മുംബൈ: ഇന്ത്യന്‍ റെയില്‍വേയിലെ സ്റ്റേഷന് ജീവനക്കാര്‍ക്ക് ബയോമെട്രിക് ഹാജര്‍ മെഷീനുകളോ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനമോ ഏര്‍പ്പെടുത്താനൊരുങ്ങി റെയില്‍വേ ബോര്‍ഡ്.
ഓവര്‍ടൈം ക്ലെയിമുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും തട്ടിപ്പും പരിഹരിക്കുകയെന്നതാണ് പുതിയ പരിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നത്. റെയില്‍വേയിലെ 17 സോണുകളിലേയും ജനറല്‍ മാനേജര്‍മാര്‍ക്ക് ഇത് സംബന്ധിച്ച് സര്‍ക്കുലറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.
സ്റ്റേഷന് മാസ്റ്റര്‍മാര്‍ക്കിടയിലെ ഡ്യൂട്ടി കൈമാറ്റം, ഓവര്‍ടൈം ക്ലെയിമുകളിലെ ക്രമക്കേടുകള്‍ എന്നിവയെക്കുറിച്ച് വിജിലന്‍സ് ഡയറക്ടറേറ്റ് ആശങ്ക ഉന്നയിച്ചതോടെയാണ് മാറ്റം നിലവില്‍വരുന്നത്.
എല്ലാ സ്റ്റേഷന് ജീവനക്കാരുടെയും ഹാജര്‍ രേഖകള്‍ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് രേഖപ്പെടുത്തുകയും അവയെ ഓവര്‍ടൈം അലവന്‍സ് ക്ലെയിമുകളുമായി ബന്ധിപ്പിക്കുകയും വേണമെന്ന് കേന്ദ്ര വിജിലന്‍സ് കമ്മിഷന് ശുപാര്‍ശ ചെയ്തിരുന്നു.
ഓവര്‍ടൈം സംബന്ധിച്ചുള്ള തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ പുതിയ രീതി സഹായകമാകുമെന്നാണ് ബോര്‍ഡ് വിലയിരുത്തല്‍. എന്നാല്‍ ബയോമെട്രിക് ഹാജര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതില്‍ ഒരു വിഭാഗം ജീവനക്കാരുടെ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്.
ചില സ്റ്റേഷനുകളിലെ സ്റ്റേഷന്മാസ്റ്റര്മാര് ഇതിനോടകം ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഓവര്‍ടൈം ക്ലെയിമുകളുടെ കേസുകള്‍ വളരെ കുറവാണെന്നും ക്രമക്കേടുകള്‍ ഉണ്ടെങ്കില്‍ അത് ഓരോ കേസിന്റെ അടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യണമെന്നുമാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.
പുതിയ നിര്‍ദേശം നടപ്പിലായാല്‍ അത് റെയില്‍വേയ്ക്ക് അധിക സാമ്പത്തിക ബാദ്ധ്യത വരുത്തിവയ്ക്കുമെന്നും ചില സോണുകളിലെ സ്റ്റേഷന്മാസ്റ്റര്മാര് അഭിപ്രായപ്പെടുന്നു. 'പല സ്റ്റേഷന് മാസ്റ്റര്‍മാരും എട്ട് മണിക്കൂറിലധികം ജോലി ചെയ്യുന്നുണ്ടെങ്കിലും അധിക സമയം ക്ലെയിം ചെയ്യാറില്ല.
പുതിയ സംവിധാനം വഴി ഓവര്‍ടൈം ജോലി സമയം രേഖപ്പെടുത്തിയാല്‍ റെയില്‍വേ അതിന് പണം നല്‍കേണ്ടിവരും ഇത് ബോര്‍ഡിന് പ്രതികൂലമായി മാറിയേക്കാം'- ഒരു സ്റ്റേഷന് മാസ്റ്റര്‍ ദേശീയ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.