളാണ് സബ് മറൈന്‍ കേബിളുകള്‍.
ആഗോള തലത്തില്‍ അതിവേഗ ഡാറ്റാ കൈമാറ്റം സാധ്യമാക്കുന്നതിന് വേണ്ടിയാണിവ ഉപയോഗിക്കുന്നത്. 45,000 കിലോമീറ്ററിലധികം വ്യാപിച്ച് കിടക്കുന്ന 2ആഫ്രിക്ക പേള്‍സ് കേബിള്‍ സംവിധാനം ലോകത്തിലെ തന്നെ ഏറ്റവും വലിയ സമുദ്രാന്തര കേബിള്‍ സംവിധാനമായിരിക്കും.
ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിലെ 33 രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സംവിധാനം വഴി 180 ടെറാബൈറ്റ് ഡാറ്റ കൈമാറാന്‍ സാധിക്കും. ഭാരതി എയര്‍ടെലിന്റെ മുംബൈയിലുള്ള ലാന്‍ഡിംഗ് സ്റ്റേഷനാണ് അവയിലൊന്ന്.
ഭാരതി എയര്‍ടെല്‍, മെറ്റാ തുടങ്ങിയ കമ്പനികളുടെ നിക്ഷേപത്തിലാണ് ഈ പദ്ധതി. റിലയന്‍സ് ജിയോയുടെ പിന്തുണയോടെയാണ് ഇന്ത്യ-ഏഷ്യ-എക്സ്പ്രസ് (IAX), ഇന്ത്യ-യൂറോപ്പ്-എക്സ്പ്രസ് (IEX) കേബിളുകള്‍ സംവിധാനങ്ങള്‍ സജ്ജമാകുക.
200 ടെറാബൈറ്റ് ഡാറ്റ കൈമാറാന്‍ ശേഷി ഇതിനുണ്ടാകും. മുംബൈ, സിംഗപൂര്‍, മലേഷ്യ, തായ്ലാന്ഡ്, ശ്രീലങ്ക എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ഈ കേബിള്‍ ശൃംഖലയ്ക്ക് 16,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്.
നിലവില്‍ 17 അന്താരാഷ്ട്ര സമുദ്രാന്തര്‍ കേബിളുകള്‍ ഇന്ത്യയിലെ അഞ്ച് നഗരങ്ങളിലായി 14 സ്റ്റേഷനുകളില്‍ എത്തിച്ചേരുന്നുണ്ട്. ഇവയുടെ പരമാവധി ഡാറ്റാ കൈമാറ്റ ശേഷി സെക്കന്റില്‍ 138.55 ടിബിയും ആക്ടിവേറ്റഡ് കപ്പാസിറ്റി സെക്കന്റില്‍ 111.11 ടിബി ആണ്.
പുതിയ സംവിധാനം യാഥാര്‍ത്ഥ്യമാകുന്നതോടെ 5G വീഡിയോ സ്ട്രീമിംഗ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (IoT) ഉപകരണങ്ങള്‍, AI- അടിസ്ഥാനമാക്കിയുള്ള സേവനങ്ങള്‍, ക്ലൗഡ് കമ്പ്യൂട്ടിംഗ് പോലുള്ളവ ഞൊടിയിടയില്‍ ഉപയോഗിക്കാനാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.