മാലെ : ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ യു.പി.ഐ ( യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസ് ) മാലെദ്വീപിൽ അവതരിപ്പിക്കും. വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറിന്റെയും മാലെദ്വീപ് വിദേശകാര്യ മന്ത്രി മൂസാ സമീറിന്റെയും സാന്നിദ്ധ്യത്തിൽ ഇരുരാജ്യങ്ങളും ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പിട്ടു.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ചയാണ് ജയ്‌ശങ്കർ മാലെദ്വീപിലെത്തിയത്. മാലെദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ചൈനീസ് അനുകൂലിയായ മുയിസുവിന്റെ ഇന്ത്യാ വിരുദ്ധ നിലപാടുകൾ ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്രബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു.
ജയ്‌ശങ്കറുമായി കൂടിക്കാഴ്ച നടത്താനായതിൽ സന്തോഷമുണ്ടെന്നും ഇന്ത്യൻ സർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തങ്ങൾക്ക് നൽകുന്ന പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും മുയിസു പറഞ്ഞു.
മാലെദ്വീപിലെ 28 ദ്വീപുകളിലായി ഇന്ത്യയുടെ 923 കോടി രൂപ ധനസഹായത്തോടെ നടപ്പാക്കുന്ന ബൃഹത്തായ ജലശുചീകരണ പദ്ധതിയും ഇരുവരും തമ്മിലെ കൂടിക്കാഴ്ചയ്ക്കിടെ അവതരിപ്പിച്ചു. ഇന്ത്യയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ജയ്‌ശങ്കർ നിർവഹിച്ചു.
കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇതിന് മുമ്പ് ജയ്‌ശങ്കർ മാലെദ്വീപ് സന്ദർശിച്ചത്. സമുദ്രാതിർത്തിയിൽ ഏറെ ശ്രദ്ധ നൽകുന്ന ഇന്ത്യയ‌്ക്ക് മാലെദ്വീപ് പോലുള്ള അയൽ രാജ്യവുമായി ഊഷ്‌മള ബന്ധം നിലനിറുത്തേണ്ടത് അതീവ പ്രാധാന്യമേറിയ കാര്യമാണ്. സാഗർ പോലുള്ള പദ്ധതികൾക്ക് ഇത് അത്യന്താപേക്ഷതിവുമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ നിരവധി മാലെദ്വീപ് മന്ത്രിമാർ പരിഹസിച്ചതിനെത്തുടർന്നാണ് കഴിഞ്ഞ വർഷം നവംബർ മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്. മുയിസുവിന്റെ ചൈന അനുകൂല ചായ്‌വുകൾക്കും, മാലെദ്വീപ് വിടാൻ ഇന്ത്യൻ സൈനികരോടുള്ള ഉത്തരവുകളും ഇതിന് ആക്കം കൂട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.